Image

പ്രളയത്തെ നേരിട്ട കേരളത്തിന്‍റെ അതിജീവന കഥ പറഞ്ഞ്‌ ഡിസ്‌ക്കവറി ചാനല്‍

Published on 09 November, 2018
പ്രളയത്തെ നേരിട്ട കേരളത്തിന്‍റെ അതിജീവന കഥ പറഞ്ഞ്‌ ഡിസ്‌ക്കവറി ചാനല്‍
തിരുവനന്തപുരം: ഒറ്റക്കെട്ടായി ചങ്കുറപ്പോടെ പ്രളയത്തെ നേരിട്ട കേരളത്തിന്‍റെ കഥ പറഞ്ഞ്‌ ഡിസ്‌ക്കവറി ചാനല്‍. 'കേരള ഫ്‌ളഡ്‌സ്‌ ദി ഹ്യൂമണ്‍ സ്‌റ്റോറി' കേരളത്തിന്‍റെ ധൈര്യത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥയാണ്‌.

ദുരിതത്തില്‍ പെട്ടവരുടെ അതിജീവന കഥകളും, രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികള്‍ നീട്ടിയ സഹായ ഹസ്‌തങ്ങള്‍, സന്നദ്ധ സംഘടനകളിലുള്ളവര്‍ക്കൊപ്പം കൈമെയ്യ്‌ മറന്ന്‌ പണിയെടുത്ത സിനിമാ താരങ്ങള്‍, അങ്ങനെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക്‌ നീട്ടിയ കൈകളെ പിടിച്ചു കയറ്റിയ നിരവധി പേരെ ഈ ഡോക്യമെന്ററിയിലൂടെ ഡിസ്‌കവറി ചാനല്‍ പരിചയപ്പെടുത്തുന്നുണ്ട്‌.

നവംബര്‍ 12ന്‌ രാത്രി ഒമ്പത്‌ മണിക്കായിരിക്കും ഡിസ്‌കവറി ചാനലില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനാണ്‌ ഓഗസ്റ്റ്‌ 15 മുതല്‍ കേരളം സാക്ഷിയായത്‌. 11 ദിവസത്തിലധികം നീണ്ടു നിന്ന മഴ 40,000 കോടി രൂപയുടെ നഷ്ടമാണ്‌ ഉണ്ടാക്കിയത്‌.

ഈ ഡോക്യുമെന്ററിയിലൂടെ എല്ലാം തകര്‍ന്നുവെന്ന്‌ അറിയാമായിരുന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ല എന്നമട്ടില്‍ നിവര്‍ന്ന്‌ നിന്ന്‌ പോരാടിയ കേരളത്തെ ലോകത്തിന്‌ മുന്നില്‍ പരിചയപ്പെടുത്തുക എന്നതാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ഡിസ്‌കവറി ചാനലിന്‍റെ വൈസ്‌ പ്രസിഡന്റ്‌ ആന്‍ഡ്‌ ഹെഡ്‌ സുല്‍ഫിയ വാരിസ്‌ പറഞ്ഞു.

സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര വലിയ ദുരന്തമാണ്‌ ഈ വര്‍ഷം കേരളം നേരിട്ടത്‌. എന്നാല്‍ എങ്ങനെയാണ്‌ തകര്‍ച്ചയെ അതിജീവിച്ചതെന്നും സ്വയം കെട്ടിപ്പടുത്തതെന്നും കാണാനുള്ള സമയമായിട്ടുണ്ട്‌. തോറ്റുപോകാത്തെ കേരളത്തിന്‍റെ കഥയാണ്‌ ഞങ്ങള്‍ പറയുന്നത്‌,' സുല്‍ഫിയ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക