Image

ജോണിയും ഫ്രഞ്ച്‌ വിപ്ലവവും ഹുവും ഇന്ന്‌ പ്രദര്‍ശനത്തിനെത്തുന്നു

Published on 26 October, 2018
ജോണിയും ഫ്രഞ്ച്‌ വിപ്ലവവും ഹുവും  ഇന്ന്‌ പ്രദര്‍ശനത്തിനെത്തുന്നു


തിയേറ്ററുകളിലേക്ക്‌ ഇന്നെത്തുന്നത്‌ മൂന്ന്‌ ചിത്രങ്ങള്‍. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ജോണി ജോണി യെസ്‌ അപ്പായും സണ്ണിവെയ്‌ന്‍ നായകനായി എത്തുന്ന ഫ്രഞ്ച്‌ വിപ്ലവവും പേളി മാണി നായികയാവുന്ന ഹു വുമാണ്‌ ഇന്ന്‌ തിയേറ്ററുകളിലെത്തുന്ന മൂന്ന്‌ ചിത്രങ്ങള്‍.

കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ജോണി ജോണി യെസ്‌ അപ്പാ. നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ ആത്മബന്ധങ്ങളുടെ കഥ പറഞ്ഞ്‌ കണ്ണൂരിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു ഹ്യൂമര്‍ പാക്ക്‌ഡ്‌ കുടുംബചിത്രമാണ്‌ ഇത്‌. ഒരപ്പന്റെയും മൂന്ന്‌ ആണ്‍മക്കളുടെയും കഥയാണ്‌ പ്രധാന ഇതിവൃത്തം.

നാല്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ഗീത മലയാള സിനിമയിലേക്ക്‌ തിരിച്ച്‌ വരുന്ന ചിത്രമാണിത്‌. അനു സിത്താരയാണ്‌ നായിക. വിജയരാഘവന്‍, മംമ്‌ത മോഹന്‍ദാസ്‌, ടിനി ടോം, ഷറഫുദീന്‍, മാസ്റ്റര്‍ സനൂപ്‌ സന്തോഷ്‌ തുടങ്ങി വലിയ താനനിര തന്നെ ചിത്രത്തിലുണ്ട്‌. വെള്ളിമൂങ്ങയ്‌ക്ക്‌ ശേഷം ജോജി തോമസ്‌ തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്‌ വൈശാഖ്‌ രാജനാണ്‌. ഷാന്‍ റഹമാനാണ്‌ സംഗീത സംവിധാനം.

സണ്ണി വെയ്‌നിനെ നായകനാത്തി നവാഗത സംവിധായകന്‍ മജു ഒരുക്കുന്ന ചിത്രമാണ്‌ ഫ്രഞ്ച്‌ വിപ്ലവം. ചിത്രത്തില്‍ ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ്‌ സണ്ണി വെയ്‌ന്‍ അവതരിപ്പിക്കുന്നത്‌.

90 കളുടെ പശ്ചാത്തിലൊരുങ്ങുന്ന ചിത്രം ആ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത്‌ ഈ ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളും അവതരിപ്പിക്കുന്നു. ലിജോ ജോസ്‌ പെല്ലിശേരി ചിത്രം ഈ മയൗ വിലെ നായിക ആര്യയാണ്‌ ഈ സിനിമയിലും നായികയായെത്തുന്നത്‌.

ലാല്‍, ചെമ്പന്‍ വിനോദ്‌, കലിംഗ ശശി, വിഷ്‌ണു, ഉണ്ണിമായ, കൃഷ്‌ണ തുടങ്ങിയവരാണ്‌ മറ്റുതാരങ്ങള്‍. അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍.കെ.ജെ, ജാഫര്‍ കെ .എ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനുവാണ്‌ നിര്‍വ്വഹിക്കുന്നത്‌.


മാജിക്കല്‍ റിയലിസത്തോടൊപ്പം, ടൈം ട്രാവലും, സൈക്കോളജിയും ചേര്‍ത്തു വെച്ച്‌ ഒരു ഇന്‍ഡി ചിത്രമാണ്‌ ഹു. അജയ്‌ ദേവലോകയാണ്‌ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. പേളി മാണി നായികയാകുന്ന ത്രില്ലര്‍ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ശ്രുതി മേനോന്‍, പ്രശാന്ത്‌ നായര്‍ ഐഎഎസ്‌, രാജീവ്‌ പിള്ള, ഗോപു പടവീടന്‍ തുടങ്ങിയവരാണ്‌ മറ്റ്‌ പ്രധാന താരങ്ങള്‍.

നിഗൂഢമായ ചില രഹസ്യങ്ങളിലേക്ക്‌ പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്ന ചിത്രം മലയാള ഭാഷയില്‍ ഇത്തരത്തിലെ ആദ്യ ചിത്രമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക