Image

ഫിനിക്‌സ് (കവിത: ജയന്‍ വര്‍ഗീസ്)

Published on 22 October, 2018
ഫിനിക്‌സ് (കവിത: ജയന്‍ വര്‍ഗീസ്)
ആരു പറഞ്ഞിങ്ങിരുട്ടാണി, ണിരുട്ടിന്റെ
യാരവ കോമരത്തില്‍,
ആര് പറഞ്ഞു വെളിച്ചം മരിച്ചുവെ
ന്നാകെയീ പാരിടത്തില്‍ ?

പാലൊളിച്ചന്ദ്രിക കാര്‍മേഘ, കശ്മല
ക്രൂര ബലാത്സംഗത്താല്‍,
ചോരയില്‍ മുങ്ങി, ക്കറൂത്ത് കരുവാളി
ച്ചാകാശ ക്കാട്ടില്‍ വീണാല്‍,

താരകള്‍ കണ്ണുനീര്‍ ത്തുള്ളികളിറ്റിച്ചു
മൂകം മുഖം കുനിച്ചാല്‍,
സൂര്യന്‍ കറുത്ത കരിന്പടക്കെട്ടിന്റെ
മാറില്‍ വിതുന്പി നിന്നാല്‍,

നോവിന്റെ ദൃംഷ്ടങ്ങളേറ്റു വസുന്ധര
യേവം പിടഞ്ഞു വീണാല്‍,
തീരുകയാണോ വസന്തങ്ങളെന്നു നാ
മാധിയാല്‍ തേങ്ങിയേക്കാം.

സാരമില്ലൊന്നും വരില്ല, നാം നമ്മുടെ
ധീരമാം കാല്‍വയ്പുകള്‍,
ചാലെത്തുടരുക, ടുത്ത പാദത്തിനാ
യാവശ്യം വെട്ടമെത്തും !

സൂര്യനും,ചന്ദ്രനും, താരവു, മില്ലാതെ
ചാരെയരിച്ചെത്തു, മാവെളിച്ചം
ഈശ്വരന്‍ നമ്മളില്‍ കത്തിച്ച മണ്‍വിള
ക്കാളി പടരുന്ന നാളമല്ലേ.?

നൂറു വിമാന മിരന്പി യിടിച്ചു ത
കര്‍ക്കുവാനാകുമോ യീവെളിച്ചം ?
ആണവ ബോംബുകള്‍ക്കൂതി കെടുത്തുവാ
നാകുമോ സത്യമാ മീവെളിച്ചം ?

തീരുമോ മാനവ ധര്‍മ്മ യാഗാശ്വ
കുളന്പടി യോശായീ പാരിടത്തില്‍ ?
പോരുമോ നന്മയും, പൂക്കളും കോര്‍ത്തൊരു
മാല ചാര്‍ത്തിക്കാ, നുഷസന്ധ്യയെ ?

പോയ കാലത്തിന്‍ കബന്ധങ്ങളുന്മാദ
താളം ചവിട്ടി ക്കുഴച്ച മണ്ണില്‍,
ആയിര മഗ്‌നി കുണ്ഡങ്ങളില്‍ നിന്നുയിര്‍
ക്കൊള്ളും ഫിനിക്‌സുകള്‍ നമ്മളല്ലേ ?

ആരു പറഞ്ഞിങ്ങിരുട്ടാണി, ണിരുട്ടിന്റെ
യാരവ കോമരത്തില്‍,
ആര് പറഞ്ഞു വെളിച്ചം മരിച്ചുവെ
ന്നാകെ, യീപാരിടത്തില്‍ ?
Join WhatsApp News
വിദ്യാധരൻ 2018-10-22 22:30:14
ഇല്ലെന്നിലെ വെളിച്ചം 
കെടുത്തില്ലൊരിക്കലും  
കൈകുമ്പിളാൽ  കാത്തിടും ഞാൻ
കാറ്റടിക്കാതെ ഉലയാതെ കാത്തിടും ഞാൻ 

അദൃശ്യമെങ്കിലും 
അതിന്റെ ശോഭയാൽ 
എന്നന്തരംഗം പ്രബുദ്ധമാണെപ്പഴും 

ഇല്ലെന്റെ മുന്നിൽ 
വർത്തമാനവും ഭൂതവും ഭാവിയും 
ഇല്ലെന്റെ മുന്നിൽ ജനനമൃതികളൊന്നുമേ 
നീറ്റിടാനാവില്ലെന്നെ അഗ്നിയാൽ 
ഊതി കത്തിക്കുവാനാവില്ല കാറ്റിനാൽ 
കെടുത്തുവാനാവില്ല വൃഷ്ടിയാൽ 
ഞാനാണ് ചേതനയെന്ന ഫീനിക്സ് പക്ഷി 
ചിറകടിച്ചുയരട്ടെ ഈ വിഹായസ്സിൽ 
പറന്നുല്ലസിക്കട്ടെ അനന്തമാമീ അംബരത്തിൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക