Image

മലാവി പ്രസിഡന്റ് മുത്താരികയുടെ മരണം സ്ഥിരീകരിച്ചു

Published on 07 April, 2012
മലാവി  പ്രസിഡന്റ് മുത്താരികയുടെ മരണം  സ്ഥിരീകരിച്ചു

ലിലോംഗ്‌വേ: രാജ്യത്തിന്റെ പ്രസിഡന്റ് അന്തരിച്ചതായി മലാവി സ്ഥിരീകരിച്ചു. 24 മണിക്കൂര്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. ക്യാബിനറ്റ് സെക്രട്ടറി ബ്രൈറ്റ് എംസാകയാണ് സ്റ്റേറ്റ് റേഡിയോയിലൂടെ പ്രസിഡന്റ് ബിംഗു വാ മുത്താരികയുടെ മരണം സ്ഥിരീകരിച്ചത്. രാജ്യത്ത് 10 ദിവസത്തെ ദു:ഖാചരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൃദയാഘാതത്തെ തുടര്‍ന്ന് മുത്താരിക മരിച്ചതായി ആശുപത്രി വൃത്തങ്ങളെയും മന്ത്രിമാരെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. രാജ്യത്ത് ഭരണ പ്രതിസന്ധി സൃഷ്ടിക്കാനാണ് വാര്‍ത്തയെന്നും അഭ്യൂഹം പരന്നിരുന്നു.

മുത്താരികയ്ക്ക് 78 വയസായിരുന്നു. സാമ്പത്തിക വിദഗ്ധനായിരുന്ന അദ്ദേഹം ലോകബാങ്കിന്റെ പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക തിരിമറിയും സ്വേച്ഛാധിപത്യവും ആരോപിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി മുത്താരികയ്‌ക്കെതിരേ രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. 2004 ലെ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം മലാവിയുടെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. 2009 ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഭരണഘടനപ്രകാരം വൈസ് പ്രസിഡന്റ് ജോയിസ് ബാന്ദയാണ് ഇനി പ്രസിഡന്റാകേണ്ടത്. എന്നാല്‍ 2010 ല്‍ താനുമായി തെറ്റിയ ജോയിസ് ബാന്ദയെ മുത്താരിക തന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തന്റെ സഹോദരനും വിദേശകാര്യമന്ത്രിയുമായ പീറ്റര്‍ മുത്താരികയെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മുത്താരികയുടെ അന്ത്യമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക