Image

കുരിശുമരണത്തിന്റെ സ്മരണ പുതുക്കി ദുഃഖവെള്ളി ആചരണം

Published on 06 April, 2012
കുരിശുമരണത്തിന്റെ സ്മരണ പുതുക്കി ദുഃഖവെള്ളി ആചരണം
തിരുവനന്തപുരം: പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിച്ചു. കേരളത്തിലെ എല്ലാ ദേവാലയങ്ങളിലും ദുഃഖവെള്ളിയോട് അനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനകളും കുരിശിന്റെ വഴിയും നടന്നു. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ളിയില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ലതീതന്‍ രൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം നേതൃത്വം നല്‍കി. 

കൂടംകുളം ആണവനിലയത്തിനെതിരായ പ്രദേശവാസികളുടെ സമരത്തിന് ലത്തീന്‍ സഭയുടെ പിന്തുണ. പാളയം സെന്റ് ജോസഫ് പള്ളിയില്‍ നടന്ന കുരിശിന്റെ വഴി സമാപനസന്ദേശത്തിലാണ് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം സഭയുടെ നിലപാട് വ്യക്തമാക്കിയത്. 

കൂടംകുളത്തെ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന ഭയാശങ്കകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയായ സമീപനമല്ല. രാജ്യം പുരോഗമിക്കേണ്ടത് ആവശ്യമാണ്. അതിനായി കഴിയാവുന്നിടത്തോളം എല്ലാവരും വിട്ടുവീഴ്ച ചെയ്യുകയും വേണം. എന്നാല്‍ അതിന്റെ പേരില്‍ കൂടംകുളത്തെ ജനങ്ങള്‍ നശിച്ചാലും സാരമില്ലെന്ന് കരുതുന്നത് പീലാത്തോസിന്റെ ന്യായവാദമാണെന്നും അദ്ദേഹം പറഞ്ഞു. കൂടംകുളത്ത് ഒരു ദുരന്തമുണ്ടായാല്‍ എന്ത് ചെയ്യണമെന്ന് ആര്‍ക്കും അറിയില്ലെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

ആണവനിലയത്തില്‍ നിന്നും പുറന്തള്ളുന്ന ചൂടുവെള്ളം കടലിലെ മത്സ്യസമ്പത്ത് നശിപ്പിക്കും. ഇത് കടലിനെ ആശ്രയിച്ചുകഴിയുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം മുട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മലങ്കര കാതോലിക്കാ ബാവ ബസേലിയോര്‍ മാര്‍ ക്ലിമ്മീസും കുരിശിന്റെ വഴിയില്‍ വിശ്വാസികള്‍ക്കൊപ്പം പങ്കു ചേര്‍ന്നു.

ആലപ്പുഴ ജില്ലയില്‍ ചരിത്ര പ്രസിദ്ധമായ പൂക്കാവ് പള്ളിയിലും ചേര്‍ത്തല തങ്കിപ്പള്ളിയിലും നടന്ന തിരുകര്‍മ്മങ്ങളില്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്.

നാളെ ദുഃഖശനി ആചരണത്തിന്റെ ഭാഗമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനയും ജ്ഞാനസ്‌നാന വ്രത നവീകരണവും പുത്തന്‍വെള്ളം, പുത്തന്‍തീ എന്നിവയുടെ വെഞ്ചരിപ്പും നടക്കും. അര്‍ദ്ധരാത്രിയോടെ മരണത്തേ പരാജയപ്പെടുത്തി ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കുന്ന ഈസ്റ്റര്‍ ദിനാചരണത്തിലേക്ക് കടക്കും. 

കുരിശുമരണത്തിന്റെ സ്മരണ പുതുക്കി ദുഃഖവെള്ളി ആചരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക