Image

കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ (ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 07 November, 2018
കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ (ബാബു പാറയ്ക്കല്‍)
കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം രാത്രിയുടെ മറവില്‍ ആര്‍ത്തലച്ചെത്തിയിട്ടും കേരളം കുലുങ്ങിയില്ല. ജാതിമത വ്യത്യാസമില്ലാതെ ജനങ്ങള്‍ കൈകോര്‍ത്തു പിടിച്ചു കുത്തൊഴുക്കില്‍ നിന്നും സുരക്ഷിതമായി കരകയറി. എന്നാല്‍ ആര്‍ത്തവമുള്ള സ്ത്രീകളെ ചൊ്ല്ലി ഒരിക്കല്‍പോലും ആര്‍ത്തവം എന്തെന്ന് അനുഭവിച്ചിട്ടില്ലാത്ത ജനം തമ്മില്‍ തല്ലികലഹിക്കുന്നു. സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താം എന്നു ഭാരതത്തിന്റെ പരമോന്നത നീതിപീഠം വിധിച്ചപ്പോള്‍ ലിംഗ വിവേചനം നിര്‍ത്തലാക്കിയ സുപ്രീം കോടതിയെ അഭിനന്ദിച്ച് രാഷ്ട്രീയ നേതാക്കള്‍ രംഗത്തു വന്നു. യുവതികളായ സ്ത്രീകള്‍ക്കു ശബരിമല അയ്യപ്പനെ ദര്‍ശിക്കാനുള്ള ഭാഗ്യം കൈവരാനുള്ള കാരണം ഞങ്ങളുടെ കൂടി ശ്രമമാണെന്ന വിധത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്താവനകളിറക്കി. ആദ്യം തന്നെ ആര്‍.എസ്.എസ്. നേതൃത്വം ഇതിനെ അഭിനന്ദിച്ചു. ബി.ജെ.പി.യും കോണ്‍ഗ്രസും ഒട്ടും സമയം പാഴാക്കാതെ മുമ്പോട്ടു വന്ന് പിന്തുണ അറിയിച്ചു. സി.പി.എം. അതിനു പുറകെയായി എത്തി. എല്ലാവര്‍ക്കും സന്തോഷം!

അല്പം കഴിഞ്ഞപ്പോഴാണ് ബി.ജെ.പി.ക്കു ബുദ്ധിയുദിച്ചത്. കേരളത്തില്‍ നൂറ്റാണ്ടുകളായി നിലനിന്നുവന്ന അയിത്തവും അനാചാരങ്ങളും ഓരോന്നായി നിര്‍ത്തലാക്കിയതില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്നതു ചരിത്ര സത്യമാണ്. അപ്പോള്‍ ഇതും അവര്‍ക്ക് തൊപ്പിയില്‍ ഒരു തൂവല്‍ കൂടെയാകുമല്ലോ. അതു പാടില്ല. ഉടന്‍ തന്നെ അവരുടെ ചാണക്യബുദ്ധിയില്‍ ഇതിന്റെ ഗുണം തങ്ങള്‍ക്കനുകൂലമാക്കാന്‍ ഉപായം മെനഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതു വഴി വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കു വിലങ്ങു തടിയാണ് സര്‍ക്കാര്‍ നടപടി സൃഷ്ടിക്കുന്നതെന്നും എന്നും ഞങ്ങള്‍ വിശ്വാസികളുടെ കൂടെയാണെന്നും ബി.ജെ.പി. പ്രസ്താവിച്ചു. കേന്ദ്രത്തില്‍ ബി.ജെ.പി. വിധിയെ അനുകൂലിച്ചെങ്കിലും കേരളഘടകം എതിര്‍ത്തു. പിന്നീട് ആര്‍.എസ്.എസും നിലപാടുമാറ്റി. ജനങ്ങളെ തെരുവിലിറക്കി സമയം ആരംഭിച്ചു. ഇതു കണ്ട കോണ്‍ഗ്രസ് പാര്‍ട്ടി പിന്നെ സമയം പാഴാക്കിയില്ല. അവര്‍ ഉടനെ തന്നെ 'വിശ്വാസികള്‍ക്ക്' ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നിട്ടിറങ്ങി. മേനകയുടെ മാദകത്വം കണ്ടു തപസ് ഉപേക്ഷിച്ച മഹര്‍ഷിയെപ്പോലെ യുവതികളെ കണ്ടാല്‍ അയ്യപ്പന് അസുഖകരമായ ചിന്തയുണ്ടാകുമെന്നും ചൈതന്യം നഷ്ടപ്പെടുമെന്നും തന്ത്രിയെക്കൊണ്ടു പറയിപ്പിച്ചു.

ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം മരുഭൂമിയില്‍ മരുപ്പച്ച കണ്ട ഒട്ടകത്തെപ്പോലെയായി. വീണുകിട്ടിയ അവസരം മുതലാക്കി പ്രക്ഷോഭം നാടുമുഴുവന്‍ ഇളക്കിവിട്ടാല്‍ രണ്ടാണു ഗുണം. മന്ത്രിസഭ മറിച്ചിടാനും മുഖ്യ ശത്രുവായ സി.പി.എം ന്റെ ശക്തികാര്യമായി ക്ഷയിപ്പിക്കാനും സാധിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇപ്പോള്‍ കേരളത്തില്‍ അവര്‍ ഭയപ്പെടുന്നുമില്ല. കാരണം കഴിഞ്ഞ 68 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയധികം കോണ്‍ഗ്രസ് പാര്‍ട്ടി ജനപിന്തുണയില്ലാതെ വന്നിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആര്‍.എസ്.എസ്. അനുഭാവിയാണെന്നുള്ള പ്രചാരണം വിശ്വസിക്കാത്തവര്‍പോലും ചില കാര്യങ്ങളില്‍ ബി.ജെ.പി.യുമായി ചേര്‍ന്നുപോകുന്നതു കാണുമ്പോള്‍ വീണ്ടും ചിന്തിക്കും. തമ്മില്‍തല്ലും തൊഴുത്തില്‍കുത്തും അവരുടെ ജന്മവാസന കൂടിയാകുമ്പോള്‍ കോണ്‍ഗ്രസിന്റെ ഭാവി ചിന്തിക്കാവുന്നതേയുള്ളൂ.
സ്ത്രീകളും മറ്റു മനുഷ്യരെപ്പോലെ ഈശ്വരസൃഷ്ടിയാണെന്നും ആര്‍ത്തവം സ്ത്രീകള്‍ക്കു നല്‍കിയിരിക്കുന്ന ഈശ്വരകൃപയാണെന്നും ഭഗവാന്റെ അവതാരമായ അയ്യപ്പന് യുവതികളെ കണ്ടാല്‍ ഒലിച്ചു പോകുന്ന തേജസ്സല്ല ഉളളതെന്നും വിശ്വസിക്കാത്ത 'വിശ്വാസികള്‍' അയ്യപ്പനെ സംരക്ഷിക്കാന്‍ ഇറങ്ങുമ്പോഴാണ് ഇതു രാഷ്ട്രീയ മുതലെടുപ്പിനു മാത്രമാണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നത്. മതം പോലെ മനുഷ്യനെ സ്വാധീനിക്കുന്ന മറ്റൊരു ശക്തിയില്ല. മനുഷ്യന്‍ മതത്തിനു വേണ്ടിയല്ല, മതം മനുഷ്യനുവേണ്ടിയാണെന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഇവര്‍ ജനങ്ങളെ അനുവദിക്കയില്ല.

ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ക്ക് ജനത നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ഏററവും നല്ല മാര്‍ഗ്ഗം മതത്തിന്റെയോ ജാതിയുടെയോ ഒരു വിഷയം എടുത്തിട്ടുകൊടുത്താല്‍ മതി. പട്ടി എല്ലിന്‍കഷ്ണത്തിന്റെ പുറകെ പോകുന്നതുപോലെ ബാക്കിയെല്ലാം മറന്ന് ഈ വിഷയം ഏറ്റെടുത്തുകൊണ്ടും. പ്രളയക്കെടുതിയില്‍ നാടിനുനഷ്ടമായത് 500 കോടി. ബാക്കി തുക കണ്ടെത്തണം. നഷ്ടപ്പെട്ടുപോയ വീടുകള്‍ പുനരുദ്ധരിക്കണം. മത്സ്യത്തൊഴിലാളികളുടെ കേടായ ബോട്ടുകള്‍ പ്രവര്‍ത്തന സജ്ജമാക്കണം. പ്രളയബാധിത പ്രദേശങ്ങളില്‍ മുന്‍കരുതലെടുക്കണം. മുന്നറിയിപ്പു സംവിധാനമുണ്ടാകണം. നവകേരള സൃഷ്ടിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തണം. ഈ വിഷയങ്ങളൊക്കെ വിട്ടിട്ട് ശബരിമലയില്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ പ്രവേശിക്കാമോ എന്ന വിഷയത്തിനു പ്രാധാന്യം നല്‍കുന്ന നേതാക്കന്മാരും അവര്‍ക്ക് കുടപിടിച്ച് വിശ്വാസികള്‍ എന്ന പേരില്‍ കൂടെ കൂടുന്ന സാമൂഹ്യബോധമില്ലാത്ത ജനങങളും ഒരു കാര്യം ഓര്‍ക്കുന്നതു നന്ന്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ചെകുത്താന്‍മാരായ ചെന്നായ്ക്കളുടെ തനിനിറം സാക്ഷാല്‍ വിശ്വാസികളായ ജനങ്ങള്‍ താമസിയാതെ തിരിച്ചറിയും. ആദ്യം മനുഷ്യര്‍ക്കു ഭക്ഷണവും പാര്‍പ്പിടവും ലഭിക്കട്ടെ. അതുകഴിഞ്ഞു പോരേ അമ്പലവും പള്ളിയുമൊക്കെ? മൂല്യങ്ങള്‍ക്കു വിലകല്‍പ്പിക്കാത്ത മതനേതാക്കന്മാരും തത്വഭീക്ഷണിയില്ലാത്ത രാഷ്ട്രീയക്കാരും കച്ചവട മനസ്ഥിതി മാത്രമുള്ള മാധ്യമപ്രവര്‍ത്തകരും ഒരു ജനതയെ നയിക്കുമ്പോള്‍ നമുക്ക് ഒന്നേ ചെയ്യുവാനുള്ളൂ. അടുത്ത പ്രളയത്തിനുവേണ്ടി കാത്തിരിക്കാം.

കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ (ബാബു പാറയ്ക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2018-11-07 08:22:38
ഞെട്ടിക്കുന്ന സത്യങ്ങൾ  ആക്ഷേപ ഹാസ്യ 
മേമ്പടി ചേർത്ത് പറയുന്ന ശൈലി ശ്രീ പാറക്കൽ 
വിദഗ്ധമായി ഉപയോഗിക്കാറുണ്ട്. "നമുക്ക് അടുത്ത 
പ്രളയത്തിനായ് കാത്തിരിക്കാം."ദൈവം സത്യമാണ് 
പ്രതിമയല്ലെന്ന് മനസ്സിലാക്കാത്തവർ നീന്തൽ 
പഠിക്കട്ടെ. ചില രാഷ്ട്രീയക്കാരും അവരുടെ ചട്ടുകങ്ങളും 
നാട്  നശിപ്പിക്കാനിറങ്ങിയിരിക്കയാണെന്ന് സാധാരണ 
ജനങ്ങളും മനസ്സിലാക്കുന്നില്ല. അമേരിക്കൻ മലയാളികൾ 
നവ കേരളം നിർമ്മാണത്തിന് സഹായം ചെയ്യാതെ 
പ്രതിഷേധം അറിയിക്കണം. ഫോട്ടോയും പേരും 
വരാൻ വേണ്ടി എന്തിനു അദ്ധ്വാനത്തിന്റെ 
ഫലം കലക്കവെള്ളത്തിൽ ഒഴുക്കുന്നു. ശ്രീ പാറക്കൽ 
ഇങ്ങനെ ധീരതയോടെ എഴുതിയതിനു അഭിനന്ദനം.

യുവതികൾ സന്നിധാനത്തിൽ എത്തിയാൽ 
അയ്യപ്പൻ കോപിക്കുമെന്നു പാവം ജനം വിശ്വസിക്കുന്നു. 
പ്രളയം വരുത്തിയത് അങ്ങേരാണെന്നു വിശ്വസിക്കുന്നു. 
ഇഷ്ടമില്ലാത്തത് ചെയ്‌താൽ ഉപദ്രവിക്കുന്ന ദേവനാണ് അയ്യപ്പൻ എന്ന്  
ജനം  വിശ്വസിക്കുന്നു.  കപട ഭക്തികൊണ്ട് കണ്ണും ചെവിയും 
ബുദ്ധിയും നഷ്ടപ്പെട്ടാൽ ഇങ്ങനെ വരും. കെ.എസ.
ആർ. ടി. സി ബസ്സുകളെ കല്ലെറിഞ്ഞ ഒന്നേകാൽ 
കോടിയുടെ നഷ്ടമുണ്ടാക്കി. പകുതി ജനവും 
നികുതി കൊടുക്കാത്തത് കൊണ്ട് അവർക്ക് 
അതിൽ ഖേദമില്ല. 
Stevanson 2018-11-16 21:01:21
Very nice article Babuchaya.  Keep it up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക