Image

സിപിഐ എം രാഷ്ട്രീയ പ്രമേയം; ഇടതു ജനാധിപത്യ ബദല്‍ മുഖ്യം

Published on 06 April, 2012
സിപിഐ എം രാഷ്ട്രീയ പ്രമേയം; ഇടതു ജനാധിപത്യ ബദല്‍ മുഖ്യം

കോഴിക്കോട്: സിപിഐ എം രാഷ്ട്രീയ പ്രമേയം ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു. പ്രമേയത്തിന്റെ ചര്‍ച്ചക്ക് വെള്ളിയാഴ്ച ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മറുപടി പറഞ്ഞു. രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ ഉയര്‍ന്നുവന്ന ചിലഭേദഗതികള്‍ അംഗീകരിച്ചതായി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയപ്രമേയത്തെ ശക്തിപ്പെടുത്തുന്നവയായിരുന്നു ഭേദഗതി നിര്‍ദ്ദേശങ്ങളെന്നും ബൃന്ദകാരാട്ട് പറഞ്ഞു. ചര്‍ച്ച പാര്‍ട്ടിയുടെ ഐക്യം വിളിച്ചോതുന്നതായിരുന്നു. ഗൗരവമായ ഭേദഗതികളൊന്നും പ്രമേയത്തിനുണ്ടായിട്ടില്ല. ഒന്നാം യുപിഎ ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരായ അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് പാര്‍ട്ടികോണ്‍ഗ്രസ് തെളിയിച്ചതായും ബൃന്ദപറഞ്ഞു.

നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുക എന്നതാണ് രാഷ്ട്രീയ പ്രമേയത്തിന്റെ കാതല്‍. ഈ പോരാട്ടം എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കും. കോണ്‍ഗ്രസ്സിനും ബിജെപിക്കുമെതിരെ മൂന്നാം മുന്നണിക്കല്ല, ഇടതുപക്ഷ ജനാധിപത്യ ബദലിനാണ് സിപിഐ എം ഈന്നല്‍ നല്‍കുന്നത്. സ്വതന്ത്ര ശക്തി വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ പാര്‍ട്ടി ആരായും. അമേരിക്കയുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന സഖ്യത്തിനെതിരെയും പോരാട്ടം തുടരുമെന്ന് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചക്കുശേഷം പ്രത്യയശാസ്ത്ര പ്രമേയം പാര്‍ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും.

യുപിഎ ഗവണ്‍മെന്റിന്റെ നവഉദാരവല്‍ക്കരണ നയങ്ങള്‍ രാജ്യത്തെ തകര്‍ച്ചയിലേക്കാണ് തള്ളിവിടുന്നത്. ഇന്ത്യ ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം നവഉദാരവല്‍ക്കരണ നയങ്ങളാണെന്നും ബൃന്ദകാരാട്ട് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മാവോയിസ്റ്റുകള്‍ ആദിവാസികളെ മറയാക്കി അക്രമം അഴിച്ചുവിടുകയാണെന്നും മാവേയിസ്റ്റുകളെ ഒരു ജനാധിപയത്യ പ്രസ്ഥാനങ്ങള്‍ക്കും അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

മൂന്ന് പ്രമേയങ്ങളാണ് വെള്ളിയാഴ്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അവകാശസംരക്ഷത്തിന് നിയമനിര്‍മ്മാണം നടത്തണമെന്ന് പ്രമേയം അവതരിപ്പിച്ചു. രാജ്യത്തെ ഖനികള്‍ പൊതുമേഖലയ്ക്ക് കീഴിലാക്കണമെന്നാണ് മറ്റൊരു പ്രമേയം. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഖനിവ്യവസായ രംഗത്ത് നിലനില്‍ക്കുന്നത്. ഇത് തടയണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കുറയുകയല്ല കൂടുകയാണ് ചെയ്യുന്നതെന്നും അതിനാല്‍ സ്ത്രീകളുടെ സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നുമാണ് മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക