Image

സന്നിധാനത്തെത്തിയ സ്‌ത്രീയ്‌ക്ക്‌ നേരെ തേങ്ങ എറിയാന്‍ ശ്രമിക്കുന്ന അക്രമിയുടെ ചിത്രം പുറത്ത്‌

Published on 07 November, 2018
സന്നിധാനത്തെത്തിയ സ്‌ത്രീയ്‌ക്ക്‌ നേരെ തേങ്ങ എറിയാന്‍ ശ്രമിക്കുന്ന അക്രമിയുടെ ചിത്രം പുറത്ത്‌
സന്നിധാനം: ശബരിമലയില്‍ പേരക്കുട്ടിയുടെ ചോറൂണിന്‌ എത്തിയ തൃശൂര്‍ മുളങ്കുന്നത്തുകാവ്‌ തിരൂര്‍ വട്ടക്കൂട്ട്‌ വീട്ടില്‍ ലളിതാ രവിയെ സന്നിധാനത്ത്‌ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ലളിതയ്‌ക്ക്‌ നേരെ തേങ്ങ എറിയാന്‍  ശ്രമിക്കുന്ന അക്രമിയുടെ  ചിത്രം പുറത്ത്‌.

പ്രതിഷേധക്കാര്‍ തടഞ്ഞ ലളിതയെ പൊലീസ്‌ വലയത്തില്‍ വലിയ നടപ്പന്തലില്‍ നിന്ന്‌ പുറത്തേക്ക്‌ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇവരെ ആക്രമിക്കാനായി ഇയാള്‍ തുനിഞ്ഞത്‌.

മറ്റുള്ള പ്രതിഷേധക്കാര്‍ ഇയാളെ എടുത്ത്‌ ഉയര്‍ത്തിക്കൊടുക്കുകയും ലളിതയ്‌ക്ക്‌ നേരെ ഇയാള്‍ തേങ്ങ കൊണ്ട്‌ എറിയുകയുമായിരുന്നു. എന്നാല്‍ തേങ്ങ ഇവര്‍ക്ക്‌ സംരക്ഷണ വലയം തീര്‍ത്ത പൊലീസിന്‌ മേലാണ്‌ പതിച്ചത്‌.

മലയാള മനോരമ ഫോട്ടോ ഗ്രാഫറായ നിഖില്‍ രാജാണ്‌ ഈ ചിത്രം പകര്‍ത്തിയത്‌.

അടിച്ചു കൊല്ലെടാ അവളെ, എന്ന്‌ ആക്രോശിച്ചായിരുന്നു സന്നിധാനത്ത്‌ 52കാരിയായ സ്‌ത്രീയ്‌ക്കെതിരെ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള തീവ്രഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ ചിലര്‍ എത്തിയത്‌.

വലിയ നടപ്പന്തലിലെത്തിയ സ്‌ത്രീകള്‍ക്കെതിരെ സംഘപരിവാര്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. കൊല്ലെടാ അവളെയെന്ന്‌ ആക്രോശിച്ചെത്തിയ ആക്രമികള്‍ക്കിടയില്‍ നിന്നും പൊലീസ്‌ പണിപ്പെട്ടാണ്‌ ലളിതയെ രക്ഷിച്ചെടുത്തത്‌.

പേരക്കുട്ടിയുടെ ചോറൂണിനെത്തിയ ലളിതാ രവി (52)യെ സന്നിധാനത്തു തടഞ്ഞത്‌ വലിയ സംഘര്‍ഷത്തിന്‌ വഴിവെച്ചിരുന്നു. പ്രതിഷേധത്തിനിടെ ഉന്തം തള്ളും അടിയും നടന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി.

പൊലീസ്‌ ഏറെ പണിപ്പെട്ടാണ്‌ ഇവരെ പ്രതിഷേധക്കാരുടെ ഇടയില്‍നിന്നു രക്ഷപ്പെടുത്തിയത്‌. സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേരെ പ്രതികളാക്കി പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.

മകന്‍ വിനീഷിന്റെ മകള്‍ വിനീതയുടെ ചോറൂണിന്‌ 19 അംഗ സംഘത്തോടൊപ്പം എത്തിയതായിരുന്നു ലളിത. കുഞ്ഞിന്റെ അമ്മ നീതു പമ്പയില്‍ തങ്ങിയശേഷം മറ്റുള്ളവരാണു മലകയറിയത്‌.

കുഞ്ഞുമായി സന്നിധാനം വലിയ നടപ്പന്തലില്‍ എത്തിയപ്പോള്‍, ലളിതയ്‌ക്കു പ്രായം കുറവാണെന്ന്‌ ചിലര്‍ക്കു തോന്നി. ഇതോടെ കൂട്ടശരണം വിളിയായി. ബാരിക്കേഡുകള്‍ ചാടിക്കടന്നു നിമിഷങ്ങള്‍ക്കുള്ളില്‍ ആര്‍.എസ്‌.എസ്‌ സംഘപരിവാര്‍ അനുകൂലികള്‍ നടപ്പന്തലില്‍ എത്തി.

ഇതിനിടെ ലളിതയ്‌ക്കൊപ്പം എത്തിയ മൃദുലിനു (23) മര്‍ദനമേറ്റു
സംഘര്‍ഷം കനത്തതോടെ പൊലീസ്‌ ലളിതയെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. അവിടെ രേഖകള്‍ പരിശോധിച്ചു. 52 വയസ്സുണ്ടെന്നു പൊലീസ്‌ സ്‌പെഷല്‍ ഓഫിസര്‍ വി.ശരത്‌ പ്രതിഷേധക്കാരെ അറിയിച്ചു.

എന്നാല്‍ ഇരുമുടിക്കെട്ട്‌ ഇല്ലെന്ന്‌ പറഞ്ഞ്‌ ഇവരെ പതിനെട്ടാം പടി കയറുന്നതില്‍ നിന്നും പ്രതിഷേധക്കാര്‍ വിലക്കിയിരുന്നു.

ചിത്രം കടപ്പാട്‌: മലയാള മനോരമ
Join WhatsApp News
josecheripuram 2018-11-07 18:28:07
Many years back we had fear of Tiger killing the "Ayappans".Now we have fear of men Killing women in "SABARI MALA".We have metal dictators now.In future we need Age dictators& Menses dictators& Lie dictators.May need helmet to protect your head from coconut blasts.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക