Image

അഞ്ചാം മന്ത്രി:കേന്ദ്രനേതൃത്വം തീരുമാനം അറിയിക്കുമെന്ന് മുഖ്യമന്ത്രി

Published on 05 April, 2012
അഞ്ചാം മന്ത്രി:കേന്ദ്രനേതൃത്വം തീരുമാനം അറിയിക്കുമെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ആലോചിച്ച് അറിയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുമായും കേരളത്തിന്റെ പാര്‍ട്ടി ചുമതലയുള്ള മധുസൂദനന്‍ മിസ്ത്രിയുമായും എ.കെ. ആന്റണിയുമായും വിഷയത്തില്‍ ചര്‍ച്ച നടത്തിയ ശേഷം രമേശ് ചെന്നിത്തലയുമൊത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര നേതൃത്വത്തില്‍ നിന്ന് കിട്ടുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കും. ലീഗിന് സ്പീക്കര്‍ പദവി നല്‍കി പ്രശ്‌നപരിഹാരത്തിന് ഫോര്‍മുല തയാറാക്കിയിട്ടുണ്‌ടോയെന്ന ചോദ്യത്തിന് അത്തരമൊരു ഫോര്‍മുലയൊന്നും ഇല്ലെന്ന ഒഴുക്കന്‍ മറുപടിയായിരുന്നു മുഖ്യമന്ത്രി നല്‍കിയത്. ഫോര്‍മുലയല്ല ആവശ്യമെന്നും നേതാക്കളോട് കാര്യങ്ങള്‍ വിശദീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി നേതൃത്വത്തെ പ്രശ്‌നം ധരിപ്പിക്കേണ്ട ബാധ്യതയുണ്ട്. അത് ധരിപ്പിച്ചുകഴിഞ്ഞു. നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നത്തിന് അന്തിമ പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാവിലെ പത്തേ മുക്കാലോടെ സോണിയാഗാന്ധിയുടെ വസതിയിലെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് മധുസൂദനന്‍ മിസ്ത്രിയുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇതിനുശേഷമായിരുന്നു ആന്റണിയുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയത്.

ആന്റണിയെ ഇടപെടുത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ആന്റണിയുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയെതന്നാണ് വിവരം. സോണിയാഗാന്ധിയുമായി അരമണിക്കൂറോളം ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചര്‍ച്ച നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക