Image

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം: 5 തീവ്രവാദികളുടെ വിചാരണയ്ക്ക് യുഎസ് അനുമതി

Published on 05 April, 2012
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം: 5 തീവ്രവാദികളുടെ വിചാരണയ്ക്ക് യുഎസ് അനുമതി
വാഷിംഗ്ടണ്‍: 2001 സെപ്റ്റംബര്‍ 11 നുണ്ടായ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണക്കേസിലെ പ്രതികളായ അഞ്ച് അല്‍ ക്വയ്ദ തീവ്രവാദികളെ വിചാരണ ചെയ്യാന്‍ യുഎസ് ഭരണകൂടം അനുമതി നല്‍കി. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളായ പാക് തീവ്രവാദി ഷെയ്ഖ് മുഹമ്മദ് ഉള്‍പ്പെടെ അഞ്ചു പേരെ വിചാരണ ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഇയാളെക്കൂടാതെ വാലിദ് ബിന്‍ അറ്റാഷ്, റാംസി ബിനാല്‍ഷിബ്, അലി അബ്ദ് അല്‍ അസീസ് അലി, മുസ്താഫ അഹമ്മദ് അല്‍-ഹാവ്‌സാവി എന്നിവരെയാണ് വിചാരണയ്ക്ക് വിധേയരാക്കുക. തീവ്രവാദപ്രവര്‍ത്തനം, തട്ടിക്കൊണ്ടുപോകല്‍ ഗൂഢാലോചന, കൊലപാതകം, വസ്തുവകകള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ വധശിക്ഷ വരെ ലഭിച്ചേക്കാം. കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

ഭരണകൂടം അനുമതി നല്‍കിയതോടെ അടുത്ത 30 ദിവസങ്ങള്‍ക്കുള്ളില്‍ സൈനിക കോടതി ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ ഇവരെ വായിച്ചുകേള്‍പ്പിക്കും. സിവിലിയന്‍ കോടതിയില്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടുമെന്നതിനാലാണ് ഇവരുടെ കേസ് സൈനിക കോടതിയിലേക്ക് മാറ്റിയത്. 2009 ല്‍ കേസ് സിവിലിയന്‍ കോടതിയിലേക്ക് മാറ്റാന്‍ ഒബാമ ഭരണകൂടം നീക്കം നടത്തിയെങ്കിലും വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ആക്രമണത്തിന്റെ തുടക്കം മുതല്‍ ഷെയ്ഖ് മുഹമ്മദ് ഇതില്‍ പങ്കു വഹിച്ചതായിട്ടാണ് പെന്റഗണ്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക