Image

ഇന്ത്യയുടെ അതിവേഗ സമ്പദ് വളര്‍ച്ച ലോക ഒന്നാംസ്ഥാനത്ത് തുടരും

ജോര്‍ജ് ജോണ്‍ Published on 19 October, 2018
ഇന്ത്യയുടെ അതിവേഗ സമ്പദ് വളര്‍ച്ച ലോക ഒന്നാംസ്ഥാനത്ത് തുടരും
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പിന്‍ബലത്തില്‍ നടപ്പു വര്‍ഷവും അടുത്തവര്‍ഷവും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന മുന്‍നിര സമ്പദ്ശക്തിയായി തുടരുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) വിലയിരുത്തി. ബാലിയില്‍ നടക്കുന്ന ഐ.എം.എഫിന്റെ വാര്‍ഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്ക് (ഡബ്‌ള്യു.ഇ.ഒ) റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയ ചരക്ക് സേവന നികുതി (ജി.എസ്.ടി), നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടി, ബാങ്കിംഗ് തട്ടിപ്പുകാരെ കുടുക്കാനുള്ള ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് (ഐ.ബി.സി, വിദേശ നിക്ഷേപം ഉദാരമാക്കിയ നിയമങ്ങള്‍, ബിസിനസ് സൗഹാര്‍ദ്ദ നയങ്ങള്‍ എന്നിവ ഇന്ത്യയ്ക്ക് ഗുണം ചെയ്യും.

എന്നാല്‍ ഇപ്പോഴത്തെ കുതിക്കുന്ന ക്രൂഡോയില്‍ വില, സാമ്പത്തിക വളര്‍ച്ചാ നിരക്ക് നേരിയ തോതില്‍ കുറയാനിടയാക്കും. അടുത്തവര്‍ഷം ഇന്ത്യ 7.4 ശതമാനം വളരുമെന്നാണ് ഐ.എം.എഫിന്റെ പുതുക്കിയ വിലയിരുത്തല്‍. നേരത്തേ വിലയിരുത്തിയ ഇന്ത്യന്‍ വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായിരുന്നു. നടപ്പുവര്‍ഷം ഇന്ത്യ 7.3 ശതമാനം വളരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിവേഗം വളരുന്ന സമ്പദ്ശക്തികളില്‍ ഇന്ത്യയ്ക്ക് പിന്നിലായി, രണ്ടാംസ്ഥാനത്തുള്ള ചൈനയ്ക്ക് ഇപ്പോള്‍ സമയം മോശമാണെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തല്‍.

ഈ വര്‍ഷം 6.6 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്ന ചൈന, അടുത്തവര്‍ഷം 6.2 ശതമാനത്തിലേക്ക് വീഴും. ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ അധികനികുതിയും തുടര്ന്നുണ്ടായ വ്യാപാരപ്പോരുമാണ് ചൈനക്ക് തിരിച്ചടിയാവുക. 

ഇന്ത്യയുടെ അതിവേഗ സമ്പദ് വളര്‍ച്ച ലോക ഒന്നാംസ്ഥാനത്ത് തുടരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക