Image

യേശു ചിന്തിയ രക്തമാണ് തിരുസഭയുടെ അടിത്തറ: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍

Published on 04 November, 2018
യേശു ചിന്തിയ രക്തമാണ് തിരുസഭയുടെ അടിത്തറ: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍
 മാഞ്ചസ്റ്റര്‍: ആത്മാഭിഷേകത്തിന്റെ അഗ്‌നിയില്‍ വിശ്വാസികള്‍ക്ക് പുത്തന്‍ പന്തക്കുസ്ത അനുഭവം സമ്മാനിച്ച മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി ഏകദിന കണ്‍വെന്‍ഷന്‍ ഭക്തിസാന്ദ്രമായി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും വിശ്രുത വചന പ്രഘോഷകന്‍ റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും നേതൃത്വം നല്‍കിയ കണ്‍വെന്‍ഷനില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. രൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്പുരയിലിന്റെയും കണ്‍വെന്‍ഷന്‍ കമ്മറ്റിയുടെയും സംഘടകമികവില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. മാഞ്ചസ്റ്റര്‍ റീജിയണിലെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി ബഹു. വൈദികരും നിരവധി വിശ്വാസികളും അഭിഷേകാഗ്‌നിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

പാപത്തില്‍ മരിക്കാതിരിക്കാന്‍ നമുക്ക് ഈശോയില്‍ ആഴമായ വിശ്വാസമുണ്ടായിരിക്കണമെന്നു ദിവ്യബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കിയ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ആയിരിക്കുന്നവന്‍ ഞാന്‍ ആണന്നു ഈശോ പറഞ്ഞതിനെ എല്ലാവരും വിശ്വസിക്കുന്നതാണ് നിത്യജീവന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ ശരീരത്തില്‍ എന്ത് മുറിവുകള്‍ ഉണ്ടങ്കിലും പരിശുദ്ധാല്‍മാവ് സഭയെ വിട്ടു പോകില്ലന്നു വചന സന്ദേശം നല്‍കിയ റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. ആരോഗ്യമുള്ള ശരീരത്തില്‍ ചിലപ്പോള്‍ മുറിവുകളും ഉണ്ടാവാം; അതുണക്കാന്‍ പരിശുദ്ധാല്‍മാവിനു കഴിയും. യേശു ചിന്തിയ രക്തമാണ് സഭയുടെ അടിത്തറ; അത് ഇളക്കാന്‍ ആര്‍ക്കുമാവില്ലന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനില്‍ നിന്ന് എത്തിയ മിഷനറി വൈദികന്‍ റെവ. ഫാ. റയാന്‍, തങ്ങള്‍ നേരിടുന്ന വിശ്വാസ സഹനങ്ങളെക്കുറിച്ചു പങ്കുവച്ചു. ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് വിശ്വാസം കാത്തു സൂക്ഷിക്കുന്നതെന്നും പാക്കിസ്ഥാനില്‍ നടക്കുന്ന സെഹിയോന്‍ ശുശ്രുഷകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉച്ച കഴിഞ്ഞു റവ. ഫാ. സോജി ഓലിക്കല്‍ വചന ശുശ്രുഷ നയിച്ചു. കുട്ടികള്‍ക്കായി നടന്ന പ്രത്യേക ശുശ്രുഷയില്‍ സെക്രട്ടറി റവ. ഫാ. ഫാന്‍സുവ പത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പിച്ചു. മാഞ്ചസ്റ്റര്‍ റീജിയണിലെ പത്തിലധികം വൈദികരും ആദ്യന്തം ശുശ്രുഷകളില്‍ സഹകാര്‍മികരായി.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ അവസാന ദിനം ഇന്ന് ലണ്ടണില്‍ നടക്കും. റെവ. ഫാ. ജോസ് അന്തയാംകുളത്തിന്റെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, വികാരി ജനറാള്‍ ഫാ. തോമസ് പറയടിയില്‍, ഫാ. സോജി ഓലിക്കല്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.  രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രുഷകള്‍ ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട് പിആര്‍ഒ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക