Image

കുട്ടനാടിന്റെ പുത്രന്‍ ഓസ്‌ട്രേലിയയില്‍ ഡപ്യൂട്ടി മേയര്‍

Published on 03 November, 2018
കുട്ടനാടിന്റെ പുത്രന്‍ ഓസ്‌ട്രേലിയയില്‍ ഡപ്യൂട്ടി മേയര്‍
 

മെല്‍ബണ്‍: കുട്ടനാട് സ്വദേശിയായ ടോം ജോസഫ് ഓസ്‌ട്രേലിയയിലെ വിറ്റെല്‍സി നഗരത്തിന്റെ ഡെപ്യൂട്ടി മേയറയി തെരഞ്ഞെടുക്കപ്പെട്ടു. വിക്ടോറിയ സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ മുന്‍സിപ്പാലിറ്റിയാണ് വിറ്റെല്‍സി. 2017 ല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ടോം, വിറ്റെല്‍സി നഗരത്തിലെ വെള്ളക്കാരനല്ലാത്ത ആദ്യ കൗണ്‍സിലറും ഓസ്‌ട്രേലിയയില്‍ ഒരു തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്ന ആദ്യ മലയാളിയുമാണ്. 

മെര്‍ണ്ഡ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, ജില്ലാ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, മെര്‍ണ്ഡ ആന്‍ഡ് ഡോറീന്‍ മള്‍ട്ടികള്‍ച്ചറല്‍ അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ ടോം വഹിച്ച സ്തുത്യര്‍ഹമായ സേവനവും പ്രാദേശിക സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ ടോം വഹിച്ച നേതൃത്വപരമായ പങ്കുമാണ് അദ്ദേഹത്തെ നാട്ടുകാരുടെ പ്രിയങ്കരനാക്കിയത്. 

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയില്‍ വോളന്റിയര്‍ സോഷ്യല്‍ ജസ്റ്റീസ് ഓഫീസറായി സേവനം ചെയ്തിട്ടുള്ള ടോം, നിലവില്‍ കത്തോലിക്കാ പള്ളികളുടേയും കിംഗ് ലെയ്ക്ക്, വിറ്റെല്‍സി, മെര്‍ണ്ഡ, ഡോറീന്‍ സ്‌കൂളുകളുടേയും കംബയിന്‍ഡ് സോഷ്യല്‍ കമ്മിറ്റി ചെയര്‍മാനുമാണ്. 

2006 ല്‍ കുടുംബസമേതം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ടോം, ഒരു ബിസിനസ് സംരംഭകന്‍ കൂടിയാണ്. 

കുട്ടനാട് മണലാടി പുതുശേരി വര്‍ക്കി ജോസഫിന്റേയും കുഞ്ഞമ്മയുടേയും ഒന്പതു മക്കളില്‍ ഇളയവനാണ് ടോം. ഭാര്യ: രഞ്ജിനി, ചങ്ങനാശേരി കളങ്ങരപറന്പില്‍ കുടുംബാംഗം. ഇവര്‍ക്ക് മൂന്ന് മക്കള്‍.

റിപ്പോര്‍ട്ട്: ദിലീപ് ഫിലിപ്പ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക