Image

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (അധ്യായം 8: ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 04 November, 2018
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (അധ്യായം 8: ആന്‍ഡ്രൂ പാപ്പച്ചന്‍)
ഋതുക്കള്‍ മാറിമാറിവന്നു. ജയിലില്‍ ആല്‍ഫ്രഡിന്റെ ദിനങ്ങള്‍ ഒന്നൊന്നായി കടന്നുപോയിക്കൊണ്ടിരുന്നു. ബെറ്റിയും ജാനറ്റും കൊച്ചുഡേവിഡും മാസത്തിലൊന്നെങ്കിലും ആല്‍ഫ്രഡിനെ കാണാനെത്തിക്കൊണ്ടിരുന്നു. വരുമ്പോള്‍ അവര്‍ക്ക് ഏറെ വിശേഷങ്ങള്‍ പരസ്പരം പങ്കുവെക്കാനുണ്ടാവും. ജയിലില്‍ പണിചെയ്ത് കിട്ടുന്ന പണം ആല്‍ഫ്രഡ് കരുതിവച്ചുകൊണ്ടിരുന്നു, വീട്ടിലേക്ക് തിരിച്ചുപോകുമ്പോഴേക്കും അത് നല്ലൊരുതുകയായി വീട്ടുകാര്‍ക്കുപകാരപ്പെടട്ടേയെന്നയാള്‍ കരുതി. ഒരുദിവസം ബെറ്റിവന്നപ്പോള്‍ മൂത്തമകള്‍ റൂബിയുമുണ്ടായിരുന്നു. ഇരുമ്പഴികള്‍ക്കുള്ളില്‍ കിടക്കുന്ന സഹോദരനെ കണ്ട് റൂബി വല്ലാതായി.
""എത്രയോ നാളുകളായി ചേച്ചീ നമ്മള്‍ കണ്ടിട്ട്. ഇത്തരമൊരു സ്ഥലത്തുവച്ച് ചേച്ചിയെ കാണേണ്ടിവന്നതിലെനിക്ക് വിഷമമുണ്ട്..'' രംഗത്തിന് അയവു വരുത്താനായി ആല്‍ഫ്രഡ് സംസാരം തുടങ്ങിയെങ്കിലും ആല്‍ഫ്രഡിന്റെ മിഴികളും നിറഞ്ഞു.
"" ഒടുവിലെന്നെ കാണാന്‍ ചേച്ചി വന്നല്ലോ.... എനിക്ക് സന്തോഷമായി. ഇത്രനാളെനിക്ക് നഷ്ടമായ സഹോദരസ്‌നേഹത്തിന്റെ ഊഷ്മളത ജീവിതത്തിലിനിയെങ്കിലും തുടര്‍ന്നുപോകാനാകണേ എന്നാണെന്റെ പ്രാര്‍ഥന. ഇടക്കാലത്ത് വെറുപ്പ് കുമിഞ്ഞുകൂടി ഞാനൊരു ദുഷ്ടനായിരുന്നു. അങ്ങനെയാ ഇവിടെവന്നുപെട്ടത്. ഞാനിപ്പോ എന്റെ ജീവിതത്തെ മാറ്റിയെടുത്തുകൊണ്ടിരിക്കുകയാ...പുസ്തകങ്ങള്‍ വായിച്ചും നല്ലതു ചെയ്തും. എന്റെ മനസിലെ വിദ്വേഷമെല്ലാം ഇല്ലാതായിക്കഴിഞ്ഞു. എനിക്കെന്റെ സഹോദരിമാര്‍ മൂന്നുപേരുടെയും സ്‌നേഹം വേണം. സഹോദരസ്‌നേഹത്തിന്റെ വില നമ്മള്‍ തിരിച്ചറിയാതെ പോയി. നമുക്ക് കഴിഞ്ഞതെല്ലാം മറന്നിനി ഒന്നിക്കാം.''
"" ആല്‍ഫ്രഡ്, എനിക്കെല്ലാം മനസിലാകുന്നുണ്ട്. മമ്മിയെന്നോടെല്ലാം പറഞ്ഞു. മോളിക്കും ജസിക്കും ഇന്നിവിടെ വരണമെന്നുണ്ടായിരുന്നു. എല്ലാര്‍ക്കുംകൂടിവിടെ ഒരുമിച്ചുവരാന്‍ അനുവാദം കിട്ടില്ലല്ലോ. അവരടുത്ത തവണ വന്നോളും. ഞാന്‍ ജാനറ്റിനേം കുഞ്ഞിനേം കണ്ടിരുന്നു. സംഭവിച്ചതൊക്കെയും നിന്റെയീ മാറ്റത്തിനുവേണ്ടിയായിരുന്നുവെന്ന് കരുതുക..''
""ഞാന്‍ ധാരാളം തെറ്റ ് ചെയ്തിട്ടുണ്ട് ചേച്ചീ. നിങ്ങളെമൂന്നിനേം ജാനറ്റിനെയും ഞാന്‍വെറുത്തു. മമ്മിയെ വേദനിപ്പിച്ചു. എന്നിട്ടും മമ്മിയുടെ സ്‌നേഹംകൊണ്ട് മാത്രമാ ഞാനിപ്പോഴും ഇങ്ങനെ കഴിയുന്നത്. നിങ്ങള്‍ മമ്മിയെ ഇടക്ക് പോയി കാണണം. മമ്മി വളരെ കഷ്ടപ്പെട്ടല്ലേ നമ്മളെ വളര്‍ത്തിയത്. അത് മറക്കരുത്. ചേച്ചീടെ മക്കളെത്രത്തോളമായി.? ..അവരെയൊന്നും ഞാന്‍ കണ്ടിട്ടില്ലല്ലോ.''
""എനിക്കൊരാണും ഒരു പെണ്ണും. മോളിക്ക് രണ്ട് പെണ്‍കുട്ടികള്‍. ജസിക്കൊരു മോനും. ഞങ്ങളെല്ലാം ഇവിടടുത്തൊക്കെ തന്നെയാ താമസം. പ്രശ്‌നങ്ങളൊക്കെ ശരിയാകുമാല്‍ഫ്രഡ്. നീ വിഷമിക്കാതിരിക്ക്. ഞാനിനി നിന്നെ കാണാനിടക്ക് വരാം. വര്‍ഷങ്ങള്‍ക്ക് ശേഷമല്ലേ നമ്മള്‍ കാണുന്നതും സംസാരിക്കുന്നതും. എനിക്കിവിടുന്ന് പോകാനേ തോന്നുന്നില്ല.'' അഞ്ചുമിനിറ്റ് കൂടി കഴിഞ്ഞപ്പോഴേക്കും ഗാര്‍ഡ് വന്ന് സന്ദര്‍ശനസമയം തീര്‍ന്നിരിക്കുന്നുവെന്നറിയിച്ചു.
റൂബി യാത്രപറഞ്ഞ് പിരിഞ്ഞു. പിന്നീടുള്ള സന്ദര്‍ശന ദിവസങ്ങളില്‍ മോളിയും ജസിയും ആല്‍ഫ്രഡിനെ കാണാനെത്തി. എല്ലാവര്‍ക്കും ആല്‍ഫ്രഡിനെയോര്‍ത്ത് വിഷമമുണ്ടായിരുന്നു. അവന്‍ വേഗം മോചിതനാകാന്‍ എല്ലാരും പ്രാര്‍ഥിച്ചു.
ആല്‍ഫ്രഡ് പുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരുന്നു. വിവിധ മതങ്ങളെകുറിച്ചുള്ള പുസ്തകങ്ങളായിരുന്നു ഏറെയും. ആദ്യവായനയില്‍ മനസിലാകാത്തത് വീണ്ടും വീണ്ടും വായിച്ചു. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാകാത്തതിനാല്‍ പലതും മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. വായിക്കുന്നതിനനുസരിച്ച് കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ് കൂടിക്കൊണ്ടിരുന്നു. ഇന്ത്യയില്‍ ഉദ്ഭവിച്ച ഹിന്ദുമതത്തെകുറിച്ചും ബുദ്ധമതത്തെകുറിച്ചും വായിച്ചറിഞ്ഞപ്പോള്‍ മനുഷ്യജീവിതത്തെകുറിച്ചും സഹനങ്ങളെകുറിച്ചും ഏറെ മനസിലാക്കാനായി.
മധ്യപൂര്‍വദേശത്ത് ഉദ്ഭവിച്ച ജൂതമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയെകുറിച്ച് പഠിക്കുന്നതിലായിരുന്നു പിന്നീട് ആല്‍ഫ്രഡ് ശ്രദ്ധിച്ചത്. ഈ മൂന്നുമതങ്ങളും വിശ്വാസങ്ങളിലും ചരിത്രത്തിലും സമാനതകള്‍ പങ്കിടുന്നുണ്ട്. വിശ്വാസപരമായി ഒരുകുടുംബത്തില്‍ നിന്നാണ് ഇവയുടെ ഉദ്ഭവമെന്ന് പറയാമെങ്കിലും ഇവതമ്മില്‍ പരസ്പരമുള്ള ബന്ധത്തെകുറിച്ച് പറഞ്ഞാല്‍ പല കുടുംബങ്ങളിലെയും അവസ്ഥതന്നെയാണിവിടെയും എന്ന് പറയേണ്ടിവരും. ബി സി 3000ത്തിലാണ് ജൂതമതം ഉടലെടുത്തത്. ക്രിസ്തുമതമാകട്ടെ ബി സി മൂന്നാം നൂറ്റാണ്ടിലും. ഏഴാം നൂറ്റാണ്ടിലായിരുന്നു ഇസ്ലാം മതത്തിന്റെ ഉദ്ഭവം. ലോകത്തിന്റെയും മനുഷ്യവര്‍ഗത്തിന്റെയും സൃഷ്ടാവും പരിപാലകനുമെന്ന നിലയില്‍ ഒരുദൈവമേയുള്ളൂവെന്ന് യഹൂദ, ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങള്‍ വിശ്വസിക്കുന്നു. ദൈവം ദയയുള്ളവനാണ്, തന്റെ സൃഷ്ടിവര്‍ഗങ്ങളെ ദൈവം പരിപാലിക്കുന്നു, നേരിട്ടുള്ള വെളിപാടുകളിലൂടെ ദൈവം തന്റെ ഇഷ്ടങ്ങള്‍ മനുഷ്യസമൂഹത്തെ അറിയിക്കുന്നു. ദൈവം മനുഷ്യനില്‍നിന്ന് നന്‍മ ആഗ്രഹിക്കുന്നു, നന്‍മചെയ്യുന്നവരെ അനുഗ്രഹിക്കുന്നു. തിന്‍മ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുന്നു.
യഹൂദമതം ക്രിസ്തുമതത്തിന്റെയും ഇസ്ലാംമതത്തിന്റെയും പിതൃസ്ഥാനത്താണന്ന് പറയാം. ക്രിസ്തുമതവും ഇസ്ലാം മതവും തുടങ്ങിയ കാലത്തെകുറിച്ച് വ്യക്തമായ രേഖകള്‍ ലഭ്യമാണ്. എന്നാല്‍ ജൂതമതത്തിന്റെ ആരംഭം എന്നായിരുന്നു എന്നതിന് രേഖകള്‍ ലഭ്യമല്ല. ക്രിസ്തുമതാരംഭത്തിനു മുമ്പുള്ള കാലഘട്ടത്തെയും ഇസ്ലാം മതാരംഭത്തിന് മുമ്പുള്ള കാലത്തെയും കുറിച്ച് വിവരങ്ങള്‍ ലഭ്യമാണ്. ഈ മൂന്നു മതങ്ങളുടെയും ചരിത്രം തുടങ്ങുന്നത് അബ്രാഹത്തില്‍ നിന്നാണ്. പിന്നീടാണ് പ്രവാചകന്‍മാരുടെ കാലം തുടങ്ങുന്നത്. ജൂതരെ സംബന്ധിച്ചിടത്തോളം മോശയാണ് പ്രധാന പ്രവാചകന്‍. മോശക്ക് ദൈവം പ്രത്യക്ഷപ്പെട്ട് പത്തു കല്‍പനകള്‍ കൊടുത്തതുമുതല്‍ ചരിത്രം തുടങ്ങുന്നു.
ഇനിയും വരാനിരിക്കുന്ന അന്ത്യപ്രവാചകന്‍ അല്ലെങ്കില്‍ മിശിഹക്കുവേണ്ടിയുള്ള പ്രതീക്ഷയിലാണ് ജൂതസമൂഹം. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ക്രിസ്തുവാണ് മിശിഹ. ഇസ്ലാമിനെ സംബന്ധിച്ച് മൊഹമ്മദ് അന്ത്യ പ്രവാചകനാണ്. ജൂതന്‍മാര്‍ ക്രിസ്തുവിനെയും മൊഹമ്മദിനെയും പ്രവാചകരായി കണക്കാക്കുന്നില്ല. ക്രിസ്ത്യന്‍ ബൈബിളിന്റെ ഭാഗമായ പഴയനിയമമാണ് ജൂത ബൈബിള്‍. അല്ലെങ്കില്‍ ഇതിന് ക്രിസ്തുവിന് മുമ്പുള്ള ബൈബിള്‍ എന്നു പറയും. ജൂതബൈബിള്‍ അല്ലെങ്കില്‍ പഴയനിയമം ജൂതരുടെ ചരിത്രമാണെങ്കില്‍ പുതിയനിയമം ക്രിസ്ത്യാനികളുടെ ചരിത്രമാണ്. ഈ മൂന്നുമതങ്ങളും ദൈവരാജ്യത്തില്‍ വിശ്വസിക്കുന്നു.
ലോകസൃഷ്ടി മുതല്‍ ആരംഭിക്കുന്നു ജൂതചരിത്രം. ബൈബിള്‍-പഴയനിയമത്തിലെ ആദ്യപുസ്തകമായ ഉല്‍പത്തി ഇങ്ങനെ തുടങ്ങുന്നു. ""ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതേ ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുളിച്ചെയ്തു. വെളിച്ചമുണ്ടാകട്ടെ, വെളിച്ചമുണ്ടായി. വെളിച്ചം നല്ലതെന്ന് ദൈവം കണ്ടു. അവിടുന്ന് വെളിച്ചത്തെ ഇരുളില്‍ നിന്ന് വേര്‍തിരിച്ചു. വെളിച്ചത്തിന് പകലെന്നും ഇരുളിന് രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി ഒന്നാം ദിവസം..'' തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആകാശം, ഭൂമി, കര, കടല്‍, പ്രകാശം, സസ്യജാലങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങി എല്ലാറ്റിനെയും ദൈവം സൃഷ്ടിച്ചു. അവസാനമായി ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. സൃഷ്ടികര്‍മം ആറുദിവസം കൊണ്ട് പൂര്‍ത്തിയായി. താന്‍ സൃഷ്ടിച്ചതെല്ലാം നല്ലതെന്ന് ദൈവം കണ്ടു. ദൈവം തന്റെ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി, തന്റെ പ്രവര്‍ത്തിയില്‍ നിന്ന് വിരമിച്ച് വിശ്രമിച്ചു. ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കിയ ഏഴാം ദിവസത്തെ യഹൂദര്‍ സാബത്ത് ദിവസം എന്നു വിളിക്കുന്നു. ശനിയാഴ്ചയാണ് യഹൂദജനം സാബത്ത് ആചരിക്കുന്നത്. യഹോവയെന്ന് തങ്ങള്‍ വിളിക്കുന്ന ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനമാണ് തങ്ങളെന്ന് യഹൂദജനം വിശ്വസിക്കുന്നു.
ഉത്പത്തി പുസ്തകം രണ്ടാം അധ്യായം ഇങ്ങനെ തുടരുന്നു.""മനുഷ്യന്‍ ഏകനായിരിക്കുന്നത് നല്ലതല്ല. അവന് ചേര്‍ന്നഇണയെ ഞാന്‍ നല്‍കും. ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്ഷികളെയും മണ്ണില്‍ നിന്ന് രൂപപ്പെടുത്തി, അവയ്ക്ക് മനുഷ്യന്‍ എന്തു പേരിടുമെന്ന് അറിയാന്‍ അവിടുന്ന് അവയെ അവന്റെ മുന്നില്‍ കൊണ്ടുവന്നു. മനുഷ്യന്‍ വിളിച്ചത് അവര്‍ക്ക് പേരായിത്തീര്‍ന്നു. എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും അവന്‍ പേരിട്ടു. എന്നാല്‍ തനിക്കിണങ്ങിയ തുണയെ കണ്ടില്ല. അതുകൊണ്ട് ദൈവമായ കര്‍ത്താവ് മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി. ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളില്‍ ഒന്ന് എടുത്തതിനുശേഷം അവിടം മാംസംകൊണ്ട് മൂടി. മനുഷ്യനില്‍ നിന്ന്എടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്ക് രൂപം കൊടുത്തു.അവളെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. അപ്പോള്‍ അവന്‍ പറഞ്ഞു. ഒടുവില്‍ഇതാഎന്റെഅസ്ഥിയില്‍നിന്നുള്ളഅസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവും. നരനില്‍ നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരിയെന്നിവള്‍ വിളിക്കപ്പെടും..''
മനുഷ്യവര്‍ഗം പെരുകിയതിനനുസരിച്ച് ദുഷ്ടതയും തിന്‍മയും ഭൂമിയില്‍ വര്‍ധിച്ചുകൊണ്ടിരുന്നുവെന്ന് ഉത്പത്തിപുസ്തകം പറയുന്നു. നീതിമാനായിരുന്ന നോഹയും കുടുംബവും മാത്രം ദൈവത്തിന്റെ നിര്‍ദേശങ്ങളനുസരിച്ച് ജീവിച്ചു. അധര്‍മം പെരുകിയതോടെ ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ദൈവം തീരുമാനിച്ചു. ഗോഫെര്‍ മരംകൊണ്ട് ഒരുപേടകം നിര്‍മിക്കാന്‍ ദൈവം നോഹയോടാവശ്യപ്പെട്ടു. നോഹയുമായി തന്റെ ഉടമ്പടി ഉറപ്പിച്ച് ദൈവം പറഞ്ഞു-ഭൂതലത്തിലെല്ലാം ഞാനൊരു ജലപ്രളയം വരുത്താന്‍ പോകുന്നു. ആകാശത്തിനുകീഴെ ജീവശ്വാസമുള്ള എല്ലാ ജഡവും ഞാന്‍ നശിപ്പിക്കും. എന്നാല്‍ നീയുമായി ഞാനെന്റെ ഉടമ്പടി ഉറപ്പിക്കും. നീ പെട്ടകത്തില്‍ കയറണം. നിന്റെ കൂടെ നിന്റെ ഭാര്യയും പുത്രന്‍മാരും അവരുടെ ഭാര്യമാരുംഎല്ലാ ജീവജാലങ്ങളിലും നിന്ന് ആണും പെണ്ണുമായി ഈരണ്ടെണ്ണത്തെയും നീ പെട്ടകത്തില്‍ സൂക്ഷിക്കണം. എല്ലായിനം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും സംരക്ഷിക്കപ്പെടേണ്ടതിന് ഈരണ്ടെണ്ണം നിന്റെ കൂടെ വരട്ടെ. നിനക്കും അവയ്ക്കും ആഹാരത്തിന് വേണ്ടി എല്ലാത്തരം ഭക്ഷണവും ശേഖരിച്ചുവയ്ക്കണം. ദൈവം കല്‍പിച്ചതുപോലെതന്നെ നോഹ പ്രവര്‍ത്തിച്ചു. നോഹയും കുടുംബവും സകല ജീവജാലങ്ങളും ആണും പെണ്ണുമായി ഈരണ്ടുവീതം പെട്ടകത്തില്‍ കടന്നു. ഏഴുദിവസം കഴിഞ്ഞപ്പോള്‍ ഭൂമിയില്‍ വെള്ളം പൊങ്ങിത്തുടങ്ങി. പെട്ടകം വെള്ളത്തിന് മീതെയൊഴുകി. ഭൂമുഖത്തുനിന്ന് ജീവനുള്ളവയെയെല്ലാം അവിടുന്ന് തുടച്ചുനീക്കി. ഭൂമിയില്‍ ജലം വര്‍ധിച്ചുകൊണ്ടേയിരുന്നു. നോഹയും അവനോടൊപ്പം പെട്ടകത്തിലുണ്ടായിരുന്നവരും മാത്രം ശേഷിച്ചു. വെള്ളപ്പൊക്കം നൂറ്റമ്പതുദിവസം നീണ്ടുനിന്നു. വെള്ളപ്പൊക്കത്തിനുശേഷം നോഹയും കുടുംബവും, രക്ഷപ്പെട്ട ജീവജാലങ്ങളും ഭൂമിയില്‍ ജീവിച്ചു. മനുഷ്യവര്‍ഗം വീണ്ടും പെരുകിക്കൊണ്ടിരുന്നു. അബ്രാഹത്തെ ദൈവം എല്ലാ ജനതകളുടെയും പിതാവായി തിരഞ്ഞെടുത്തു.
യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും അബ്രാഹമാണ് പിതാവ്. ഈജിപ്ഷ്യന്‍ ഫറവോകള്‍ക്ക് കീഴില്‍ ഇസ്രായേല്‍ക്കാര്‍ അടിമകളാവുന്നത്, അടിമത്തത്തില്‍ നിന്ന് മോശയുടെ നേതൃത്വത്തില്‍ മോചിതരാകുന്നത്, ദൈവം മോശക്ക് പ്രത്യക്ഷപ്പെടുന്നത്, പത്തു കല്‍പനകള്‍ നല്‍കുന്നത്, അവരെ കാനാന്‍ ദേശത്തേക്ക് കൊണ്ടുപോകുന്നത് തുടങ്ങിയവയൊക്കെ യഹൂദരുടെ ചരിത്രം പറയുമ്പോള്‍ എഴുതിയിരിക്കുന്നു. ക്രിസ്തുവിന് മുമ്പുണ്ടായിരുന്ന നിരവധി പ്രവാചകരുടെ കഥകള്‍ ബൈബിളിലുണ്ട്.
യഹൂദമതചരിത്രം, സൃഷ്ടിയെകുറിച്ചുള്ള യഹൂദമതകാഴ്ചപ്പാടുകള്‍, അവരുടെ കര്‍ശനവ്യസ്ഥകളും രീതികളും,മത വിശ്വാസങ്ങള്‍, കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യംനല്‍കരുത്, അന്യന്റെ വസ്തുക്കള്‍ ആഗ്രഹിക്കരുത്, അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുത്, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്, ഭൂമിയിലുള്ളതോ,അതിനുമേലുള്ളതോ, വെള്ളത്തിലുള്ളതോ ആയ ഒരുവസ്തുവിന്റെയും ബിംബങ്ങള്‍ നിങ്ങളുണ്ടാക്കരുത്, അവക്ക് മുന്നില്‍ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്, ദൈവനാമത്തില്‍ ആണയിടരുത്, സാബത്ത് പരിശുദ്ധമായി ആചരിക്കണം, തുടങ്ങി പത്തു കല്‍പനകളുള്‍പെട്ട ഭാഗവും അയാള്‍ ശ്രദ്ധയോടെ വായിച്ചു. കല്‍പനകള്‍ പലതിനുമെതിരായി താന്‍ പാപം ചെയ്തിരിക്കുന്നുവെന്ന ചിന്ത ആല്‍ഫ്രഡില്‍ അസ്വസ്ഥതയുയര്‍ത്തി.
ഓരോ മനുഷ്യനെയും അവന്റെ പ്രവര്‍ത്തികളെയും നന്‍മയിലൂടെ നയിച്ച് ദൈവവുമായി കൂടുതല്‍ അടുപ്പിക്കുന്നതിനാണ് യഹൂദമതം ശ്രദ്ധ വെക്കുന്നത്. ദൈവവുമായുള്ള ഈ അടുപ്പത്തിലൂടെ ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കാനും പരസ്പരസ്‌നേഹം വളര്‍ത്താനും മതം ലക്ഷ്യമിടുന്നു. ആരാധനയുടെ കാര്യത്തിലെന്നതുപോലെ തന്നെ മനുഷ്യര്‍ക്കിടയില്‍ നീതി നടപ്പാക്കുന്നത്, വ്യക്തിപരമായ സൗഹൃദങ്ങള്‍, ദയ,ബുദ്ധിപരമായ അന്വേഷണങ്ങള്‍, മര്യാദ, ആരോഗ്യപാലനം, ഭക്ഷണത്തിലെ ശ്രദ്ധ തുടങ്ങിയ കാര്യങ്ങളിലൊക്കെ യഹൂദര്‍ക്ക് കര്‍ശന നിയമ,നിയന്ത്രണങ്ങളുണ്ട്. ചീത്ത വാക്കുകള്‍ സംഭാഷണത്തില്‍ ഉപയോഗിക്കുന്നത്, മറ്റുള്ളവരില്‍ പ്രകോപനമുയര്‍ത്തും വിധം സംസാരിക്കുന്നത്, വികലാംഗര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുംവിധം പെരുമാറുന്നത് തുടങ്ങിയവയൊക്കെ യഹൂദമതനിയമങ്ങള്‍ക്കെതിരാണ്.
ബൈബിളിന്റെ രണ്ടാം ഭാഗമായ പുതിയനിയമത്തില്‍ പരിശുദ്ധ മറിയത്തില്‍ നിന്നുമുള്ള യേശുക്രിസ്തുവിന്റെ ജനനത്തില്‍ തുടങ്ങി, ക്രിസ്തുവിന്റെ ജീവിതം ,ക്രിസ്തു ജനങ്ങളെ പഠിപ്പിച്ചത്,ക്രിസ്തുവിന്റെ കുരിശുമരണം, ഉത്ഥാനം, ക്രിസ്തുശിഷ്യര്‍ ക്രിസ്തുവിനെകുറിച്ച് എഴുതിയ സുവിശേഷങ്ങള്‍ , ആദിമ ക്രിസ്ത്യാനികളുടെ ചരിത്രം, ക്രിസ്ത്യാനിയെന്നതിനെകുറിച്ചുള്ള നിര്‍വചനം തുടങ്ങിയവ വിശദമായി പങ്കുവെക്കുന്നു. ക്രിസ്തു മനുഷ്യപുത്രനാണന്നും ശക്തനായ വിമോചകനും ഉന്നതങ്ങളില്‍നിന്ന് വിധിക്കാനും മോചിപ്പിക്കാനും നശിപ്പിക്കാനും പുനസൃഷ്ടിക്കാനുമായി വന്നവനെന്നും പുതിയനിയമം പറയുന്നു. ക്രിസ്ത്യാനികളുടെയും യഹൂദരുടെയും ദര്‍ശനങ്ങളിലെ കേന്ദ്രബിന്ദു ക്രിസ്തുവാണ്.
ബി സി നാലാം നൂറ്റാണ്ടിനോടടുത്ത്, ഹേറോദേസിന്റെ ഭരണകാലത്ത് പാലസ്തീനിലാണ് ക്രിസ്തു പിറന്നത്. നസ്രത്തില്‍ വളര്‍ന്നു. പ്രവാചകനായ സ്‌നാപകയോഹന്നാനില്‍ നിന്ന് മാമോദീസ സ്വീകരിച്ചു. കര്‍ത്താവിന് വഴിയൊരുക്കുവാന്‍ വന്ന യോഹന്നാന്‍ പാപപങ്കിലമായ അന്നത്തെ സമൂഹത്തിനെതിരെ ആഞ്ഞടിച്ച് മാനസാന്തരത്തിനായി അവരെ ഉദ്‌ബോധിപ്പിച്ചു. മുപ്പതുകളുടെ തുടക്കത്തില്‍ ഈശോ ജനങ്ങളെ പഠിപ്പിച്ചും രോഗസൗഖ്യം നല്‍കിയും ഗലീലിയിലെങ്ങും സഞ്ചരിച്ചു. ഈശോയുടെ പ്രസംഗങ്ങള്‍ പലരെയും പ്രകോപിപ്പിച്ചു, അവരില്‍ ഈശോക്കെതിരെ ശത്രുത വളര്‍ന്നു. റോമന്‍ ഭരണാധികാരികളും ഈശോക്കെതിരായിരുന്നു. ഒടുവില്‍ ഈശോയുടെ കുരിശുമരണത്തിലാണ് കാര്യങ്ങളെത്തിയത്. പരമ്പരാഗത ആചാരങ്ങളെ ഈശോ ചോദ്യംചെയ്തു. ഗലീലിയിലെ യഹൂദസിനഗോഗില്‍് ഈശോ പഠിപ്പിച്ചു. പത്തു കല്‍പനകളെ ഈശോ വീണ്ടും വ്യാഖ്യാനിച്ചു നല്‍കി.
ഒരു സാബത്ത് ദിവസം യഹൂദരുടെ സിനഗോഗില്‍ചെന്ന് ഈശോ ബൈബിളെടുത്ത് ഇങ്ങനെ വായിച്ചു. ""കര്‍ത്താവിന്റെ ആത്മാവ് എന്റെമേലുണ്ട്. ദരിദ്രരോട് സുവിശേഷം അറിയിക്കുവാന്‍ അവിടുന്നെന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും അടിമകളോട് സുവിശേഷം പ്രസംഗിക്കുവാനും അന്ധരെ സുഖപ്പെടുത്താനും അവിടുന്നെന്നെ അയച്ചിരിക്കുന്നു...'' ഗലീലിയിലൂടെ ദൈവരാജ്യംപ്രസംഗിച്ചു നടന്ന ഈശോ രോഗികളെ സുഖപ്പെടുത്തി. ഈശോയുടെ പ്രഭാഷണങ്ങളില്‍ മലയിലെ പ്രസംഗം വളരെ പ്രധാനമാണ്.
""ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്ക് സംതൃപ്തി ലഭിക്കും. കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്ക് കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും. സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍മാരെന്ന് വിളിക്കപ്പെടും. നീതിക്കുവേണ്ടി പീഡനമേല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്. എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധതിന്‍മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.
നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറ കെട്ടുപോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്ക് വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അത് കൊള്ളുകയില്ല. നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്ക്‌കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല. പീഠത്തിന്‍മേലാണ് വയ്ക്കുക. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു. നിയമത്തെയോ പ്രവാചകന്‍മാരെയോ ഇല്ലാതാക്കാനല്ല, അസാധുവാക്കാനാണ് ഞാന്‍ വന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.
കൊല്ലരുത്, കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്ന് പൂര്‍വികരോട് പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു. സഹോദരനോട് കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നുവിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്റെ മുന്നില്‍ നില്‍ക്കേണ്ടിവരും.
വ്യഭിചാരം ചെയ്യരുത് എന്ന് കല്‍പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു. ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു. അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നു പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു. ശത്രുക്കളെ സ്‌നേഹിക്കുവിന്‍, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്ന് പ്രാര്‍ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. അവര്‍ക്ക് പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാല്‍ നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന് കതകടച്ച് രഹസ്യമായി നിന്റെ പിതാവിനോട് പ്രാര്‍ഥിക്കുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും.
എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും എന്ന് ജീവനെകുറിച്ചോ, എന്തു ധരിക്കും എന്ന് ശരീരത്തെകുറിച്ചോ നിങ്ങള്‍ ഉത്കണ്ഠാകുലരാകേണ്ട. ഭക്ഷണത്തേക്കാള്‍ ജീവനും വസ്ത്രത്തെക്കാള്‍ ശരീരവും ശ്രേഷ്ഠമല്ലയോ? ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍, അവ വിതക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണ് നിങ്ങള്‍?
വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കപ്പെടരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവ്‌കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. നീ സഹോദരന്റെകണ്ണിലെ കരട് കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? ''
ശിഷ്യരിലൊരാള്‍ ഈശോയോട് ചോദിച്ചു. ""ദൈവരാജ്യം എവിടെയാണ്?'' ഈശോ മറുപടി പറഞ്ഞു, ""ദൈവരാജ്യം നിങ്ങളില്‍ തന്നെയാണ്.''
ഈശോ ശിഷ്യന്‍മാരോട് പറഞ്ഞു. ""ധനവാന് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്കരമാണ്, ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്്.''
ഒരിക്കല്‍ ഒരു നിയമപണ്ഡിതന്‍ ഈശോയെ പരീക്ഷിക്കാന്‍ ചോദിച്ചു. ""ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്‍പന ഏതാണ്?്.'' ഈശോ പറഞ്ഞു ""നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണ ആത്മാവോടും കൂടെ സ്‌നേഹിക്കുക. ഇതാണ് പ്രധാനവും പ്രഥമവുമായ കല്‍പന. രണ്ടാമത്തെ കല്‍പനയും ഇതിനു തുല്യം തന്നെ. അതായത് നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഈ രണ്ട് കല്‍പനകളില്‍ സമസ്ത നിയമവും പ്രവാചകന്‍മാരും അധിഷ്ഠിതമായിരിക്കുന്നു.'' ജനത്തിന് മനസിലാകാനായി ഉപമകളിലൂടെയാണ് ഈശോ സംസാരിച്ചത്. ഒരു നിയമജ്ഞന്‍ ഈശോയെ പരീക്ഷിക്കുവാന്‍ ചോദിച്ചു. ""ഗുരോ, നിത്യജീവന്‍ അവകാശമാക്കുവാന്‍ ഞാന്‍ എന്തുചെയ്യണം.''. ഈശോ ചോദിച്ചു- ""നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു?്.''
"" നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസോടും പൂര്‍ണശക്തിയോടും സ്‌നേഹിക്കണം. നിന്റെ അയല്‍ക്കാരനെ നിന്നെപോലെയും.'' ഈശോ പറഞ്ഞു, "" നീ ശരിയായിതന്നെ ഉത്തരം പറഞ്ഞിരിക്കുന്നു. ''എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ശ്രമിച്ച് ഈശോയോട് ചോദിച്ചു. ""ആരാണ് എന്റെ അയല്‍ക്കാരന്‍?.'' യേശു പറഞ്ഞു.
""ഒരുവന്‍ ജറുസലമില്‍ നിന്ന് ജറീക്കോവിലേക്ക് പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പെട്ടു. അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ധപ്രാണനാക്കിയിട്ട് പൊയ്ക്കളഞ്ഞു. ഒരു പുരോഹിതന്‍ അതുവഴി വന്നു. അവനെകണ്ട് മറുവശത്തുകൂടി കടന്നുപോയി. ഒരു ലേവായനും അതുവഴി വന്നെങ്കിലും അവനെകണ്ട് കടന്നുപോയി. എന്നാല്‍ ഒരുസമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്നസ്ഥലത്തു വന്നു. അവനെകണ്ട് മനസലിഞ്ഞ് അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകള്‍ വച്ചുകെട്ടി, തന്റെ കഴുതയുടെ പുറത്തുകയറ്റി ഒരുസത്രത്തില്‍ കൊണ്ടുചെന്ന് പരിചരിച്ചു. അടുത്തദിവസം സത്രംസൂക്ഷിപ്പുകാരന്റെ കൈയില്‍ രണ്ടു ദെനാറാ കൊടുത്തിട്ടു പറഞ്ഞു, ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം. കവര്‍ച്ചക്കാരുടെ കൈയില്‍പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍കാരനായി വര്‍ത്തിച്ചത്?.''
""അവനോട് കരുണ കാണിച്ചവന്‍.'' എന്ന് ആ നിയമജ്ഞന്‍ പറഞ്ഞു. യേശു പറഞ്ഞു;"" നീയും പോയി അതുപോലെ ചെയ്യുക. .''
ക്രിസ്തു പഠിപ്പിച്ച ഉപദേശങ്ങള്‍ പിന്നീട് ക്രിസ്ത്യന്‍ ഉപദേശങ്ങളായി അറിയപ്പെട്ടു. ക്രിസ്തുമാര്‍ഗം പിന്തുടര്‍ന്നവരെ റോമാക്കാര്‍ പീഡിപ്പിച്ചു. റോമന്‍ നേതാക്കളിലൊരാളായിരുന്ന പോള്‍ പിന്നീട് ക്രിസ്ത്യാനിയായി തീര്‍ന്നു. നന്‍മയുടെ ശക്തികളും തിന്‍മയുടെ ശക്തികളും ലോകത്തുണ്ടെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. മാമോദീസ സ്വീകരിച്ച് പരിശുദ്ധാത്മാവിനെ സ്വീകരിക്കുമ്പോള്‍ തിന്‍മയുടെ ശക്തിയില്‍ നിന്ന് മോചിതരാകുന്നു. കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, ആംഗ്ലിക്കന്‍ തുടങ്ങി പഴയകാല സഭകള്‍ ശിശുമാമോദീസയില്‍ വിശ്വസിക്കുന്നു. ഭൂമിയിലേക്ക് പിറന്നുവീഴുന്ന കുഞ്ഞിനെ മാമോദീസാ മുക്കി ക്രിസ്ത്യാനിയാക്കണമെന്നാണ് വിശ്വാസം. ആധുനികകാലത്തെ പെന്തക്കൊസ്തല്‍, ഇവാഞ്ചലിക്കല്‍ സഭകള്‍ മുതിര്‍ന്നവരുടെ മാമോദീസയിലേ വിശ്വസിക്കുന്നുള്ളൂ., ശിശുമാമോദീസയെ ഇവര്‍ തള്ളിപ്പറയുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ഈലോകജീവിതം അവസാനിച്ചാലും നിത്യജീവനിലേക്ക് പ്രവേശിക്കുമെന്നാണ് ക്രിസ്തീയ വിശ്വാസം. ക്രിസ്തുവിന്റെ രണ്ടാം വരവില്‍ ന്യായവിധിക്കായി മരിച്ചവരെല്ലാം, ഈശോ ഉയിര്‍ത്തതുപോലെ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടുമെന്നുമാണ് വിശ്വാസം.

ഏഴാം നൂറ്റാണ്ടിലാണ് ഇസ്ലാം മതത്തിന് തുടക്കം. മൊഹമ്മദില്‍ നിന്നാണ് ഇസ്ലാം മതം തുടങ്ങിയത്. പ്രത്യേക അധികാരങ്ങളോ അദ്ഭുതങ്ങളോ, അറിവോ മൊഹമ്മദിനുണ്ടായിരുന്നില്ല. അള്ളായുടെ പ്രവാചകനെന്ന നിലയില്‍ താന്‍ തിരഞ്ഞെടുക്കപ്പെട്ടവനാണന്ന് മൊഹമ്മദ് പറഞ്ഞു. മൊഹമ്മദാണ് അവസാനത്തെ പ്രവാചകന്‍. മുസ്ലീങ്ങള്‍ ക്രിസ്തുവിനെ അബ്രാഹത്തെയും മോശയെയും പോലെ പ്രവാചകസ്ഥാനത്ത് കാണുമ്പോള്‍ മൊഹമ്മദിനെ പ്രവാചകസ്ഥാനത്ത് ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നേയില്ല. വ്യാജപ്രവാചകനായാണ്, ക്രിസ്ത്യാനികള്‍ മൊഹമ്മദിനെകരുതുന്നത്. ഏബ്ദ് അള്ളായുടെ മകനായി മൊഹമ്മദ് ഐബ്ന്‍ അബ്ദുള്ള എ ഡി 570ല്‍ ജനിച്ചു. വളരെ ചെറുപ്പത്തിലേ അനാഥത്വം അനുഭവിക്കേണ്ടിവന്നു മൊഹമ്മദിന്. മെക്കയില്‍ വ്യാപാരിയായിരുന്നു മൊഹമ്മദിന്റെ പിതാവ്. മകന്‍ ജനിക്കുന്നതിന് മുമ്പേ അദ്ദേഹം മരിച്ചിരുന്നു. ആറുവയസുള്ളപ്പോള്‍ മൊഹമ്മദിന് അമ്മയെയും നഷ്ടമായി. മെക്കയില്‍, മരുഭൂമിയില്‍ കൂട്ടമായി സഞ്ചരിക്കുന്ന കച്ചവടക്കാര്‍ക്കും (കാരവന്‍ വ്യാപാരം)മറ്റുമൊപ്പം, മൊഹമ്മദ് യാത്രചെയ്തിരുന്നു. ഖദീജയെന്ന സമ്പന്ന വിധവയുടെ വാഹന ഇടപാടുകള്‍ക്ക് മാനേജരായി ചേര്‍ന്ന മൊഹമ്മദ് പിന്നീട് അവരെ വിവാഹംകഴിച്ചു. ഖദീജക്ക് മൊഹമ്മദിനേക്കാള്‍ പ്രായക്കൂടുതലുണ്ടായിരുന്നു. 15 വര്‍ഷത്തെ സന്തോഷകരമായ വിവാഹജീവിതത്തിനിടയില്‍ മൂന്ന് ആണ്‍ മക്കള്‍ക്ക് ഖദീജ അമ്മയായെങ്കിലും മൂവരും ചെറുപ്പത്തില്‍ തന്നെ മരിച്ചു. ഇവരുടെ നാല് പെണ്‍മക്കളില്‍ ഫാത്തിമ, സുന്നി ഇസ്ലാമിലെ നാലാമത്തെ കാലിഫ് അലിയെ വിവാഹംചെയ്തു. മൊഹമ്മദ് മികച്ചൊരു ബിസിനസുകാരനെന്ന നിലയില്‍ പേരെടുത്തു. എങ്കിലും അദ്ദേഹം അസ്വസ്ഥനായിരുന്നു. മെക്കക്ക് വടക്ക് മൗണ്ട് ഹിരയിലെ ഒരുഗുഹയില്‍ മൊഹമ്മദ്, ധ്യാനനിമഗ്നനായിരുന്നു, പലപ്പോഴും. നിശബ്ദതയുടെ ആ നിമിഷങ്ങളില്‍ അദ്ദേഹം തന്റെ ജീവിതത്തെയും സമൂഹത്തിലെ ദുരിതങ്ങളെയും കുറിച്ച് ചിന്തിച്ച്, അവയുടെ ആന്തരികാര്‍ഥം തേടി, വ്യാഖ്യാനങ്ങള്‍ തേടി ആലോചനയിലാണ്ടു. നാല്‍പതാം വയസില്‍ റംദാന്‍ മാസത്തില്‍ മൊഹമ്മദ് ദൈവത്തിന്റെ പ്രവാചകനെന്ന നിലയില്‍ തിരഞ്ഞെടുക്കപ്പെട്ടു. അധികാരത്തിന്റെയും മികവിന്റെയും രാത്രിയെന്ന് മുസ്ലീങ്ങള്‍ വിളിക്കുന്ന രാവില്‍ മൊഹമ്മദിന് ദൈവത്തില്‍ നിന്ന് ആദ്യ വെളിപാടുണ്ടായി. ഈ വെളിപാടോടെ ദൈവത്തിന്റെ പ്രവാചകന്‍മാരുടെ കൂട്ടത്തിലേക്ക് മൊഹമ്മദും ചേര്‍ക്കപ്പെട്ടു. 22 വര്‍ഷത്തോളം മൊഹമ്മദിന് ദൈവത്തില്‍നിന്ന് വെളിപാടുകള്‍ ലഭിച്ചിരുന്നതായി പറയുന്നു. ഈ വെളിപ്പെടുത്തലുകളെല്ലാം ഇസ്ലാമിന്റെ മതഗ്രന്ഥമായ ഖുറാനില്‍ എഴുതിച്ചേര്‍ത്തു.
ഇസ്ലാം മതക്കാര്‍ ആദിയില്‍ ദൈവം എന്നു തുടങ്ങുന്ന ബൈബിളിലെ ഉല്‍പത്തി പുസ്തകത്തില്‍ വിശ്വസിക്കുന്നു. ദൈവമെന്ന പേരിനുപകരം അള്ളാ എന്നപേരുപയോഗിക്കുന്നു എന്നുമാ്രതം. ദൈവമാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന് ക്രിസ്ത്യാനികളും യഹൂദരും വിശ്വസിക്കുന്നതുപോലെ മുസ്ലീങ്ങളും വിശ്വസിക്കുന്നു. ആദിമമനുഷ്യന്റെ പേര് ആദം എന്നായിരുന്നു. ആദത്തിന്റെ പുത്രന്‍ നോഹ് എന്നും നോഹിന്റെ മകന്‍ ഷെം എന്നും വിളിക്കപ്പെട്ടു. ഷെംമിന്റെ മക്കളാണ് അബ്രാഹത്തിലെത്തിയത്. അബ്രാഹത്തിനും സാറായ്ക്കും ഏറെക്കാലം കാത്തിരുന്നിട്ടും മക്കളുണ്ടായിരുന്നില്ല. മക്കളില്ലാതിരുന്ന അബ്രാഹ0ം ഭാര്യ സാറായുടെ നിര്‍ബന്ധത്തില്‍ ,സാറായുടെ ദാസി ഹാഗാറിനെ ഭാര്യയാക്കിയതിലുണ്ടായ മകനാണ് ഇസ്മായില്‍. പിന്നീട് സാറാ തന്റെ വാര്‍ധക്യത്തില്‍ ഒരുമകനെ പ്രസവിച്ചു, ഇസഹാക്ക് എന്ന് അവന്‍ വിളിക്കപ്പെട്ടു. സാറായുടെ ആവശ്യപ്രകാരം ഇസ്മായിലിനേയും ഹാഗാറിനേയും അബ്രാഹം നാടുകടത്തി. ഇസ്മയില്‍ പോയി താമസമാക്കിയ സ്ഥലമാണ് ഇസ്ലാം വിശ്വാസപ്രകാരമുള്ള മെക്കയെന്നറിയപ്പെടുന്നത്. . ഇസ്മായിലിന്റെ മക്കള്‍ അറേബ്യയില്‍ ജീവിച്ചു, അവര്‍ മുസ്ലീം ജനതയെന്ന് വിളിക്കപ്പെട്ടു. ഇസഹാക്കിന്റെ മക്കള്‍ പാലസ്തീനില്‍ തുടര്‍ന്നു, അവര്‍ യഹൂദജനമെന്ന് വിളിക്കപ്പെട്ടു.
അധ്യായങ്ങള്‍ അല്ലെങ്കില്‍ സൂറാസ് എന്ന് മുസ്ലീം മതഗ്രന്ഥം ഖുറാന്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. 114 അധ്യായങ്ങളുള്ള ഖുറാനിലെ ഓരോ അധ്യായവും ദൈര്‍ഘ്യത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ദയാലുവും കരുണാമയനുമായ ദൈവത്തിന്റെ നാമത്തില്‍ എന്നു പറഞ്ഞാണ് ഓരോ സുറായും ആരംഭിക്കുന്നത്. സ്തുതികള്‍ ദൈവത്തിനുമാത്രം അവകാശപ്പെട്ടതാണ്, എല്ലാ ജീവജാലങ്ങളുടെയും പ്രഭുവിന്. കരുണാമയനായ, ദയാലുവായ , അന്ത്യവിധിയുടെയും യജമാനനായ ദൈവത്തിന്. അങ്ങയെ മാത്രമാണ് ഞങ്ങള്‍ സേവിക്കുന്നത്, അങ്ങയോട് മാത്രമാണ് ഞങ്ങളുടെ പ്രാര്‍ഥനകള്‍. ഞങ്ങളെ നേരായ വഴിക്ക് നയിക്കണേ., അങ്ങ് അനുഗ്രഹിച്ചവരുടെ വഴിയില്‍ നയിക്കണേ, അങ്ങ് പ്രതികാരം ചെയ്യാനാഗ്രഹിക്കുന്നവരുടെ വഴിയിലല്ല.
മുസ്ലീങ്ങളുടെ ദൈവത്തോടുള്ള ഹൃദയംകൊണ്ടുള്ള മറുപടിയാണ് സൂറ. വളഞ്ഞതും കളങ്കിതവുമായ വഴിയിലൂടെയല്ല, നേരായ വഴിയിലൂടെയാകണം മുസ്ലീങ്ങളുടെ ജീവിതം. ഒരു മുസ്ലീമിനെ ദൈവവുമായി ബന്ധിപ്പിക്കുന്ന അഞ്ച്തൂണുകളുണ്ട്. ആദ്യത്തേ തൂണ്‍ വിശ്വാസവും വിശ്വാസത്തിന്റെ തുറന്നുപറച്ചിലുമാണ്. വിശ്വാസികള്‍ സ്ഥിരതയില്‍ ജീവിക്കുവാന്‍ ആവശ്യപ്പെടുന്ന പ്രാര്‍ഥനയാണ് രണ്ടാമത്തെ തൂണ്‍. ജീവിതം അഭിവൃദ്ധി പ്രാപിക്കുവാന്‍ പ്രാര്‍ഥനയില്‍ നിരന്തരം ചെലവിടണമെന്ന് മുസ്ലീങ്ങള്‍ ഉപദേശിക്കപ്പെടുന്നു. പ്രഭാതത്തില്‍ ഉണര്‍ന്നെണീറ്റയുടനെ, ഉച്ചക്ക്, അസ്തമയവേളയില്‍, ഉറങ്ങുന്നതിനുമുമ്പ് ഒക്കെയാണ് പ്രാര്‍ഥനയുടെയും നിസ്കാരത്തിന്റെയും വേള. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും റംദാന്‍ ആചരണവുമാണ് മുസ്ലീം ജീവിതത്തിന്റെ മറ്റ് അടിസ്ഥാനങ്ങള്‍. ഇസ്ലാമിക് കലണ്ടറിലെ പരിശുദ്ധ മാസമാണ് റംദാന്‍. റംദാനിലാണ് മൊഹമ്മദിന് ആദ്യവെളിപാട് ലഭിച്ചതും അദ്ദേഹം മെക്കയില്‍ നിന്ന് മെദീനയിലേക്ക് പോയതും. തീര്‍ഥാടനമാണ് അടുത്ത തൂണ്‍. ശാരീരികമായും സാമ്പത്തികമായും ഭദ്രമായ നിലയിലുള്ള ഓരോ മുസ്ലീമും ജീവിതത്തിലൊരിക്കലെങ്കിലും പാവനമായ ഹജ്ജ്കര്‍മം അനുഷ്ഠിക്കാനായി, മൊഹമ്മദിന് ദൈവികവെളിപാടുണ്ടായ മെക്കയിലേക്ക് പോകണമെന്ന് മുസ്ലീം നിയമം അനുശാസിക്കുന്നു.
(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക