Image

അഞ്ചാം മന്ത്രിക്ക്‌ പകരം സ്‌പീക്കര്‍ പദവി; ലീഗ്‌ തീരുമാനം ഇന്ന്‌

Published on 05 April, 2012
അഞ്ചാം മന്ത്രിക്ക്‌ പകരം സ്‌പീക്കര്‍ പദവി; ലീഗ്‌ തീരുമാനം ഇന്ന്‌
തിരുവനന്തപുരം: മുസ്‌ലീം ലീഗിന്റെ അഞ്ചാം മന്ത്രിക്ക്‌ പകരം സ്‌പീക്കര്‍ പദവി നല്‍കാമെന്ന്‌ കോണ്‌ഡഗ്രസിന്റെ അനൗദ്യോഗിക നിര്‍ദേശത്തിന്മേല്‍ ഇന്ന്‌ ലീഗ്‌ നേതൃത്വം തീരുമാനം കൈക്കൊള്ളും. നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിനു ഇന്നലെ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ സ്‌പീക്കര്‍ പദവി രാജിവയ്‌ക്കാന്‍ തയാറാണെന്ന്‌ അറിയിച്ച ജി. കാര്‍ത്തികേയന്‍ പക്ഷേ, ഒരു കാരണവശാലും താന്‍ മന്ത്രിസഭയിലേക്കില്ലെന്നു വ്യക്‌തമാക്കിയിരിക്കുകയാണ്‌.

മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇന്നലെ സോണിയ, എ.കെ. ആന്റണി, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്‌ത്രി എന്നിവരുമായും ഇരുവരും കൂടിക്കാഴ്‌ച നടത്തി. രമേശിന്റെ സ്‌ഥാനചലനം അദ്ദേഹത്തിന്റെ കൂടി താല്‍പര്യത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കും. എന്നാല്‍ ഈ വിഷയം ആരും തന്നോടു ചര്‍ച്ചചെയ്‌തിട്ടേയില്ലെന്നു നാട്ടിലേക്കു മടങ്ങുംമുന്‍പു രമേശ്‌ വെളിപ്പെടുത്തി. കെപിസിസി നേതൃയോഗവും രാഷ്‌ട്രീയകാര്യ സമിതിയും യോഗം ചേരുന്നതിനു മുന്നോടിയായി തിങ്കളാഴ്‌ച വൈകിട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അതീവ രഹസ്യമായി സ്‌പീക്കറുടെ ഔദ്യോഗിക വസതിയില്‍ ജി. കാര്‍ത്തികേയനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

അതിനിടെ അഞ്ചാംമന്ത്രിക്കു പകരം സ്‌പീക്കര്‍ എന്നത്‌ ഉള്‍പ്പെടെയുള്ള പുതിയ ഫോര്‍മുലകള്‍ കോണ്‍ഗ്രസ്‌ മുന്നോട്ടുവച്ചാല്‍ എന്തു നിലപാടെടുക്കണം എന്ന കാര്യത്തില്‍ മുസ്‌ലിം ലീഗ്‌ തീരുമാനം ഇന്ന്‌. കോണ്‍ഗ്രസ്‌ നേതൃത്വം ഇക്കാര്യം ഔദ്യോഗികമായി പറയുന്നതുവരെ പ്രതികരിക്കേണ്‌ടതില്ലെന്നാണ്‌ ലീഗ്‌ നേതൃത്വത്തിന്റെ തീരുമാനം. ഇന്ന്‌ മുസ്‌ലിം ലീഗ്‌ പാര്‍ലമെന്ററി കാര്യസമിതി കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യുമെന്നാണു സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക