Image

ഐഎന്‍ഒസി സ്വിറ്റ്‌സര്‍ലന്‍ഡ് കേരളാ ചാപ്റ്റര്‍ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

Published on 01 November, 2018
ഐഎന്‍ഒസി സ്വിറ്റ്‌സര്‍ലന്‍ഡ് കേരളാ ചാപ്റ്റര്‍ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു
 

സൂറിക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്വിറ്റ്‌സര്‍ലന്‍ഡ് കേരള ചാപ്റ്റര്‍ ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ പ്രിയദര്‍ശിനിയുടെ രക്തസാക്ഷിദിനമായ ഒക്ടോബര്‍ 31നു സൂറിക്കിലെ സ്‌റ്റെഫായില്‍ കൂടിയ മീറ്റിംഗില്‍ ഇന്ദിരാജിയുടെ പാവനമായ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു.

ഇന്ത്യയുടെ യശസ് ദിഗന്തങ്ങളില്‍ പരത്തിയ പ്രിയങ്കരിയും ശക്തിസ്വരൂപിണിയുമായ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു പിടഞ്ഞുവീണത് ഏതൊരു ഇന്ത്യക്കാരനും ഉള്‍ക്കിടിലത്തോടെ മാത്രം ഓര്‍ക്കുന്ന സംഭവമാണെന്നും 1984 നവംബര്‍ 4നു സൂര്യാസ്തമനത്തോടെ ആ ശരീരം ഒരുപിടി ചാന്പലായെങ്കിലും ഇന്ത്യയുടെ ചരിത്രത്തിലെ മുഖ്യസ്മരണീയമായ ഒരു കാലഘട്ടത്തിന്റെ അവസാനമായിരുന്നു അതെന്നും 20ാം നൂറ്റാണ്ടില്‍ ലോകം കണ്ട വനിതകളില്‍ ഏറ്റവും ധീരയായി ലോകത്തെ അത്ഭുതപ്പെടുത്തിയ ഇന്ദിരാജി ഇന്നും നമ്മോടൊപ്പം ജീവിക്കുന്നുവെന്നും ഇന്ത്യ നിലനില്‍ക്കുന്നിടത്തോളം അവര്‍ ജീവിക്കുമെന്നും യോഗം വിലയിരുത്തി.

ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എന്തു പറയുന്നുവെന്നു കേള്‍ക്കാന്‍ ലോക രാഷ്ട്രങ്ങള്‍ കാതോര്‍ത്തിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നുവെന്നും അവര്‍ ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടില്ല. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊരു പ്രാധാന്യം നേടിയെടുത്തതെന്നും സ്വന്തം നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടു ശക്തവും ധീരവുമായ നടപടികള്‍ സ്വീകരിക്കുകയും ദൃഢമായ വിദേശകാര്യ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഇന്ദിരാഗാന്ധിയുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ താല്‍പര്യം കാണിച്ചതെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ ടോമി തൊണ്ടാംകുഴി അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ സമഗ്ര പരിവര്‍ത്തനത്തിനുള്ള സന്ധിയില്ലാത്ത സമരമായിരുന്നു അവരുടെ ജീവിതം. രാജ്യത്തെ സ്വയം പര്യാപ്തതയിലേക്കും ശക്തിയിലേക്കും ഔന്നത്യത്തിലേക്കും സുധീരം നയിക്കുകയെന്ന മഹാദൗത്യം അവര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചു. പല പുരോഗമന നടപടികളും കൈക്കൊള്ളുകയും ചെയ്്ത് ചരിത്രത്താളുകളില്‍ ഇടംപിടിച്ച വ്യക്തിയാണ് ഇന്ദിര പ്രിയദര്‍ശിനിയെന്നു സ്വാഗത പ്രസംഗത്തില്‍ പ്രസിഡന്റ് ജോയ് കൊച്ചാട്ട് അഭിപ്രായപ്പെട്ടു.

രാഷ്ട്ര നിര്‍മ്മിതിയില്‍ ഇന്ദിരാഗാന്ധിയുടെ സംഭാവന എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ടേബിള്‍ ടോക്കിനു ജോയിന്റ് സെക്രട്ടറി വര്‍ഗീസ് പൊന്നാനക്കുന്നേലും ട്രഷറര്‍ പ്രിന്‍സ് കാട്ടരുകുടിയിലും നേതൃത്വം നല്‍കി. യോഗത്തില്‍ പങ്കെടുത്ത എല്ലാ കമ്മിറ്റി അംഗങ്ങളും വിശദമായ ചര്‍ച്ചയില്‍ പങ്കെടുത്തു. 16 വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധി ഇന്ത്യയെ സുശക്തമായ ഒരു രാഷ്ട്രമാക്കി തീര്‍ക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചുവെന്ന് അവരുടെ രാഷ്ട്രീയ പ്രതിയോഗികള്‍ പോലും നിസംശയം സമ്മതിക്കുന്നതായി കമ്മിറ്റിയില്‍ പങ്കെടുത്ത അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മാറുന്ന സമീപനങ്ങളിലൂടെ ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഒരു പുതിയ മുഖം കൈവരുന്നതായും അതിലൂടെ യുവ നേതൃത്വത്തിലൂടെ രാജ്യത്തെ ഈ അരക്ഷിതാവസ്ഥയില്‍ നിന്നും തിരികെ എത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്തു. സെക്രട്ടറി ടോമി വിരുത്തിയേല്‍ യോഗത്തിനു നന്ദി പറഞ്ഞു.

നവംബര്‍ ഒന്ന് മുതല്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്വിറ്റ്‌സര്‍ലന്‍ഡ് കേരളാ ചാപ്റ്റര്‍ മെമ്പര്‍ഷിപ് കാന്പയിന്‍ ആരംഭിക്കുവാനും സ്വിറ്റ്‌സര്‍ലണ്ടിലെ എല്ലാ ജനാധിപത്യ വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് ജനുവരി 26നു വിപുലമായ ചടങ്ങുകളോടെ സൂറിക്കില്‍ റിപ്പബ്ലിക് ഡേ ആഘോഷിക്കാനും യോഗം തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക