Image

സര്‍ക്കാര്‍ നടപടി വൈകിയാല്‍ കടുത്ത തീരുമാനം: മാവോവാദികള്‍

Published on 06 April, 2012
സര്‍ക്കാര്‍ നടപടി വൈകിയാല്‍ കടുത്ത തീരുമാനം: മാവോവാദികള്‍
ഭുവനേശ്വര്‍: ബന്ദിയാക്കിയ ഇറ്റാലിയന്‍ ടൂര്‍ ഓപ്പറേറ്റര്‍ ബോസ്‌കോ പൗലോ ഉള്‍പ്പെടെയുള്ള ബന്ദികളെ മോചിപ്പിക്കാന്‍ മാവോവാദികള്‍ വിസമ്മതിച്ചു. സര്‍ക്കാര്‍ നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത പക്ഷം പൗലോയെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് മാവോവാദി നേതാവ് സവ്യസാചി പാണ്ഡെയാണ് പ്രാദേശിക ചാനലുകള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ അറിയിച്ചത്. മൂന്ന് ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് തങ്ങള്‍ പോകുമെന്നും സവ്യസാചി പാണ്ഡെ വ്യക്തമാക്കി. 

തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്നതിന് എട്ടു മാവോവാദികളടക്കം 27 പേരെ ജയിലില്‍നിന്ന് വിട്ടയയ്ക്കുമെന്ന് ഒഡിഷ സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ബിജു ജനതാദള്‍ എം.എല്‍.എ. ജിന ഹികാക, ഇറ്റാലിയന്‍ പൗരന്‍ പൗലോ ബൊസുസ്‌കോ എന്നിവരെ വിട്ടുകിട്ടുന്നതിനാണ് തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ വിശദമായി സര്‍ക്കാരുമായി സംസാരിക്കാതെ മോചനം സാധ്യമല്ലെന്നാണ് മാവോവാദികള്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന നിലപാട്. 

മാവോവാദി പിന്തുണയുള്ള ചാസി മുലിയ ആദിവാസി സംഘിലെ 13 പേരും ഇടതുപക്ഷ തീവ്രവാദി ഗ്രൂപ്പില്‍പ്പെട്ട എട്ടുപേരും സി.പി.ഐ. മാവോവാദി ഒഡിഷ സ്‌റ്റേറ്റ് ഓര്‍ഗനൈസിങ് കമ്മിറ്റിയിലെ നാലുപേരുമാണ് സര്‍ക്കാര്‍ പട്ടികയിലുള്ളത്. എന്നാല്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല ഇതുവരെയും. നേരത്തേ മാവോവാദി നേതാവ് സബ്യസാചി പാണ്ഡെ ഏഴുപേരുടെ പട്ടിക നല്‍കിയിരുന്നു. ഇതില്‍ പാണ്ഡെയുടെ ഭാര്യയും മാവോവാദി നേതാവുമായ ശുഭശ്രീയും ഉള്‍പ്പെടും. 

ബന്ദിയെ മോചിപ്പിക്കാനുള്ള ഏതെങ്കിലും ശ്രമമുണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മാവോവാദി വിഭാഗം സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സമീപനം പ്രഹസനമാണെന്ന് ഞങ്ങള്‍ സംശയിക്കുന്നു. പ്രവര്‍ത്തകരില്‍ പലരേയും കോടതി കുറ്റവിമുക്തരാക്കിയിട്ടും പോലീസ് തടവില്‍ പിടിച്ചിട്ടിരിക്കുകയാണെന്നും സവ്യസാചി പാണ്ഡെ ചാനലുകള്‍ക്ക് നല്‍കിയ ടേപ്പില്‍ പറയുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക