Image

സൗത്താംപ്ടണ്‍ കണ്‍വെന്‍ഷന്‍ പുത്തന്‍ അഭിഷേകമായി

Published on 28 October, 2018
സൗത്താംപ്ടണ്‍ കണ്‍വെന്‍ഷന്‍ പുത്തന്‍ അഭിഷേകമായി

ബോണ്‍മൗത്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത നേതൃത്വം നല്‍കുന്ന രണ്ടാമത് അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്റെ അഞ്ചാം ദിനം സൗത്താംപ്ടണ്‍ റീജിയനില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സെഹിയോന്‍ മിനിസ്ട്രിസ് ഡയറക്ടര്‍ റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ എന്നിവര്‍ മുഖ്യകാര്‍മ്മികരായ തിരുക്കര്‍മ്മങ്ങളില്‍, റീജിയണിലെ വൈദികരും സന്യാസിനികളും നിരവധി വിശ്വാസികളും പങ്കുചേര്‍ന്നു. ബോണ്‍മൗത് ലൈഫ് സെന്ററില്‍ നടന്ന കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ കണ്‍വീനര്‍ റവ. ഫാ. ടോമി ചിറക്കല്‍മണവാളന്‍, റെവ. ഫാ. ചാക്കോ പനത്തറ, കണ്‍വെന്‍ഷന്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു.

വി. കുര്‍ബാന സ്വീകരിക്കുന്നതിലല്ല, വി. കുര്‍ബാനയില്‍ ആയിരിക്കുന്നവന്‍ ആരാണന്നറിഞ്ഞു സ്വീകരിക്കുന്നതിലാണ് പ്രാധാന്യമെന്നു ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. നിത്യജീവന്റെ നിയോഗം ലഭിച്ചവര്‍ മാത്രമേ വി. കുര്‍ബാനയില്‍ ആയിരിക്കുന്നവനെ അറിയൂ. തായ്ത്തണ്ടിനോട് ചേര്‍ന്നുനില്‍ക്കുന്ന ശാഖയ്ക്കു മാത്രമേ ഫലം നല്‍കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിത്യജീവന്‍ സ്വന്തമാക്കാന്‍ ദൈവവചനം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന പ്രധാന പ്രഭാഷണം നടത്തിയ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. നിത്യജീവന്റെ അപ്പം വി. കുര്ബാനയാണ്. യോഗ്യതയോടെയും വേണ്ടത്ര ഒരുക്കത്തോടെയും വി. കുര്‍ബാന സ്വീകരിക്കുന്നതാണ് രക്ഷയ്ക്ക് കാരണമായി മാറുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. തുടര്‍ന്ന് വചന പ്രഘോഷണം നടത്തിയ രൂപത ഇവാഞ്ചെലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ എല്ലാ ക്രിസ്ത്യാനികള്‍ക്കുമുള്ള വചന പ്രഘോഷണ ദൗത്യത്തെക്കുറിച്ചു ഓര്‍മ്മിപ്പിച്ചു. കുട്ടികള്‍ക്കായി നടന്ന പ്രേത്യേക ശുശ്രുഷയില്‍ സെക്രട്ടറി റവ. ഫാ. ഫാന്‍സുവ പത്തില്‍, സീറോ മലബാര്‍ വി. കുര്‍ബാന ഇംഗ്ലീഷ് ഭാഷയില്‍ അര്‍പ്പിച്ചത് കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി.

അഭിഷേകാഗ്‌നി ഏകദിന കണ്‍വെന്‍ഷന്റെ ആറാം ദിനം ഇന്ന് ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ നടക്കും. ചെല്‍ട്ടന്‍ഹാം റേസ് കോഴ്‌സില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ശുശ്രുഷകള്‍. വി. കുര്‍ബാന, വചനപ്രഘോഷണം, ആരാധനാ സ്തുതിഗീതങ്ങള്‍, കുമ്പസാരം, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ തിരുക്കര്‍മങ്ങള്‍ പരിശുദ്ധാതമാവിന്റെ അഭിഷേകം വിശ്വാസികളില്‍ നിറയ്ക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍. തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. റെവ. ഫാ. പോള്‍ വെട്ടിക്കാട്ട് കണ്‍വീനറായുള്ള കമ്മറ്റിയാണ് ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. സ്വര്‍ഗീയദാനങ്ങളുടെ ഈ അനുഗ്രഹ നിമിഷത്തേക്ക് എല്ലാവരെയും പ്രാര്‍ത്ഥനയോടെ സ്വാഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട് പിആര്‍ഒ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക