Image

വി.എസ്‌ പി.ബിയിലെത്തുന്നകാര്യം ഉടന്‍ അറിയാനാകും: കാരാട്ട്‌

Published on 05 April, 2012
വി.എസ്‌ പി.ബിയിലെത്തുന്നകാര്യം ഉടന്‍ അറിയാനാകും: കാരാട്ട്‌
കോഴിക്കോട്‌: വി.എസ്‌. അച്യുതാനന്ദന്‍ പോളിറ്റ്‌ ബ്യൂറോയിലെത്തുന്നകാര്യം രണ്ട്‌മൂന്ന്‌ ദിവസങ്ങള്‍ക്കുള്ളില്‍ അറിയാനാകുമെന്നു സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക്‌ പ്രായപരിധി ഏര്‍പ്പെടുത്താനുള്ളത്‌ പുതിയ തീരുമാനമല്ലെന്നും ജനറല്‍ സെക്രട്ടറിക്ക്‌ മാത്രമല്ല, താഴേക്കിടയില്‍ വരെ ഇത്‌ ബാധകമാക്കാനാണ്‌ തീരുമാനമെന്നും കാരാട്ട്‌ പറഞ്ഞു.

പാര്‍ട്ടിയിലെ വിഭാഗീയത ഒരു പൊതു പ്രവണതയല്ലെന്നും രാജ്യത്ത്‌ ഇപ്പോള്‍ ഒരു ഇടക്കാല തിരഞ്ഞെടുപ്പിനുള്ള സാഹചര്യങ്ങളൊന്നുമില്ലെന്നും കാരാട്ട്‌ പറഞ്ഞു. മൂന്നാം മുന്നണിക്ക്‌ ഇപ്പോള്‍ ഒരു പ്രസക്തിയുമില്ല. കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും എതിരായ മൂന്നാം ബദല്‍ എന്ന ആശയം മാത്രമാണ്‌ പാര്‍ട്ടിയുടെ മുന്നിലുള്ളത്‌.

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടചാര്യ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നു വിട്ടുനില്‍ക്കുന്നത്‌ അനാരോഗ്യം കാരണമാണ്‌. തന്നെ പി.ബി.യില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബുദ്ധദേവ്‌ കത്തയച്ചിട്ടില്ല. കൊല്‍ക്കത്തയില്‍ നിന്നും കോഴിക്കോട്ടേയ്‌ക്ക്‌ യാത്ര ചെയ്യാനുള്ള വിഷമം ചൂണ്ടിക്കാട്ടി ബുദ്ധദേവ്‌ അയച്ച കത്ത്‌ സെന്‍ട്രല്‍ കമ്മിറ്റിക്ക്‌ കൈമാറിയിട്ടുണ്ട്‌. സി.സി. ബുദ്ധദേവിന്‌ അവധി അനുവദിച്ചിട്ടുണ്ടെന്നും കാരാട്ട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക