Image

ഭാര്‍ഗ്ഗവീയം (കവിത: ഐശ്വര്യ ബിജു, ഫിലഡല്‍ഫിയ)

Published on 04 November, 2018
ഭാര്‍ഗ്ഗവീയം (കവിത: ഐശ്വര്യ ബിജു, ഫിലഡല്‍ഫിയ)
പൊതുജനം വെറും മൂഢരോ?
പൊട്ടക്കിണറ്റില്‍ വസിക്കുംമണ്ഡൂകങ്ങളോ?
എത്ര കണ്ടാലും കൊണ്ടാലുമറിയാത്ത
വിഡ്ഢിപ്പരിഷകള്‍ നമ്മള്‍
ഇന്നൊരുപക്ഷവും നാളെമറ്റൊന്നുമായ്
ചാടിക്കളിക്കുംകപികുലങ്ങള്‍

നാണവും മാനവും തൊട്ടുതീണ്ടീടാത്ത
രാജ്യതന്ത്രജ്ഞര്‍ വാണീടുംനരകം
എന്തിനുമേതിനും ദ്രവ്യം കൊടുത്തിട്ടു
ലഭ്യമാക്കീടും സമസ്തവസ്തുക്കളും
സത്യവും നീതിയും മുറുകെപ്പിടിക്കുന്ന
നെറിയുള്ള കൂട്ടര്‍ വിരളമായി

ശ്വാനവംശത്തിന്നപമാനമായിടും
ചേഷ്ടിതം പരകായദംശനമങ്ങനെ
തട്ടലും മുട്ടലും ചാടിക്കളിയുമായ്
നാടകമാടിത്തിമിര്‍ക്കയായ് വൃഥാ
നയജ്ഞര്‍ സ്വൈര്യവിഹാരംനടത്തുന്ന
കേരളമിന്നൊരു ഭ്രാന്താലയം സഖേ

പരശുവെറിഞ്ഞു കേരളം സൃഷ്ടിച്ച
ഭാര്‍ഗ്ഗവരാമാ അങ്ങേയ്ക്കു നമോവാകം
ക്ഷത്രിയവംശത്തെയാകെയൊടുക്കിയ
അങ്ങേയ്ക്കിനിയൊരു പ്രതിഗമനം സാധ്യമോ?
വെട്ടിനിരത്തിയും കുത്തിമലര്‍ത്തിയും
ഈയുന്മത്തരില്‍നിന്നു മുക്തിയേകീടുമോ?
Join WhatsApp News
വെടിപ്പാക്കൂ 2018-11-04 21:09:00
ശക്തമായ കവിത!

വരൂ വരൂ പരശുവേ
കേരളം മുടിഞ്ഞിതേ
കടലതിൽ മുക്കിപ്പൊക്കി
വെടിപ്പാക്കി എടുക്കാമോ

വിദ്യാധരൻ 2018-11-05 15:52:16
ഞങ്ങൾ മണ്ടരല്ല
മന്ദബുദ്ധികളല്ല  
മണ്ഡൂകങ്ങളല്ല 
വിഡ്ഢിപരിഷകളുമല്ല 
 ഞങ്ങളാണ് പൊതുജനങ്ങൾ 
നിങ്ങളെ ചുമക്കും കഴുതകൾ 
'കുങ്കുമത്തിന്റെ 
വാസമറിയാതെ 
കുങ്കുമം ചുമക്കും 
ഗർദ്ദഭങ്ങൾ' 
ഞങ്ങൾ ചുമക്കുന്നു 
സർവ്വം നാറ്റങ്ങളും സഹിച്ചു 
നയതന്ത്രജ്ഞരെ 
മന്ത്രിമാരെ 
രാഷ്ട്രീയഅക്കരെ 
എന്തിന് പറയുന്നു 
ദൈവ പുത്രനെയും 
എംപിമാരുംമന്ത്രിമാരും 
എം എൽ എ മാരും 
ഐസ്ക്രീം വാങ്ങികൊടുത്തും 
പ്ലെയിനിൽ വച്ച് ചന്തിക്കു കുത്തിയും 
സൂര്യനെല്ലി പൂവിനെ കശക്കിയും 
സരിതരതി ക്രീഡകളിൽ ഏർപ്പെട്ടു 
കാമാസക്തി തീർക്കുമ്പോൾ 
പാവം കഴുതകൾ ഞങ്ങൾ 
മൂകസാക്ഷികളായി നിന്ന് 
കാമം കരഞ്ഞു തീർക്കും
ഒരിക്കൽ ഞങ്ങൾ 
കഴുതപ്പുലികളാകും 
അന്ന് ഞങ്ങൾ ചാടിവീഴും 
പല്ലും നഖവും ഉപയോഗിച്ച് 
ആക്രമിക്കും 
ഇത് ഞങ്ങളുടെ ആക്രന്ദനമല്ല
അടിച്ചമർത്തപ്പെട്ടവരുടെ 
ആർത്തട്ടഹാസമാണ് 
ഇരുന്നു കൊൾക 
നിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക