Image

ഐ.എന്‍.ഒ.സി പുതിയ നേതൃത്വത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു

Published on 04 April, 2012
ഐ.എന്‍.ഒ.സി പുതിയ നേതൃത്വത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ ഭാരവാഹികളുടെ യോഗം പുതിയ കമ്മിറ്റിക്കും പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രഹാമിനും പിന്തുണ പ്രഖ്യാപിച്ചു. സംഘടന സ്വകാര്യ സ്വത്തും കോര്‍പ്പറേഷനുമാണെന്ന രീതിയില്‍ മുന്‍ പ്രസിഡന്റ്‌ ഡോ. സുരീന്ദര്‍ മല്‍ഹോത്ര എടുത്ത നിലപാടിലും യോഗം ശക്തമായ എതിര്‍പ്പ്‌ രേഖപ്പെടുത്തി.

സംഘടനയ്‌ക്ക്‌ നിയമപരമായ രീതിയില്‍ പ്രവര്‍ത്തിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ട്രഷറര്‍ കമല്‍ സ്രായെ ചുമതലപ്പെടുത്തി. തന്റേതുമാത്രമാണെന്ന നിലയില്‍ കോര്‍പ്പറേഷനായാണ്‌ ഐ.എന്‍.ഒ.സി യു.എസ്‌.എ, ഡോ. മല്‍ഹോത്ര ഇന്‍കോര്‍പ്പറേറ്റ്‌ ചെയ്‌തിരിക്കുന്നതെന്ന ധാരണയിലാണിത്‌.

സംഘടന സുഗമമായും നിയമവിധേയവുമായി പ്രവര്‍ത്തിക്കാനുള്ള അനുമതി ഹൈക്കമാന്‍ഡ്‌ നല്‍കിട്ടുണ്ടെന്നും അതിനാല്‍ ഇന്‍കോര്‍പ്പറേഷന്‍ ഉമ്മാക്കി കാട്ടി ഭയപ്പെടുത്തേണ്ടതില്ലെന്നും പുതിയ കമ്മിറ്റി വ്യക്തമാക്കി. ഇന്‍ കോര്‍പ്പറേഷന്‍ സംഘടനയുടെ പേരിലാക്കാന്‍ നിയമ നടപടിയെടുക്കും. അതുവരെയുള്ള പ്രവര്‍ത്തനത്തിന്‌ സംവിധാനവുമേര്‍പ്പെടുത്തും.

പുതിയ പ്രസിഡന്റിനും കമ്മിറ്റിക്കും പിന്നില്‍ അടിയുറച്ചുനിന്ന്‌ കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ സഫലമാക്കാന്‍ ശ്രമിക്കുമെന്ന്‌ യോഗം പ്രമേയത്തിലൂടെ വ്യക്തമാക്കി. ഐക്യവും സൗഹൃദവും നിലനിര്‍ത്തി അമേരിക്കയിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, ഇന്ത്യാ-യു.എസ്‌ ബന്ധം മെച്ചപ്പെടുത്തുന്നതിനും ശ്രമിക്കും.

പുതിയ കമ്മിറ്റിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്‌ എ.ഐ.സി.സി.സിയുടെ വിദേശ വിഭാഗം തലവന്‍ ഡോ. കരണ്‍സിംഗിന്‌ നന്ദി പ്രകാശിപ്പിച്ചു. യോഗം സോണിയാ ഗാന്ധിയുടെ നേതൃത്വത്തിനും ഐ.എന്‍.ഒ.സിയുടെ വളര്‍ച്ചയ്‌ക്ക്‌ അവര്‍ നല്‍കിയ സംഭാവനകള്‍ക്ക്‌ ആദരവ്‌ അര്‍പ്പിച്ചു.

ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചുകൊണ്ടുള്ള മല്‍ഹോത്രയുടെ പ്രസ്‌താവനകളില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. നേതൃമാറ്റം ഉത്തരവിട്ട കേന്ദ്ര നേതൃത്വത്തെ ധിക്കരിച്ച നടപടി അവസാനിപ്പിച്ച്‌ സംഘടനയുടെ നന്മയ്‌ക്കായി രംഗത്തിറങ്ങാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.

സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ശുദ്ധ്‌ ജസൂ
എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും, ഇന്ത്യന്‍ സമൂഹത്തിന്റെ ശബ്‌ദമായി ഐ.എന്‍.ഒ.സിയെ മാറ്റുകയും വേണമെന്ന്‌ നിര്‍ദേശിച്ചു.

ഭൂതകാല ഭിന്നതകള്‍ മറന്ന്‌ ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രഹാം ആഹ്വാനം ചെയ്‌തു. ജനാധിപത്യപരവും സുതാര്യവുമായ രീതിയില്‍ സംഘടനയെ കെട്ടിപ്പെടുക്കുമെന്നും സമാഹരിക്കുന്ന ഓരോ ചില്ലിക്കാശിനും കണക്ക്‌ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രയില്‍ നിന്നുള്ള പാര്‍ലമെന്റംഗം മധു യക്‌ഷിയെ ഐഎന്‍ഒസിയുടെ ആന്ധ്രാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ മഹേഷ്‌ സലാഡി പരിചയപ്പെടുത്തി. പുതിയ ഭാരവാഹികളെ അഭിനന്ദിച്ച എം.പി, പ്രവാസികളുടെ ശബ്‌ദമായി ന്യൂഡല്‍ഹിയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന്‌ ഉറപ്പുനല്‍കി. പ്രവാസികളും കോണ്‍ഗ്രസുമായുള്ള പാലമായി ഐഎന്‍ഒസി പ്രവര്‍ത്തിക്കണം.

ഹരിയാന ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഗുരണ്‍ സിംഗ്‌, പഞ്ചാബ്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഗുര്‍മീത്‌ സിംഗ്‌, വര്‍ഗീസ്‌ കളത്തില്‍ (കേരള ചാപ്‌റ്റര്‍), പീറ്റര്‍ Bhedda (ലോംഗ്‌ഐലന്റ്‌ ചാപ്‌റ്റര്‍), ദല്‍ജിത സിംഗ്‌ (ഡല്‍ഹി ചാപ്‌റ്റര്‍), മാലിനി ഷാ (ഡയമണ്ട്‌ കൗണ്‍സില്‍), ജുനേദ്‌ ഖാസി (മധ്യപ്രദേശ്‌ ചാപ്‌റ്റര്‍), മഹേഷ്‌ സലാഡി (ആന്ധ്രപ്രദേശ്‌ ചാപ്‌റ്റര്‍), എറിക്‌ കുമാര്‍ (ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍) എന്നിവര്‍ക്ക്‌ പുറമെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗങ്ങള്‍ ഡോ. നജ്‌മ സുല്‍ത്താന, പാം കവാത്ര, ഫുമാന്‍ സിംഗ്‌, മൊഹീന്ദര്‍ സിംഗ്‌ ഗില്‍സിയാന്‍, കരണ്‍ജിത്ത്‌ ധാലിവാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഐ.എന്‍.ഒ.സി പുതിയ നേതൃത്വത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു
മധു യക്‌ഷി എം.പി പ്രസംഗിക്കുന്നു
ഐ.എന്‍.ഒ.സി പുതിയ നേതൃത്വത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക