Image

ജര്‍മനിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍ ആഘോഷിച്ചു

Published on 06 November, 2018
ജര്‍മനിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍ ആഘോഷിച്ചു
 

കൊളോണ്‍: പരുമല തിരുമേനിയുടെ 116ാമത് ഓര്‍മ്മപ്പെരുനാള്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ കൊളോണ്‍  ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ബോണിലെ സെന്റ് ഹെഡ്വിഗ് ദേവാലയത്തില്‍ വിവിധ പരിപാടികളോടെ ഭക്തിപൂര്‍വം ആഘോഷിച്ചു.

നവംബര്‍ നാലിന് രാവിലെ പത്തിനു നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.അലക്‌സാണ്ടര്‍ ആഷു കാര്‍മികത്വം വഹിച്ചു. പരുമല തിരുമേനിയുടെ മാതൃകാപരവും പ്രാര്‍ത്ഥനാ പൂര്‍ണവുമായ ജീവിതം എല്ലാവരും മാതൃകയാക്കണമെന്നും അതിനായി ഒരോരുത്തരും സ്വന്തം ജീവിതം രൂപാന്തരപ്പെടുത്തുണമെന്നും വചനപ്രഘോഷണത്തില്‍ ഫാ.ആഷു ഓര്‍മ്മിപ്പിച്ചു. രോഗികള്‍ക്കും വാങ്ങിപ്പോയവര്‍ക്കും വേണ്ടി പ്രത്യേകം മധ്യസ്ഥപ്രാര്‍ത്ഥന, ധൂപപ്രാര്‍ത്ഥന, റാസ, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ചവിളന്പ് എന്നിവയ്ക്കു ശേഷം പാരീഷ് ഹാളില്‍ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

ആത്മീയ ശുശ്രൂഷകളില്‍ പങ്കുചേരാനും വിശുദ്ധന്റെ മദ്ധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികള്‍ എത്തിയിരുന്നു. 

ഇടവക സെക്രട്ടറി മാത്യൂസ് കാക്കനാട്ടുപറന്പില്‍, സിനോ തോമസ് (ട്രസ്റ്റി), രാജന്‍കുഞ്ഞ്, വി.എം ജോണ്‍, ബോസ് പത്തിച്ചേരില്‍, ജിത്തു കുര്യന്‍, കെ.വി. തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക