Image

ഹാട്രിക് കിരീടവുമായി എംഎംഎ; യുക്മ നോര്‍ത്ത് വെസ്റ്റ് റീജണ്‍ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി

Published on 23 October, 2018
ഹാട്രിക് കിരീടവുമായി എംഎംഎ; യുക്മ നോര്‍ത്ത് വെസ്റ്റ് റീജണ്‍ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച യുക്മ നോര്‍ത്ത് വെസ്റ്റ് റീജണ്‍ കലാമേളയില്‍ മത്സരത്തിനെത്തിയ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ (എംഎംഎ) എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കിക്കൊണ്ട് മൂന്നാം തവണയും കിരീടം സ്വന്തമാക്കി. 

കഴിഞ്ഞ ദിവസം നടന്ന കലാമേളയില്‍ 211 പോയിന്റ് നേടി എല്ലാ മത്സരങ്ങളിലും സര്‍വാധിപത്യം നേടിയാണ് എംഎംഎ ഹാട്രിക് ചാമ്പ്യന്‍മാരായത്. 98 പോയിന്റുമായി വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനത്തും എംഎംസിഎ ഫസ്റ്റ് റ്റണ്ണറപ്പ് സ്ഥാനവും ലിമ നാലാം സ്ഥാനവും കരസ്ഥമാക്കി.

യുക്മ നാഷണല്‍ ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍ കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, സാന്ത്വനം പദ്ധതി, യുക്മ യൂത്ത്, യുക്മ നഴ്‌സസ് ഫോറം, അക്കാഡമിക് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍, കലാമേള, സ്‌പോര്‍ട്‌സ് തുടങ്ങിയവയും അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച വള്ളംകളിയും എടുത്ത് പറയത്തക്ക നേട്ടമാണെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ ജയകുമാര്‍ നായര്‍ പറഞ്ഞു. യുക്മ ദേശീയ ഉപാദ്ധ്യക്ഷ ഡോ. ദീപാ ജേക്കബ് വിശിഷ്ടാതിഥിയായിരുന്നു. സെക്രട്ടറി തങ്കച്ചന്‍ എബ്രഹം സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഷീജോ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. 

യുക്മ ട്രഷറര്‍ അലക്‌സ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, ദേശീയ നിര്‍വാഹക സമിതിയംഗം തമ്പി ജോസ്, റീജണ്‍ ട്രഷറര്‍ രഞ്ജിത്ത് ഗണേഷ്, ജോയിന്റ് സെക്രട്ടറി പി.കെ. ഹരികുമാര്‍, ജോയിന്റ് ട്രഷറര്‍ എബി തോമസ്, സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ സാജു കാവുങ്ങ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ജി.സി.എസ്.ഇ യ്ക്കും എ ലെവലിനും ഉന്നത വിജയം നേടിയ അഭിഷേക് അലക്‌സ്, ജിയാ ജിജോ, ഡോണാ ജോഷ്, ജിതിന്‍ സാജന്‍, ലക്ഷ്മി സാജന്‍, ഏഞ്ചല ബെന്‍സന്‍, ഐലിന്‍ ആന്റോ, പൂര്‍ണിമ ജീമോന്‍ എന്നീ കുട്ടികളെ ആദരിച്ചു. രഞ്ജിത്ത് ഗണേഷിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജണിന്റെ ഇതുവരെയുള്ള കലാമേളകളില്‍ ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികള്‍ പങ്കെടുത്ത കലാമേളയില്‍ ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികളെ അണിനിരത്തിയ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ (എം.എം.എ) തന്നെയാണ് സമ്മാനങ്ങള്‍ വാരിക്കൂട്ടി ചാമ്പ്യന്‍മാരായത്. വാറിംഗ്ടണ്‍ മലയാളി അസോസിയേഷനിലെ റിമാ ഷീജോ കലാതിലകമായും ലിവര്‍പൂള്‍ മലയാളി അസോസിയേഷനിലെ അലിക് മാത്യു കലാ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പിന് ജിക്‌സി എസ്, സ്‌റ്റെഫി സ്രാമ്പിക്കല്‍ എന്നിവര്‍ അര്‍ഹരായി.

സമാപന സമ്മേളനം യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ഉദ്ഘാനം ചെയ്തു. യുകെയിലെ മലയാളി സമൂഹത്തെ ഒന്നാകെ ഒരു കുടക്കീഴിലാക്കി ഒരുമനമായ് മുന്നോട്ട് കൊണ്ടു പോകുവാന്‍ യുക്മ എന്ന പ്രസ്ഥാനത്തിന് മാത്രമേ കഴിയുകയുള്ളൂ എന്ന് യുക്മ പ്രസിഡന്റ് ഓര്‍മിപ്പിച്ചു. യുകെ മലയാളികള്‍ യുക്മയെ നെഞ്ചിലേറ്റിയത് മലയാളികളുടെ നാനാവിധത്തിലുള്ള ഉന്നമത്തിനായി യുക്മ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു എന്നുള്ളതു കൊണ്ടാണ്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് മുന്നേറിയപ്പോള്‍ ഒപ്പം നിന്ന മലയാളി സമൂഹത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. നോര്‍ത്ത് വെസ്റ്റ് റീജണിന്റെ പ്രവര്‍ത്തനങ്ങളെയും പ്രസിഡന്റ് അഭിനന്ദിച്ചു. സജീവമല്ലാതെ നില്‍ക്കുന്ന അസോസിയേഷനുകളോടും യുക്മ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടുവാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. അടുത്ത ശനിയാഴ്ച നടക്കുന്ന യുക്മ നാഷണല്‍ കലാമേളയില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും മാമ്മന്‍ ഫിലിപ്പ് ക്ഷണിക്കുകയും ചെയ്തു.

തുടര്‍ന്നു നടന്ന സമ്മാനദാനത്തില്‍ യുക്മയുടെ നാഷണല്‍, റീജണല്‍, അസോസിയേഷന്‍ ഭാരവാഹികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക