ആലപ്പുഴ: ആലപ്പുഴ അവലൂക്കുന്ന് സ്വദേശികളായ
ഒരുപറ്റം യുവാക്കള്‍ വിശ്രമമില്ലാതെയുള്ള ഓട്ടത്തിലാണ്. കൂട്ടുകാരന്റെ
ജീവനും കൈയില്‍പ്പിടിച്ചാണ് വരുടെ ഓട്ടം. അച്ഛന്‍ നഷ്ടപ്പെട്ട്,
സഹായിക്കാന്‍ വീട്ടില്‍ മറ്റാരുമില്ലാത്ത തങ്ങളുടെ സുഹൃത്ത് അവലൂക്കുന്ന്
കണ്ടത്തില്‍ പി. ഉണ്ണിക്കൃഷ്ണന്റെ (23) ജീവന്‍
നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് ഒരുപറ്റം സുഹൃത്തുക്കള്‍
നെട്ടോട്ടമോടുന്നത്. ഉണ്ണിക്കൃഷ്ണന്റെ അച്ഛന്‍ മരിച്ചിട്ടു മൂന്നരവര്‍ഷം
കഴിയുന്നു. വീട്ടില്‍ ഏകനായ ഉണ്ണിക്കൃഷ്ണന്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായി
ജോലിനോക്കുകയായിരുന്നു.
ജോലി കഴിഞ്ഞു വീട്ടിലേക്കു വരുമ്പോള്‍ ആലപ്പുഴ കൊമ്മാടി ജംഗ്ഷനു സമീപം
ഉണ്ണിക്കൃഷണന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി റോഡിലേക്കു മറിഞ്ഞു.
തലയിടിച്ചു റോഡില്‍വീണ ഉണ്ണിക്കൃഷ്ണനെ മറ്റൊരു സ്‌കൂട്ടര്‍
ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കും നട്ടെല്ലിനും സാരമായി
പരിക്കേറ്റ ഉണ്ണിക്കൃഷ്ണന്റെ ദേഹം തളര്‍ന്നുപോയി, നട്ടെല്ലൊടിഞ്ഞു. ഗുരുതര
പരിക്കുകളോടെ എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന
ഉണ്ണിക്കൃഷ്ണന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ഓപ്പറേഷനു
മൂന്നരലക്ഷത്തോളം രൂപ ചെലവുവരും.
രക്ഷാകര്‍ത്താക്കളാരുമില്ലാത്ത ഉണ്ണിക്കൃഷ്ണന്റെ ദയനീയാവസ്ഥ കണ്ടാണു
നാട്ടുകാരും സുഹൃത്തുക്കളുമായ ക്രിസ്ബിന്‍, സരണ്‍, നിഷാന്ത്
എന്നിവരടങ്ങുന്ന 18 അംഗ സംഘം സഹായം തേടി സുമനസുകളുടെ പക്കലേക്ക് ഇന്നലെ
ഇറങ്ങിയത്. കൂട്ടുകാരന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഇവര്‍ മുട്ടാത്ത
വാതിലുകളില്ല. ഇന്നലെയും ഇന്നും അവധിയായതിനാല്‍ ഓഫീസുകള്‍
പ്രവര്‍ത്തിക്കാത്തതും ഇവരുടെ ഉദ്യമത്തെ കാര്യമായി ബാധിച്ചു. എങ്കിലും
പ്രതീക്ഷ കൈവിടാതെ രാവു പകലാക്കി ഇവര്‍ കൂട്ടുകാരന്റെ ജീവന്‍
രക്ഷിക്കുന്നതിനുള്ള യജ്ഞത്തിലാണിവര്‍. ഉണ്ണിക്കൃഷ്ണനു സ്വന്തമെന്നു
പറയാന്‍ തങ്ങള്‍ മാത്രമാണുള്ളതെന്ന കൂട്ടുകാരുടെ ബോധ്യമാണു സുഹൃത്തിന്റെ
ജീവനുവേണ്ടി പണം സമ്പാദിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.
തങ്ങളോടൊപ്പം ഓടിച്ചാടി നടന്നിരുന്ന പ്രിയ കൂട്ടുകാരന്‍ വീണ്ടും
തങ്ങളിലൊരാളായി ഉണ്ടാകണമേയെന്ന പ്രാര്‍ഥനയോടെയാണു കൂട്ടുകാര്‍ അവനുവേണ്ടി
നാടൊട്ടാകെ പണത്തിനായി ഓടിനടക്കുന്നത്. ഫോണ്‍: 9846463626, 9249386745.
അക്കൗണ്ട് നമ്പര്‍: 30961402397 (എസ്ബിഐ).