Image

യുഡിഎഫ്‌ സര്‍ക്കാര്‍ അഥവാ കറക്കു കമ്പനി

Published on 03 April, 2012
യുഡിഎഫ്‌ സര്‍ക്കാര്‍ അഥവാ കറക്കു കമ്പനി
ഇപ്പോഴാണ്‌ ഇടതുമുന്നണിയോട്‌ ഒരു ബഹുമാനം തോന്നുന്നത്‌. കാര്യങ്ങള്‍ എന്തൊക്കെ പറഞ്ഞാലും അവിടെ എന്തിനും ഏതിനും ഒരു വ്യവസ്ഥയുണ്ട്‌. ഭരിക്കുമ്പോഴാണെങ്കിലും, പ്രതിപക്ഷത്താണെങ്കിലും `സി.പി.എം പറയും അനിയന്‍മാര്‍ കേള്‍ക്കും' എന്ന രീതിയിലാണ്‌ ഇടതു മുന്നണിയുടെ കാര്യങ്ങള്‍. പറയുന്നത്‌ കേട്ടില്ലെങ്കില്‍ സി.പി.എമ്മിന്‌ ഒരു ചുക്കുമില്ല. പക്ഷെ മുന്നണിക്ക്‌ പുറത്തേക്ക്‌ പൊയ്‌ക്കൊള്ളണമെന്ന്‌ മാത്രം. അങ്ങനെ പിണങ്ങിപോന്നവര്‍ പലരുണ്ട്‌. പി.സി ജോര്‍ജ്ജും, പി.ജെ ജോസഫും, വിരേന്ദ്രകുമാറുമൊക്കെ ഈ കൂട്ടത്തില്‍ പെട്ടവരാണ്‌. ഈ ഇടപാട്‌ മുന്നണി ജനാധിപത്യത്തിന്‌ ചേരുന്നതല്ല എന്നായിരുന്നു വിമര്‍ശനം. പക്ഷെ ഇപ്പോഴത്തെ യുഡിഎഫിന്റെ അവസ്ഥ വെച്ചു നോക്കുമ്പോള്‍ ഇടതു മുന്നണി തന്നെയായിരുന്നു ഭേദം എന്നു തോന്നിപ്പോകുന്നു.

വാളെടുത്തവനെല്ലാം വെളിച്ചപ്പാട്‌ എന്ന അവസ്ഥയാണ്‌ ഇപ്പോള്‍ യുഡിഎഫില്‍. ജനങ്ങളുമായി സമ്പര്‍ക്കം നടത്തിയും ഞാണിന്‍മേല്‍ കളികളിച്ചും ഈ സര്‍ക്കാര്‍ ഒന്ന്‌ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന്റെ പാട്‌ ഉമ്മന്‍ചാണ്ടിക്ക്‌ മാത്രം അറിയാം. പക്ഷെ ബാക്കിയുള്ള ബഹുമാന്യരുടെ അവസ്ഥ അങ്ങനെയാണോ. പി.സി ജോര്‍ജ്ജിന്റെയൊക്കെ ഡയലോഗ്‌ കേട്ടാല്‍ ജോര്‍ജ്ജാണോ, ഉമ്മന്‍ചാണ്ടിയാണോ യഥാര്‍ഥ മുഖ്യമന്ത്രി എന്നു തോന്നിപ്പോകും. ആര്‍ക്കും എന്ത്‌ അഭിപ്രായവും പറയാവുന്ന അവസ്ഥ അല്‌പം കടന്ന കൈയാണ്‌ എന്ന്‌ തോന്നിപ്പോകുന്നത്‌ ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ്‌.

ഇപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി വഹിക്കുന്ന പൊല്ലാപ്പുകള്‍ ഒന്നു കുന്നോളമുണ്ട്‌. ഇതിനിടയില്‍ എങ്ങനെ ഭരണം നടക്കുമെന്ന്‌ ജനങ്ങള്‍ ആശങ്കപ്പെട്ടാല്‍ അതില്‍ കുറ്റം പറയാന്‍ പറ്റില്ല.

ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം നടക്കുമോ ഇ
ല്ലയോ, അനൂപ്‌ ജേക്കബ്ബ്‌ മന്ത്രിയാകുമോ ഇല്ലയോ, മന്ത്രി ആയാല്‍ ഏത്‌ വകുപ്പ്‌ ലഭിക്കും, ഗണേഷ്‌ കുമാറും ബാലകൃഷ്‌ണപിള്ളയും തമ്മില്‍ ഇണങ്ങുമോ പിണങ്ങുമോ, ഗണേഷിനെ പിള്ള പാര്‍ട്ടിയില്‍ നിന്നും പുറത്താകുമോ, സെല്‍വരാജിനെ എങ്ങനെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട്‌ നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിക്കാം, ലിഗിന്‌ അഞ്ചാം മന്ത്രിയെ കൊടുത്താല്‍ മാണിക്ക്‌ കുറഞ്ഞത്‌ രാജ്യസഭാ സീറ്റെങ്കിലും കൊടുക്കേണ്ടേ തുടങ്ങി ജനകീയമായ ഏന്തെല്ലാം പ്രശ്‌നങ്ങള്‍.

ഇതിനു പുറമേയാണ്‌ ലിഗിന്റെ അഞ്ചാം മന്ത്രി കേരളത്തിന്റെ ജാതിമത സന്തുലിതാവസ്ഥ തന്നെ തകര്‍ക്കുമെന്ന്‌ എന്‍.എസ്‌.എസ്‌ പുതുനായകന്‍ സുകുമാരന്‍ നായരുടെയും കെ.മുരളിധരന്റെയും വിരട്ടലുകള്‍. ഈ പറഞ്ഞതില്‍ ഏതെങ്കിലുമൊന്ന്‌ പാളിപ്പോയാല്‍ സര്‍ക്കാര്‍ താഴെവീഴും എന്നതാണ്‌ ഉമ്മന്‍ചാണ്ടിക്ക്‌ മുമ്പിലെ വലിയ ഭീഷിണി.

സുകുമാരന്‍ നായരുടെയും, മുരളീധരന്റെയുമൊക്കെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മന്ത്രിയുടെ ജാതിയും മതവും എന്തായാലെന്ത്‌ അവര്‍ പൊതുജനത്തിന്‌ വേണ്ടിയല്ലേ ഭരിക്കുന്നത്‌ എന്ന്‌ ജനത്തിന്‌ സംശയം തോന്നിപ്പോയാല്‍ തെറ്റു പറയാന്‍ പറ്റില്ല. അല്ലെങ്കില്‍ പിന്നെ ഇങ്ങനെ വ്യാഖാനിക്കേണ്ടി വരും. യുഡിഎഫ്‌ സര്‍ക്കാരില്‍ ഒരോ മന്ത്രിയും തന്റെ ജാതിയില്‍ പെട്ടവരുടെ കാര്യങ്ങള്‍ മാത്രമാണ്‌ നോക്കുന്നത്‌, അവര്‍ സ്വന്തം ജാതിക്കാരുടെ കാര്യങ്ങള്‍ മാത്രം നോക്കുന്നു. ഇങ്ങനെയാണോ യുഡിഎഫ്‌ ഭരണം നടത്തുന്നതെന്ന്‌ മറുപടി പറയേണ്ടത്‌ ഇനി ഉമ്മന്‍ചാണ്ടിയാണ്‌.

ജാതിമത സംഘടനകളും, അതിനെ മുതലെടുക്കുന്ന രാഷ്‌ട്രീയക്കാരുടെ ഇരട്ടത്താപ്പുകളും കേരളരാഷ്‌ട്രീയത്തില്‍ കുലംകുത്തിവാഴുന്നതിന്റെ ഉദാഹരണമാണ്‌ ഇപ്പോള്‍ മന്ത്രിതീരുമാനത്തിന്‌ പിന്നിലെയും ജാതിക്കളി വ്യക്തമാകുന്നത്‌. കാര്യപ്രാപ്‌തി നോക്കിയാണ്‌ മന്ത്രിയെ തീരുമാനിക്കേണ്ടത്‌ അല്ലാതെ ജാതി നോക്കിയല്ല എന്ന്‌ ഉമ്മന്‍ചാണ്ടിക്ക്‌ എന്തായാലും അറിയാഞ്ഞിട്ടാവില്ല. ഇവിടെ പക്ഷെ ജാതിക്കാരെ പിണക്കിയാല്‍ സര്‍ക്കാര്‍ താഴെപ്പോകും. അതാണ്‌ പ്രശ്‌നം.

ഏത്‌ രാഷ്‌ട്രീയ അടവും പയറ്റി അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടി വരുന്ന യുഡിഎഫിന്റെ ഇപ്പോഴത്തെ സ്ഥിതി വിശേഷം വെച്ചു നോക്കിയാല്‍ ജാതി രാഷ്‌ട്രീയം ഇനിയും രൂക്ഷമായില്ലെങ്കിലേ അത്ഭുതമുള്ളു.

പക്ഷെ എല്ലാത്തിനും ഒരു മറുമരുന്ന്‌ യുഡിഎഫിന്റെ കൈയ്യിലുണ്ട്‌. വിശിഷ്യാല്‍ ഈ മരുന്ന്‌ കൈവെച്ചിരിക്കുന്നത്‌ ഉമ്മന്‍ചാണ്ടിയും, രമേശ്‌ ചെന്നിത്തലയുമാണ്‌. ``ഹൈക്കമാന്‍ഡ്‌'' എന്നാണ്‌ ഈ മരുന്നിന്റെ പേര്‌. ഹൈക്കമാന്‍ഡ്‌ എന്ന്‌ വെച്ചാല്‍ ഒരുപാട്‌ ആളുകളുള്ള ഒരു വലിയ ഭരണ സംവിധാനമാണ്‌ എന്നൊന്നും തെറ്റുദ്ധരിച്ചു പോകരുത്‌. സോണിയാ ഗാന്ധി എന്നൊരു പാവം വനിതയുടെ ഇരട്ടപ്പേരായിരിക്കുന്നു വന്നു വന്ന്‌ ഇപ്പോള്‍ ഹൈക്കമാന്‍ഡ്‌.

പക്ഷെ ഹൈക്കമാന്‍ഡ്‌ എന്ന പേര്‌ പറഞ്ഞാല്‍ കെ.എം മാണി, കുഞ്ഞാലിക്കുട്ടി തുടങ്ങിയ ഏത്‌ വമ്പനും പത്തിമടക്കും എന്നതാണ്‌ ഒരു അത്ഭുതം. ലീഗിന്റെ മന്ത്രിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡ്‌ തീരുമാനമെടുക്കുമെന്നാണ്‌ ഇപ്പോള്‍ പറയുന്നത്‌. അതുപോലെ
നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജ്‌ സ്ഥാനാര്‍ഥിയാവണോ എന്നകാര്യവും ഹൈക്കമാന്‍ഡ്‌ തീരുമാനിക്കും. ഇവിടെ ഒരു ചോദ്യം ബാക്കിയാവുന്നു.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ്‌ പോലെ വളരെ പ്രാദേശികമായ ഒരു വിഷയത്തില്‍ പോലും തീരുമാനമെടുക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയും മുഖ്യമന്ത്രിയും എങ്ങനെ ജനങ്ങളെ ഭരിക്കുകയും സേവിക്കുകയും ചെയ്യും. എല്ലാം പോട്ടെ
നെയ്യാറ്റിന്‍കര എന്ന പ്രദേശത്തെക്കുറിച്ച്‌ സോണിയാ ഗാന്ധി കേട്ടിട്ടുപോലുമുണ്ടാകില്ല. സെല്‍വരാജ്‌, ആനത്തലവട്ടം ആനന്ദന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നൊന്നും സ്വപനത്തില്‍ പോലും കേള്‍ക്കാന്‍ സാധ്യതയില്ല. പിന്നെ അവിടെ ആര്‌ ജയിക്കും എന്ന്‌ കവിടി നിരത്തിയാവുമോ ഇനി ഹൈക്കമാന്‍ഡ്‌ തീരുമാനിക്കു. അതോ ഇനി യുഡിഎഫ്‌ സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡ്‌ തീരുമാനിച്ചിട്ടാണോ നടന്നു പോകുന്നത്‌. അങ്ങനെയെങ്കില്‍ ഒരു ദിവസം ഹൈക്കമാന്‍ഡ്‌ ലീവെടുത്താല്‍ കേരള ഭരണം കഷ്‌ടത്തിലായിപ്പോവില്ലേ. ഇങ്ങനെ ഉമ്മന്‍ചാണ്ടിയോടുള്ള ചോദ്യങ്ങള്‍ നിരവധിയാണ്‌.

ലിഗ്‌ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലും ഡല്‍ഹിക്ക്‌ പോകുന്നു എന്നാണ്‌ അവസാനത്തെ വാര്‍ത്ത. ഇതില്‍പരം ഒരു നാണക്കേട്‌ ഒരു സര്‍ക്കാരിന്‌ ഉണ്ടാവാനില്ല. തന്റെ സര്‍ക്കാരില്‍ ഒരു മന്ത്രി വേണോ, വേണ്ടയോ എന്ന്‌ തീരുമനിക്കേണ്ടത്‌ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്‌. ഡല്‍ഹിരാഷ്‌ട്രീയം മാത്രം ശ്രദ്ധിക്കുന്ന കോണ്‍ഗ്രസ്‌ ദേശിയ അധ്യക്ഷയ്‌ക്ക്‌ കേരള സര്‍ക്കാരിന്റെ കാര്യങ്ങളെക്കുറിച്ച്‌ എന്താണ്‌ അറിയാവുന്നത്‌. സോണിയാ ഗാന്ധിയോട്‌ ഇനി ലീഗ്‌ അങ്ങനെ പറയുന്നു, ഇങ്ങനെ വാശിപിടിക്കുന്നു എന്നൊക്കെ പറഞ്ഞു ധരിപ്പിച്ചാല്‍ തന്നെ കേരളത്തിന്റെ ജനകീയ രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ച്‌ കാര്യമായ ധാരണയൊന്നുമില്ലാത്ത ഒരാള്‍ എന്ത്‌ തീരുമാനമാണ്‌ പറയുക. സര്‍ക്കാര്‍ താഴെപോകാതിരിക്കാന്‍ `ആ ലിഗിന്‌ ഒരു മന്ത്രിയേക്കൂടി കൊടുത്തേര്‌' എന്നതില്‍ കൂടുതല്‍ ഒന്നും സോണിയാ ഗാന്ധി പറയാന്‍ സാധ്യതയില്ല. പക്ഷെ ഒരു ചോദ്യം ബാക്കിനില്‍ക്കുന്നു ഇത്തരം രാഷ്‌ട്രീയ കളികളില്‍ എവിടെയാണ്‌ ജനപക്ഷം.

വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടാക്കേണ്ടത്‌ ഉമ്മന്‍ചാണ്ടി തന്നെയാണ്‌. ഘടകകക്ഷികളെയും ജാതിസംഘടനകളെയും നിലയ്‌ക്കു നിര്‍ത്തിക്കൊണ്ട്‌ ഭരിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ ജനകീയമായ ഒരു സര്‍ക്കാര്‍ എന്ന ബോധം ജനങ്ങളിലുണ്ടാകു. അല്ലാത്ത പക്ഷം കൂട്ടുകാര്‍ വട്ടംകൂടി പങ്കുപറ്റുന്ന ഒരു കറക്കു
കമ്പനി  മാത്രമാകും യുഡിഎഫ്‌ സര്‍ക്കാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക