Image

'അഭിഷേകാഗ്‌നി 2018' ബര്‍മിംഗ്ഹാമില്‍ ഒക്ടോബര്‍ 20നു തെളിയിക്കപ്പെടും

Published on 18 October, 2018
'അഭിഷേകാഗ്‌നി 2018' ബര്‍മിംഗ്ഹാമില്‍ ഒക്ടോബര്‍ 20നു തെളിയിക്കപ്പെടും

ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ഇടയനായി അഭിവന്ദ്യ ജോസഫ് ശ്രാമ്പിക്കല്‍ പിതാവ് ചുമതലയേറ്റിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയായ അവസരത്തില്‍ അനുഗ്രഹങ്ങളുടെ, അഭിഷേകങ്ങളുടെ, അത്ഭുതങ്ങളുടെ, രോഗശാന്തികളുടെ മഴപ്പെയ്ത്തിനായി അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ന് ബര്‍മിംഗ്ഹാമില്‍ ബഥേലില്‍ ആരംഭിച്ച് യുകെയിലെ എട്ടു റീജിയനുകളിലായി നടത്തപ്പെടുന്നു.

സഭയെയും സമൂഹത്തേയും വിശുദ്ധിയിലേക്കും ദൈവകൃപയിലേക്കും നയിക്കുവാനായി നടത്തപ്പെടുന്ന ഈ ശുശ്രൂഷകളെ നയിക്കുന്നത് ലോകപ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ മിനിസ്റ്റിറീസ് ഡയറക്ടറുമായ ബഹുമാനപ്പെട്ട സേവിയര്‍ ഖാന്‍ വട്ടായില്‍ അച്ചനാണ്.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നവസുവിശേഷവത്കരണത്തിനുള്ള കമ്മീഷന്‍ ചെയര്‍മാനും സെഹിയോന്‍ യു. കെ . ഡയറക്ടറുമായ സോജി ഓലിക്കലച്ചന്‍ ജനറല്‍ കണ്‍വീനറായ സമിതി വിവിധ റീജിയണുകളിലെ ഒരുക്കങ്ങള്‍ക്കും ശുശ്രൂഷകള്‍ക്കും മേല്‍നോട്ടം വഹിക്കുമ്പോള്‍ ബിര്‍മിങ്ഹാമിലെ ഒരുക്കങ്ങള്‍ ബഹുമാനപ്പെട്ട ഫാ. ടെറിന്‍ മുല്ലക്കരയുടെ നേതൃത്വത്തിലാണ്. കണ്‍വെന്‍ഷന്റെ വിജയത്തിനായും കണ്‍വെന്‍ഷനിലെ ശുശ്രൂഷകരുടെമേലും ആത്മീയശുശ്രൂഷകളുടെമേലും ധാരാളമായി അഭിഷേകം ചൊരിയപ്പെടുന്നതിനുമായി 12 മണിക്കൂര്‍ ആരാധന ഒക്ടോബര്‍ 18 നു രാവിലെ പത്തു മുതല്‍ ബെര്‍മിങ്ഹാമിലെ സള്‍റ്റ്‌ലി ഔര്‍ ലേഡി ഓഫ് റോസറി ആന്‍ഡ് സെന്റ് തെരേസ ഓഫ് ലിസീയൂ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

ഒക്ടോബര്‍ 20 ശനിയാഴ്ച്ച രാവിലെ ഒമ്പതിനു ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകുന്നേരം നാലിനു നടക്കുന്ന ദിവ്യകാരുണ്യ ആരാധനയോടെ സമാപിക്കുന്നതാണ്. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം ഉപവാസത്തിന്റെ ദിവസമായി ഒരുക്കിയിരിക്കുന്നതിനാല്‍ ഭക്ഷണസൗകര്യം ഉണ്ടായിരിക്കുന്നതല്ല.

കണ്‍വെന്‍ഷന് വരുമ്പോള്‍ താഴെക്കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക
1. കണ്‍വെന്‍ഷന്‍ ഹാളിനോടനുബന്ധിച് ധാരാളം പാര്‍ക്കിംഗ് സൗകര്യങ്ങളുണ്ട്. പാര്‍ക്കിംഗ് സംബന്ധിച്ചു് വാളണ്ടീയര്‍സ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
2. പാര്‍ക്കിങ് സ്ഥലങ്ങളില്‍ അപകടം ഒഴിവാക്കാന്‍ പരിപൂര്‍ണ്ണ ശ്രദ്ധയും വളരെ കുറഞ്ഞ സ്പീഡും പാലിക്കേണ്ടതാണ്.
3. കുട്ടികള്‍ക്ക് വേണ്ട ഭക്ഷണ പാനീയങ്ങള്‍ കരുതേണ്ടതാണ്. കണ്‍വെന്‍ഷന്‍ സ്ഥലത്ത് ഭക്ഷണസൗകര്യം ഉണ്ടായിരിക്കുന്നതല്ല
4. ഹാളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക