Image

കൊളോണ്‍ ദര്‍ശനയുടെ നാടകം 'സാഫല്യം' ഫ്രാങ്ക്ഫര്‍ട്ടില്‍ അരങ്ങേറി

Published on 20 October, 2018
കൊളോണ്‍ ദര്‍ശനയുടെ നാടകം 'സാഫല്യം' ഫ്രാങ്ക്ഫര്‍ട്ടില്‍ അരങ്ങേറി

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ മലയാളികളുടെ കലാക്ഷേത്രമായ ദര്‍ശന തീയേറ്റേഴ്‌സിന്റെ ബാനറില്‍ നാടകമെന്ന സപര്യ ഫ്രാങ്ക്ഫര്‍ട്ടില്‍ അരങ്ങേറിയപ്പോള്‍ ശൈത്യത്തിന്റെ പിടിയിലേയ്ക്കു മെല്ലെ നീങ്ങുന്ന ഒക്ടോബറിന്റെ പുതുഹര്‍ഷമായി സുഗന്ധം പരത്തി 'സാഫല്യം' മലയാളി മനസില്‍ വീണ്ടും വിരിഞ്ഞു. 

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 13 ന് ഫ്രാങ്ക്ഫര്‍ട്ട് ബൊണാമെസിലെ സാല്‍ബൗ നിഡാ ഹാളില്‍ അരങ്ങേറിയ നാടകം ആസ്വദിക്കുവാന്‍ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ എത്തിയിരുന്നു.

ദര്‍ശന അരങ്ങിലെത്തിച്ച 'സാഫല്യം' എന്ന നാടകം പറയുന്നത് പഴയൊരു കാളവണ്ടിക്കാരന്‍ തെളിച്ച റാന്തല്‍ വെളിച്ചത്തില്‍ കെട്ടിപ്പൊക്കിയ ഒരു കുടുംബത്തിന്റെ ആകെത്തുകയാണ്. ജീവിതനുകം ഒരുമിച്ചു വഹിക്കാന്‍ ഇറങ്ങിത്തിരിച്ച ഇണകളുടെ മനസുകള്‍ പിടിവാശിയുടെ, വിശ്വാസ ധ്വംസനത്തിന്റെ ചുഴലിക്കാറ്റില്‍പ്പെട്ട് വിദൂരതയിലേക്ക് ചിതറിക്കപ്പെട്ട കഥ, ഒടുവില്‍ കാലത്തിന്റെ പോക്കില്‍ ഒരു മരുഭൂമിയായിപ്പോയ തന്റെ ഉദ്യാനമധ്യത്തില്‍ നര്‍മ്മം വിതറുന്നൊരു തണല്‍മരമായി തലമുറകള്‍ക്ക് ചേക്കേറാന്‍ വാത്സല്യശാഖകളേന്തുന്ന ഒരു വയോവൃദ്ധന്റെ ജീവിതവൃത്താന്തം, പഴമയുടെ കണ്ണില്‍ നോവുന്ന കുറുന്പുകളുമായെത്തിയ പുതുതലമുറയുടെ കഥയായി പരിണമിച്ചപ്പോള്‍ നാടകത്തിന്റെ പരിസമാപ്തിയുമായി. 

ജര്‍മനിയിലെ നാടകാചാര്യനെന്നു വിശേഷിപ്പിക്കാവുന്ന ജോയി മാണിക്കത്തിന്റെ സംവിധാനവും ജര്‍മനിയിലെ രണ്ടാംതലമുറക്കാരന്‍ ഗ്‌ളെന്‍സണ്‍ മൂത്തേടന്‍ സഹസംവിധാനവും ഇണപിരിയാത്ത കണ്ണികളായി തീര്‍ന്നത് നാടകത്തിന്റെ ഏറ്റവും വലിയ വിജയമായി. 

ഗാനങ്ങളുടെ ഇന്പമാര്‍ന്ന ഈണങ്ങളും പക്വതയാര്‍ന്ന പശ്ചാത്തലസംഗീതവും കഥയുടെ അന്തസത്തയുള്‍ക്കൊണ്ട രംഗസജ്ജീകരണങ്ങളും ചാരുതയാര്‍ന്ന ദീപസംവിധാനവും ഇണങ്ങിചേര്‍ന്നപ്പോള്‍ സാമൂഹ്യ സംഗീത നാടകമായ സാഫല്യം ഫ്രാങ്ക്ഫര്‍ട്ട് മലയാളികള്‍ക്ക് നേര്‍ക്കാഴ്ചയുടെ ഉള്‍പ്പുളകമാര്‍ന്ന സായൂജ്യ സാഫല്യമായി. ജര്‍മനിയിലെ രണ്ടു തലമുറകളും ചേര്‍ന്ന കലാകാരന്മാരുടെ കലര്‍പ്പില്ലാത്ത അഭിനയവും ശുദ്ധമായ സംഭാഷണവും സാഫല്യത്തെ ഏറെ ജീവനുള്ളതാക്കി. 

ഫ്രാന്‍സിസ് ടി. മാവേലിക്കരയാണ് നാടകത്തിന്റെ രചന നിര്‍വഹിച്ചത്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ആലപ്പി വിവേകാനന്ദന്‍ നല്‍കിയ സംഗീതത്തില്‍ അഭിലാഷ് രാമ, ശുഭ രഘുനാഥ് എന്നിവരാണ് ഗാനം ആലപിച്ചത്.

പാപ്പച്ചന്‍ പുത്തന്‍പറന്പില്‍, നവീന്‍ അരീക്കാട്ട്, ഡെന്നി കരിന്പില്‍, ജോള്‍ അരീക്കാട്ട്, ലിസി കാഞ്ഞൂപ്പറന്പില്‍, ലീബ ചിറയത്ത്, ബേബി ചാലായില്‍, പോള്‍ ഗോപുരത്തിങ്കല്‍, ജോയി കാടന്‍കാവില്‍ എന്നിവര്‍ കഥാപാത്രങ്ങളായി വേഷമിട്ടു. 

ദര്‍ശനയുടെ അവതരണഗാനം രചിച്ചത് ജെയിംസ് കടപ്പള്ളിയാണ്. ജോണ്‍ പുത്തന്‍വീട്ടില്‍, ജോണ്‍സണ്‍ അരീക്കാട്ട്, നോയല്‍ ജോസഫ്, ടോണി രാജന്‍, അഡ്രിന്‍ ജോണ്‍സണ്‍, ക്‌ളിന്റണ്‍ ജെറാദ് എന്നിവര്‍ രംഗം ഒരുക്കി.ജെമ്മ ഗോപുരത്തിങ്കല്‍ വസ്ത്രാലങ്കാരവും രംഗപടം ആര്‍ട്ടിസ്റ്റ് ജെസ്റ്റിന്‍ പനയ്ക്കല്‍, ജാസ്മിന്‍ പനയ്ക്കല്‍ എന്നിവരും, ചമയം ഡേവിഡ് അരീക്കല്‍, ജെസ്റ്റിന്‍ പനയ്ക്കല്‍ എന്നിവരും നിര്‍വഹിച്ചു. ദീപസംവിധാനം ജോയി മാണിക്കത്ത്, ശബ്ദ നയന്ത്രണം ചെറിയാന്‍ ജോസി, ചെറി ജോസി, പശ്ചാത്തല സംഗീത നിയന്ത്രണം ബൈജു പോള്‍, രംഗനിയന്ത്രണം ആന്റണി കുറുന്തോട്ടത്തില്‍, വര്‍ഗീസ് ചെറുമഠത്തില്‍, ബേബിച്ചന്‍ കരിന്പില്‍ എന്നിവരും, പബ്‌ളിസിറ്റി ജോസ് കുന്പിളുവേലില്‍, സ്റ്റില്‍ ഫോട്ടോസ് മാത്തുക്കുട്ടി ബോണ്‍, വീഡിയോ റിച്ചാര്‍ഡ് വൈഡര്‍, ട്രെയിലര്‍ വിഡിയോ എഡിറ്റിംഗ് ഗ്‌ളെന്‍സണ്‍ മൂത്തേടന്‍, സിജോ ചക്കുംമൂട്ടില്‍ എന്നിവരും നിര്‍വഹിച്ചു.

സമാജം പ്രസിഡന്റ് ബോബി ജോസഫ് സ്വാഗതവും സെക്രട്ടറി കോശി മാത്യു അഭിനേതാക്കളെ സദസിനു പരിചയപ്പെടുത്തി, നന്ദി പറഞ്ഞു.നാടകമെന്ന കലയുടെ പടിവാതിലുകള്‍ ഒരിക്കല്‍ക്കൂടി തുറന്നു നല്‍കി ദര്‍ശന തീയേറ്റേഴ്‌സ് സഹൃദയരായ പ്രേക്ഷകര്‍ക്ക് മറ്റൊരു സായം സന്ധ്യയൊരുക്കിയതില്‍ ദര്‍ശനയുടെ അണിയറശില്‍പ്പികള്‍ക്ക് എന്നും അഭിമാനിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക