Image

കിളിക്കൊഞ്ചല്‍ (ബാലനോവല്‍- 2 കാരൂര്‍ സോമന്‍)

Published on 04 November, 2018
കിളിക്കൊഞ്ചല്‍ (ബാലനോവല്‍- 2 കാരൂര്‍ സോമന്‍)
അവനെ ആശ്വസിപ്പിക്കാന്‍ തത്തമ്മ വീണ്ടും വിളിച്ചു. "ചാളി...ചാളി' അവന്‍ അടുത്ത് ചെന്നിരുന്നു. ഉള്ളം ഉരുകി. വേദനയോടെ കാലും പുറവും തത്തമ്മയെ കാണിച്ചിട്ട് പറഞ്ഞു.
""കുഞ്ഞമ്മ എന്നെ ഒത്തിരി അടിച്ചു.''
""ക...കള്ളി''-തത്തമ്മ ദേഷ്യപ്പെട്ടു പറഞ്ഞു.
""തത്തമ്മക്കറിയാമോ എന്റെ അമ്മ മരിച്ചു പോയി. അതാ കുഞ്ഞമ്മ ഇങ്ങനെ അടിച്ചേ.'' പെട്ടെന്നു തത്തമ്മ പറഞ്ഞു."കള്ളി...കള്ളി' തത്തമ്മയുടെ നോട്ടത്തില്‍ നീ സങ്കടപ്പെടാതിരിക്ക് എന്നുള്ള ഭാവമായിരുന്നു. എന്നിട്ട് താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു: "തത്തമ്മ എപ്പോഴും കുഞ്ഞമ്മയെ എന്തിനാ കള്ളി കള്ളി എന്ന് വിളിക്കുന്നേ. അങ്ങനെ വിളിക്കരുത്‌ട്ടോ.' തത്തമ്മ അവനെ സൂക്ഷിച്ചു നോക്കി. തത്തമ്മ "മാ....മാ....' എന്ന് ഉരുവിട്ടുമുന്നോട്ട് പറന്നു.
ചാര്‍ളി സ്വയം പിറുപിറുത്തു.
"ഞാനിപ്പോള്‍ മാമ്പഴം എവിടുന്ന് കൊടുക്കും. വീട്ടിലെ മാവില്‍ ഒരെണ്ണം പോലുമില്ല'. തത്തമ്മയെ പ്രീതിപ്പെടുത്താന്‍ കഴിയാത്തതില്‍ ഖേദം തോന്നി. തത്തമ്മ പറന്നകന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ഒരു ചിറകടി ശബ്ദം കേട്ടവന്‍ തിരിഞ്ഞു നോക്കി. ഒരു മാമ്പഴവുമായി അതാ തത്തമ്മ! എല്ലാ വേദനകളും മറന്ന് അവന്‍ പുഞ്ചിരിച്ചു. ഒരമ്മയുടെ മുഖം അവന്‍ തത്തമ്മയില്‍ കണ്ടു. മാമ്പഴം അടുത്തുവെച്ചിട്ട് തത്തമ്മ പറഞ്ഞു. "ബാ...ബാ...' അതിന്റെ അര്‍ത്ഥം ഞാന്‍ പോകുന്നു. തത്തമ്മ പറന്നകന്നു. അവന്റെ കണ്ണുകള്‍ തത്തമ്മ പറന്നു പോയ ഭാഗത്തേക്ക് നോക്കി. എങ്ങോട്ടാണ് പോയത്?
അവന്‍ ആ മാമ്പഴം കടിച്ചുതിന്നു. കുട്ടനും അവന്റെയടുത്തേക്ക് മുറുമുറുത്തുകൊണ്ടു വന്നു. അവനെ നോക്കി ഒന്ന് കണ്ണ് ചിമ്മുകയും ചെയ്തു. എന്നെ കുഞ്ഞമ്മ തല്ലിയതില്‍ അവനും ദുഃഖമുണ്ട്. അവന്റെ തലയില്‍ തലോടിയിട്ട് പറഞ്ഞു. "കുട്ടാ നീ കുഞ്ഞമ്മക്കു മുന്നില്‍ കൊരച്ചത് നന്നായില്ല'. കുട്ടനത് ഇഷ്ടപ്പെട്ടില്ല.
കുട്ടന്റെ തലയില്‍ തലോടിയിട്ടു ചാര്‍ളി എഴുന്നേറ്റു. കാലിന് നല്ല വേദനയുണ്ട്. അവന്‍ വീടിനുള്ളിലേക്ക് ചെന്നു. കുഞ്ഞമ്മ കെവിനെ പുസ്തകത്തില്‍ നോക്കി പഠിപ്പിക്കുന്നു. അവന്‍ കതകിന്റെ അരികില്‍ മുഖം കാണിച്ചു. കുഞ്ഞമ്മ അവനെ ഒന്ന് നോക്കാന്‍ പോലും ശ്രമിച്ചില്ല. സത്യത്തില്‍ അവന്‍ കുഞ്ഞമ്മയെ കാണാന്‍ ചെന്നത് എന്തെങ്കിലും കഴിക്കാന്‍ കിട്ടുമോ എന്നോര്‍ത്താണ്. ഒടുവില്‍ കുഞ്ഞമ്മ മറുപടി പറഞ്ഞു:
""നിനക്കിന്ന് പച്ചവെള്ളം തരില്ല. പൊക്കോ എന്റെ മുന്നീന്ന്. ആയിരം രൂപ കൊടുത്തു വാങ്ങിയ തത്തയെയാണ് നീ ഇറക്കിവിട്ടത്. എനിക്ക് നിന്നെ കാണേണ്ട. പൊക്കോ എന്റെ മുന്നീന്ന്.'' നീരസത്തോടെ പറയുമ്പോള്‍ കെവിന്റെ മനസ്സിലും വൈരാഗ്യം ഏറിവന്നു. അധികനേരം അവിടെ നില്ക്കാന്‍ തോന്നിയില്ല. ഏന്തിവലിഞ്ഞ് മടങ്ങി പോന്നു. ഇന്ന് അത്താഴം കിട്ടില്ലെന്ന് ഉറപ്പായി. സന്ധ്യ വന്നു. വീടിനുള്ളില്‍ റീനയും മകനും ചാനലുകളില്‍ സീരിയല്‍ കണ്ടിരുന്നു. ചാര്‍ളി നല്ല ഉറക്കത്തിലായിരുന്നു. ഇരുട്ട് ഭൂമിയെ മൂടി. പുറത്തെ മരങ്ങളിലും വീടിന്റെ ഭിത്തികളിലും കാറ്റ് ആഞ്ഞടിച്ചു.
മുറിയിലെ ടെലിഫോണ്‍ ശബ്ദിച്ചു. കെവിന്‍ പറഞ്ഞു:
""മമ്മീ ഫോണ്‍''
""നീ മിണ്ടാതിരിക്ക്'' കുഞ്ഞമ്മ നീരസപ്പെട്ടു.
കുഞ്ഞമ്മയുടെ മനസ്സ് ടി.വി. സീരിയലില്‍ അലിഞ്ഞിരിക്കുയായിരുന്നു. പെട്ടെന്നു കറന്റു പോയി. ഫോണ്‍ വീണ്ടും മണിയടിച്ചു. സൗദിയില്‍ നിന്ന് ഭര്‍ത്താവ് ഷാജിയാണ്. വിശേഷങ്ങള്‍ കൈമാറിയപ്പോള്‍ ഓമനപുത്രന്‍ തത്തയെ കൂട്ടില്‍നിന്ന് വിട്ടതും പറഞ്ഞു.
""നീ അവനെ തല്ലിയോ?'' ഷാജി ചോദിച്ചു.
""അവനെ തല്ലാന്‍ എനിക്കെന്തവകാശം? ഞാനിത്തിരി ദേഷ്യപ്പെട്ടു. അത്രതന്നെ. അല്ല അതും പാടില്ലേ?''
""എനിക്കറിയാം റീനെ, നീയവനെ സ്വന്തം മകനെപ്പോലെയാ നോക്കുന്നതെന്ന്. പിള്ളാരല്ലേ. നീയങ്ങ് ക്ഷമിക്ക്. കെവിന്‍ എന്ത് പറയുന്നു. അവന് കൊടുത്തേ''
റീന ഫോണ്‍ കൈമാറുമ്പോള്‍ പ്രത്യേകം പറഞ്ഞു.
""എടാ അവനെ അടിച്ച കാര്യമൊന്നും പറയേണ്ട കേട്ടോ''
കെവിന്‍ തലയാട്ടി. റീന ഫോണ്‍ കൊടുത്തിട്ട് വരാന്തയിലേക്കും വെളിയിലേക്കും നോക്കി. എങ്ങും കുറ്റാകുറ്റിരുട്ട് തന്നെ. ഇനിയും എപ്പോള്‍ വരുമോ ആവോ പ്രകാശം?
ആകാശത്ത് ഭൂകമ്പം പോലുള്ള ഒരിടി ഉണ്ടായപ്പോള്‍ റീന അകത്തേക്ക് ഓടിക്കയറി. ഉറക്കത്തിലാണ്ടിരുന്ന ചാര്‍ളി ഞെട്ടി എഴുന്നേറ്റ് ചുറ്റു നോക്കി. എങ്ങും ഇരുട്ട്. തകര്‍ത്ത് മഴ പെയ്യുന്നുണ്ട്. മുറിക്കുള്ളില്‍ മെഴുകുതിരി പോലുമില്ല. എഴുന്നേറ്റ് കതക് തുറന്നു. വീടിനുള്ളില്‍ മങ്ങിയ വെളിച്ചമുണ്ട്. തണുത്ത കാറ്റ് മുറിയിലേക്ക് കയറിയപ്പോള്‍ കതകടച്ചു. കുഞ്ഞമ്മയുടെ ദേഷ്യം മാറി കാണുമോ? വിശക്കുന്നുവെന്ന് പറഞ്ഞാല്‍ ആഹാരം തരാതിരിക്കുമോ? പതുക്കെ മുറ്റത്തേക്കിറങ്ങി. കുഞ്ഞമ്മ ടിവിയില്‍ കണ്ണും നട്ടിരിക്കുന്നു. ടിവിക്ക് അഭിമുഖമായിരുന്ന് കെവിന്‍ ഭക്ഷണവും കഴിക്കുന്നു. ആ കാഴ്ച നിമിഷങ്ങളോളം നോക്കി നിന്നു. അവന്റെ ഭക്ഷണപാത്രത്തിലേക്ക് നോക്കി ഉമിനീര്‍ ഇറക്കി. വിശപ്പ് വയറ്റിനെ കുത്തിനോവിച്ചുകൊണ്ടിരുന്നു.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക