Image

ശശിയുടെ പടിയിറക്കം; പിണറായിയുടെയും

ജി.കെ Published on 03 July, 2011
ശശിയുടെ പടിയിറക്കം; പിണറായിയുടെയും
ഒടുവില്‍ പി.ശശിയ്‌ക്കെതിരെ അനിവാര്യവും അനുയോജ്യവുമായ നടപടിയെടുക്കാന്‍ സിപിഎം തയാറായിയിരിക്കുന്നു. സദാചാരലംഘനത്തിന്‌ പി.ശശിയെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കുന്നതില്‍ കുറഞ്ഞൊരു നടപടിയും കേരളത്തിലെ ജനങ്ങളും പാര്‍ട്ടി അണികളും സിപിഎമ്മില്‍ നിന്ന്‌ പ്രതീക്ഷിച്ചിരുന്നില്ല. വൈകിയാണെങ്കിലും അണികളുടെ വികാരം മാനിക്കാന്‍ സിപിഎം തയാറായി എന്നാണ്‌ ശശിയെ പുറത്താക്കാനുള്ള തീരുമാനത്തിലൂടെ വ്യക്തമാവുന്നത്‌.

ശശിയുടെ പുറത്താകല്‍ പരമാവധി വൈകിപ്പിച്ച്‌ നടപടി ഒരുവര്‍ഷത്തെ സസ്‌പെന്‍ഷനില്‍ ഒതുക്കിയാല്‍ മതിയെന്ന്‌ സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കമുള്ളവര്‍ പങ്കെടുത്ത സെക്രട്ടറിയേറ്റ്‌ യോഗതീരുമാനത്തെ പൂര്‍ണമായും തള്ളിക്കൊണ്‌ടാണ്‌ ഔദ്യോഗിക പക്ഷത്തിന്‌ ഭൂരിപക്ഷമുള്ള സംസ്ഥാന സമിതി തീരുമാനമെന്നത്‌ പാര്‍ട്ടിയില്‍ പിണറായിയുടെ പിടി അയയുന്നതിന്റെ വ്യക്തമായ സൂചനയായി. കാരണം സെക്രട്ടറിയേറ്റ്‌ തീരുമാനത്തെ തിരുത്താനായി സംസ്ഥാനസമതി ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്‌ പിണറായിപോലും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു.

പി.ശശിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്‌ പരസ്യമായി ആവശ്യപ്പെട്ട വി.എസ്‌.അച്യുതാനന്ദന്റെ വ്യക്തിപരമായ വിജയം കൂടിയാണ്‌ ശശിക്കെതിരായ നടപടി. മാര്‍ച്ചില്‍ ശശിയെ ബ്രാഞ്ചിലേക്ക്‌ തരംതാഴ്‌ത്താന്‍ തീരുമാനിച്ചപ്പോള്‍ ശശിക്കെതിരെ താനും മാധ്യമങ്ങളും ആഗ്രഹിക്കുന്ന രീതീയലൊരു നടപടിയുണ്‌ടായില്ലെന്ന്‌ വി.എസ്‌. പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ആരോപണമുയര്‍ന്ന്‌ എട്ടുമാസങ്ങള്‍ക്ക്‌ ശേഷം വി.എസും ജനങ്ങളും ആഗ്രഹിക്കുന്ന രീതിയിലൊരു നടപടി സിപിഎം കൈക്കൊള്ളുമ്പോള്‍ ഇത്‌ അല്‍പം നേരത്തെയായിരുന്നെങ്കില്‍ ഒരുപക്ഷം സംസ്ഥാനത്ത്‌ അധികാരത്തുടര്‍ച്ചയുണ്‌ടാവുമെന്ന്‌ വി.എസ്‌ പക്ഷം ചൂണ്‌ടിക്കാട്ടുകയും ചെയ്യുന്നു.

വിഭാഗീയതില്‍ എന്നും പിണറായി പക്ഷത്തോട്‌ ഉറച്ചുനിന്നിട്ടുള്ള പി.ശശിയെയും പരിയാരം മെഡിക്കല്‍ കോളജ്‌ പ്രവേശന നടപടികളുടെ പേരില്‍ ഔദ്യോഗികപക്ഷത്തെ മറ്റൊരു കരുത്തനായ എം.വി.ജയരാജനെയും സംസ്ഥാനക്കമ്മിറ്റി യോഗത്തില്‍ പ്രതിക്കൂട്ടിലാക്കിയ വി.എസ്‌.പക്ഷം ഔദ്യോഗികപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്‌ വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രതിഫലിക്കുമെന്നുള്ള കാര്യം ഉറപ്പാണ്‌.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു യുവജനതനേതാവ്‌ പാര്‍ട്ടി സെക്രട്ടറിയെ നേരില്‍ക്കണ്‌ട്‌ പരാതി ഉന്നയിച്ചിട്ടും അനങ്ങാതിരുന്ന ഔദ്യഗികപക്ഷം സംസ്ഥാന കമ്മിറ്റി അംഗം സി.കെ.പി.പദ്‌മനാഭന്‍ തന്നെ പാര്‍ട്ടി നേതൃത്വത്തിനുമുന്നില്‍ പരാതിയുമായി എത്തിയതോടെയാണ്‌ ശശിയ്‌ക്കെതിരെ ചെറുവിരലെങ്കിലും അനക്കാന്‍ തയാറായത്‌. എന്നാല്‍ അപ്പോഴൊക്കെ കഴുത്ത്‌ വേദനയുടെ പേരില്‍ അവധി നല്‍കുന്നുവെന്ന്‌ പറഞ്ഞ്‌ ശശിയെ സുരക്ഷിതമേഖലയില്‍ നിര്‍ത്താന്‍ ഔദ്യോഗികപക്ഷം ശ്രദ്ധിച്ചിരുന്നു.

ശശിക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിയ്‌ക്കെതിരായ അപവാദപ്രചരണമാണെന്നും ശശിവിഷയം ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന്‌ പറഞ്ഞ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്‌തും കണ്ണൂര്‍ ലോബി ശശിയെ കാത്തു. ഒടുവില്‍ നടപടി അനിവാര്യമായപ്പോള്‍ അത്‌ നീട്ടിക്കൊണ്‌ടുപോകാനും തിരിച്ചുവരവിനുള്ള പഴുതിട്ട്‌ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാനും ഔദ്യോഗികപക്ഷം ആവുന്നത്‌ ശ്രമിച്ചു. എന്നാല്‍ അന്നും ഇന്നും ശശിക്കെതിരെയുള്ളത്‌ സദാചാരലംഘനക്കുറ്റമാണെന്ന്‌ പരസ്യമായി പറഞ്ഞ്‌ വി.എസ്‌. ഔദ്യോഗികപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വി.എസിന്റെ സാന്നിധ്യം അനിവാര്യമായിരുന്നതുകൊണ്‌ട്‌ വി.എസിനെതിരെ പരസ്യനിലപാടെടുക്കാന്‍ ഔദ്യോഗികപക്ഷം അന്ന്‌ ധൈര്യപ്പെട്ടില്ല.

തെരഞ്ഞടുപ്പിന്‌ ശേഷമാകട്ടെ തിളക്കമാര്‍ന്ന പ്രകടനത്തില്‍ വി.എസിനുള്ള പങ്ക്‌ നിഷേധിക്കാനാവാത്ത സാഹചര്യത്തില്‍ ഔദ്യോഗികപക്ഷം അകപ്പെടുകയും ചെയ്‌തു. തെരഞ്ഞെടുപ്പില്‍ വി.എസ്‌.സ്വീകരിച്ച നിലപാടുകളായിരുന്നു ശരിയെന്ന്‌ ജനങ്ങള്‍ വിധിയെഴുതിയതോടെ വി.എസിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ തെരഞ്ഞെടുപ്പില്‍ സീറ്റ്‌ നിഷേധിക്കപ്പെട്ട ഔദ്യോഗികപക്ഷത്തെ കരുത്തയായ പി.കെ. ശ്രീമതിയും ഇ.പി.ജയരാജന്‍ എം.എല്‍എയുമെല്ലാം തയാറായി. അത്‌ വി.എസിന്‌ പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ കരുത്ത്‌ നല്‍കിയെന്നാണ്‌ ശശിക്കെതിരായ നടപടി തെളിയിക്കുന്നത്‌.

ശശിയെ പുറത്താക്കണമെന്ന്‌ സംസ്ഥാനസമിതിയില്‍ വീറോടെ വാദിച്ചവരില്‍ പി.കെ.ശ്രമീതിക്കും ഇ.പി.ജയരാജനും പുറമെ വി.എസിന്റെ ഏറ്റവും വലിയ വിമര്‍ശകനായ തോമസ്‌ ഐസക്കുമുണ്‌ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്‌.

ഈ കരുത്ത്‌ വി.എസ്‌ വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളിലും ആവര്‍ത്തിക്കുമോ എന്നാണ്‌ ഇപ്പോള്‍ പിണറായി പക്ഷം ഭയക്കുന്നത്‌. കാരണം ഒരു പതിറ്റാണ്‌ടായി പാര്‍ട്ടിയിലെ അധികാരകേന്ദ്രങ്ങളെ വി.എസ്‌-പിണറായി പക്ഷമെന്ന്‌ രണ്‌ടായി വിഭജിക്കാമായിരുന്നു. സെക്രട്ടറി സ്ഥാനത്തെത്തയശേഷം വി.എസ്‌.പക്ഷ നേതാക്കളെ പാര്‍ട്ടി സമിതികളില്‍ നിന്ന്‌ എങ്ങിനെയൊക്കെ ഒഴിവാക്കാമെന്ന കാര്യത്തിലായിരുന്നു പിണറായി പക്ഷത്തിന്റെ ശ്രദ്ധമുഴുവന്‍. ഒടുവില്‍ പാര്‍ട്ടി പൂര്‍ണമായും കൈപ്പിടിയൊലുത്തുകയും എതിര്‍ശബ്‌ദങ്ങളെയെല്ലാം അച്ചടക്കത്തിന്റെ വാളുകൊണ്‌ട്‌ അരിഞ്ഞു വീഴ്‌ത്തുകയും ചെയ്‌ത്‌ പാര്‍ട്ടി കൈവള്ളയിലായെന്ന്‌ ഉറപ്പാക്കിയിരിക്കെയാണ്‌ പിണറയി വിജയന്‌ വി.എസിന്റെ നിയമസഭാ സ്ഥാനാര്‍ഥിത്വത്തിലൂടെയും ശശിക്കെതിരായ നടപടിയിലൂടെയും തുടര്‍ച്ചയായി തിരിച്ചടികളേറ്റിരിക്കുന്നത്‌. പിണറായി യുഗം അവസാനിക്കുന്നതിന്റെ സൂചനയാണോ ഇതെന്ന്‌ പോലും ചിലര്‍ സംശയിക്കുന്നുണ്‌ട്‌.

തെറ്റുതിരുത്തല്‍ രേഖ കര്‍ശനമായി നടപ്പാക്കുകയാണെങ്കില്‍ അടുത്ത പാര്‍ട്ടി സംസ്ഥാനസമ്മേളനത്തോടെ സ്ഥാനമൊഴിയേണ്‌ടിവരുന്ന പിണറായിയുടെ പക്ഷത്ത്‌ നില്‍ക്കുന്നതിനേക്കാള്‍ പ്രതിപക്ഷ നേതാവായ വി.എസിന്റെ കൂടെ നില്‍ക്കുന്നതാണ്‌ കൂടുതല്‍ ഉചിതമെന്ന്‌ കണ്ണൂരിലെ സഖാക്കള്‍ തീരുമാനിക്കുമോ എന്നാണ്‌ പിണറായി പക്ഷത്തെ ഇപ്പോള്‍ ഭയപ്പെടുത്തുന്നത്‌.

അത്‌ യാഥാര്‍ഥ്യമായാലും ഇല്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല പാര്‍ട്ടിയിലും വി.എസിന്‌ ആരാധകര്‍ കൂടിവരികയാണെന്നാണ്‌ സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌. ഡെമോക്ലിസിന്റെ വാളുപോലെ ലാവലിന്‍ കേസ്‌ തലയ്‌ക്കുമേലെ തൂങ്ങി നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും അത്‌ പിണറായിക്ക്‌ ശുഭവാര്‍ത്തയല്ല. ഒപ്പം ഔദ്യോഗികപക്ഷത്തിന്റെ കരുത്തായ കണ്ണൂര്‍ ലോബിക്കും.
ശശിയുടെ പടിയിറക്കം; പിണറായിയുടെയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക