Image

ഭ്രമണം (ഭാഗം : 2 - ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 24 October, 2018
ഭ്രമണം (ഭാഗം : 2 -  ജോണ്‍ വേറ്റം)
ആരേയും ആശ്രയിക്കുന്നത് നാരായണപിള്ളക്ക് വെറുപ്പായിരുന്നു. വേണ്ടപ്പെട്ടവരുടെ മുമ്പില്‍ കൈനീട്ടാനുള്ള മടി. പകല്‍ സമയത്ത് വീട്ടിലിരിക്കും. സന്ധ്യകൊഴിയുമ്പോള്‍ അമ്മാവന്‍ കൊടുത്ത വടിയുമെടുത്ത് ഗ്രാമപാതയിലൂടെ നടക്കും. അത് പതിവായിരുന്നു. വീട്ടുകാര്യങ്ങളുടെ ചുമതല കര്‍ത്തവ്യബോധമുള്ള ഭാര്യയുടെ ചുമലിലായി.

അന്ന്, ഉച്ചമറഞ്ഞപ്പോള്‍, ഭാനുമതിയമ്മ അച്ഛനമ്മാരെ കാണുവാന്‍ പോയി. വീടിനുവേണ്ട സാധനങ്ങളുമായി പിറ്റേന്ന് വരും. സുഭദ്ര നിലവിളക്ക് കൊളുത്തിവച്ചതുകണ്ടശേഷം, നാരായണപിള്ള വടിയുമെടുത്തു നടക്കാനിറങ്ങി. പാതി വഴി പിന്നിട്ടപ്പോള്‍ ചന്നം പിന്നം ചാറുന്ന മഴ. അതു കനക്കുമെന്നു വിചാരിച്ചു തിരിഞ്ഞുനടന്നപ്പോള്‍ ഇടിയും മിന്നലും. ആകാശം കറുത്തു. ഭൂമുഖത്ത് ഇരുള്‍. മുറ്റത്തെത്തുന്നതിന് മുമ്പ് വന്മഴ തുടങ്ങി. ശക്തിയുള്ള കാറ്റ്. ഉമ്മറപ്പടിമേല്‍ കത്തിച്ചുവച്ച വിളക്ക് അണഞ്ഞതിനാല്‍ വെട്ടമില്ല. നാരായണപിള്ള  തിണ്ണയില്‍ കയറിനിന്നു. സുഭദ്രയെ വിളിച്ചു. അവള്‍ വിളി കേട്ടില്ല. അയാള്‍ മുറികള്‍ തുറന്നുനോക്കി. അവിടെയും മകളില്ല. വീണ്ടും വിളിച്ചു. അപ്പോഴും വിളികേട്ടില്ല. അടുക്കളയില്‍ കടന്നു. അടുപ്പില്‍ തീയുണ്ട്. അതിന്റെ ചെറിയവെട്ടത്തില്‍ വെളിയിലേക്കുള്ള വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് അന്ധാളിച്ചു. അടുക്കളുടെ പിന്നില്‍ ചായിപ്പുണ്ട്. പെട്ടെന്ന് 'ഫഌഷ് ലൈറ്റ്' എടുത്തു. അടുക്കളവാതില്‍ കടന്നു. മഴനനയാതിരിക്കാന്‍ ഭിത്തിയോട് ചേര്‍ന്നു നടന്നു.

ചായിപ്പിനുള്ളില്‍ സീല്‍ക്കാരം. ഫഌഷ്‌ലൈറ്റ് തെളിച്ചു നോക്കി. നാരായണപിള്ള നിമിഷനേരം സ്തംഭിച്ചുനിന്നു. അയലത്തെ വിജാതീയനായ ചെറുപ്പക്കാരന്‍ ചാടിയെഴുന്നേററു. നാരായണപിള്ളയെ തള്ളിമാറ്റി ഓടാന്‍ ശ്രമിച്ചു. അതു ശക്തമായ മല്ലയുദ്ധമായി. യുവാവ് നാരായണപിള്ളയെ തൊഴിച്ചു. ജീവിതത്തിലുണ്ടായ ആദ്യത്തെ തിക്താനുഭവം! അഭിമാനത്തിനേറ്റ താഡനം. അഗാധമായ ആത്മനൊമ്പരവും കത്തിക്കാളിയ കോപവും ഒരു നിമിഷം ചിന്തിക്കാന്‍ അനുവദിച്ചില്ല. നാരായണപിള്ള വടിയില്‍ നിന്ന് വാള്‍ ഊരിയെടുത്ത് വെട്ടി. രണ്ട് പ്രാവശ്യം. വെട്ടേറ്റയാള്‍ അലറിക്കൊണ്ടോടി. എങ്കിലും. വഴിയില്‍ കുഴഞ്ഞുവീണു. പിറ്റേന്ന് മരിച്ചു.
കേസ് പ്രമാദമായിരുന്നു. ഭവനം ഭേദിച്ചുകൊല്ലാന്‍ ശ്രമിച്ചയാളിനെ സ്വയരക്ഷക്കുവേണ്ടി വെട്ടിയെന്ന വാദം വിജയിക്കുമെന്ന് പ്രതീക്ഷിച്ചു. സുഭദ്ര അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ചു. എങ്കിലും എതിര്‍ വിസ്താര വേളയില്‍, അവളുടെ മൊഴിയിലൂടെ, കാണാമറയത്തുണ്ടായ ഒരു അവിഹിതവേഴ്ചയുടെ മറ അഴിഞ്ഞുവീണു. നാരായണപിള്ള, ക്രൂരമായ കൊലപാതകത്തിന്, ശിക്ഷിക്കപ്പെട്ടു.!

ആല്‍ത്തറയിലിരുന്ന് അയാള്‍ വീണ്ടും ചിന്തിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്നെ കാണാന്‍ ആരും വന്നില്ല. അത് അര്‍ത്ഥമാക്കുന്നത് എന്താണ്? സമ്പന്നതയും സമൃദ്ധിയും എനിക്ക് വേണ്ട. അന്ത്യം വരെ, ഭാര്യയേയും മക്കളേയും കണ്ടാല്‍ മതി. അതിനുവേണ്ടി കഷ്ടതയും ഇടുക്കവുമില്ലാത്തൊരു വഴി വേണം. ഇപ്പോള്‍, അവര്‍ എന്നെകാണുമ്പോള്‍ കരുണയോടെ സ്വീകരിക്കും. മറിച്ച്, വെറുപ്പോടെ കാര്‍ക്കിച്ചു തുപ്പുമോ? ഇല്ല അങ്ങനെ സംഭവിക്കില്ല. കാണുമ്പോള്‍ ഓടി വന്നു കെട്ടിപ്പിടിക്കും. ഞാന്‍ എന്നും അവരോട് നന്ദിയും സ്‌നേഹവുമുള്ളവനായിരിക്കും. എന്റെ ജീവിതത്തിന്റെ ഗതിമാറ്റുകയും അഭിമാനത്തില്‍ ആണിതറയ്ക്കുകയും ചെയ്ത മകളെ മാപ്പ് കൊടുത്ത് മാറില്‍ ചേര്‍ക്കാന്‍ കഴിയും. നാളെ, എന്നെ കാണുമ്പോള്‍ ബന്ധുക്കള്‍ സന്തോഷിക്കും.
ആകാശത്ത് കരിമേഘങ്ങള്‍ ചിതറിക്കിടന്നതിനാല്‍, നിലാവുദിച്ചിട്ടും അരണ്ടവെളിച്ചം. പാതിരാവായി. നാരായണപിള്ള നടന്നു. ആരും തിരിച്ചറിയാതിരിക്കാന്‍ തലമറച്ചു. ഉന്മേഷവും സംതൃപ്തിയും ഉള്ളില്‍ നിറഞ്ഞു. വീടിന്റെ മുമ്പില്‍ പടിപ്പുരയില്ല. 

തല്‍സ്ഥാനത്ത് മുളങ്കീറുകള്‍ ചേര്‍ത്തുണ്ടാക്കിയ വേലി വച്ചിരിക്കുന്നു. അതിന്റെ അടച്ചിട്ട വാതില്‍ക്കല്‍ നിന്നു. വീട്ടിനുള്ളിലെ വെട്ടം വാതായനത്തിലൂടെ കാണാം. ചുറ്റുവട്ടത്ത് നിശ്ശബ്ദത. നിലാവ് തെളിഞ്ഞപ്പോള്‍, വീട്ടുവാതില്ക്കല്‍ ആരോ ഇരിക്കുന്നത് കണ്ടു. സുഖദചിന്തകള്‍ പെട്ടെന്ന് നിലച്ചു. സ്വയം ചോദിച്ചു: അതാരാ? അസ്വസ്ഥ സംശയം.
വേലിയുടെ വാതില്‍ തുറക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സ് വിലക്കി. അപ്പോള്‍, വീട്ടുവാതിയ്ക്കല്‍ ഇരുന്നയാള്‍ തീപ്പെട്ടി ഉരച്ചു ബീഡികത്തിച്ചു പുകവലിക്കുന്നതുകണ്ടു. പകച്ചുനിന്നു. കുടുംബത്തിലെന്തോ സംഭവിച്ചിരിക്കുന്നു. അത് എന്താണ്? പീഡനത്താലും ശിക്ഷയാലും ഒറ്റപ്പെട്ട ഞാന്‍ വീണ്ടും ഒരു പരീക്ഷണത്തിന് പോകണമോ? അപമാനവും അവഗണനയും ഏല്‍ക്കേണ്ടിവരുമോ? ഭര്‍ത്താവുണ്ടായിട്ടും വിധവയെപ്പോലെ ജീവിച്ച എന്റെ ഭാര്യ. അവള്‍ക്ക് എന്തെങ്കിലും സംഭവിച്ചുവോ? വാതില്‍ക്കല്‍ ഇരിക്കുന്ന ആള്‍ അവളുടെ ആരാണ്? സുഖഭോഗിനിയായ മകള്‍ ഇപ്പോഴും ഏകാകിനിയോ? കരളില്‍ കനലുകള്‍ വീണതുപോലെ വേദനിച്ചു! അഭിമാനവും ആഭിജാത്യവും ചൂടുള്ള ചിന്തയില്‍ ജ്വലിച്ചു. മരിക്കരുതാത്ത മനുഷ്യനെപ്പോലെ, വെളിവ് നിറഞ്ഞ വിശ്വാസവുമായി വന്നവഴിയേ, നാരായണപിള്ള തിരിഞ്ഞുനടന്നു!
(അവസാനിച്ചു)

ഭ്രമണം (ഭാഗം : 2 -  ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക