Image

പാര്‍ട്ടി കോണ്‍ഗ്രസ് പ്രത്യേക പതിപ്പില്‍ വിഎസും യെച്ചൂരിയും പുറത്ത്

Published on 04 April, 2012
പാര്‍ട്ടി കോണ്‍ഗ്രസ് പ്രത്യേക പതിപ്പില്‍ വിഎസും യെച്ചൂരിയും പുറത്ത്
കോഴിക്കോട്: ദേശാഭിമാനി പുറത്തിറക്കിയ സിപിഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രത്യേക പതിപ്പില്‍ വി.എസ്. അച്യുതാനന്ദനൂ സീതാറാം യെച്ചുരിക്കും അവസരമില്ല. ഹുസൈന്‍ രണ്ടത്താണിയുടെ ലേഖനം വരെ ഉള്‍പ്പെടുത്തിയ പ്രത്യേക പതിപ്പില്‍ നിന്നാണ് വിഎസിനെയും യെച്ചൂരിയെയും ഒഴിവാക്കിയത്.

ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രാധാന്യമെന്ന തലക്കെട്ടില്‍ പ്രകാശ് കാരാട്ടിന്റെ ലേഖനമാണ് ആദ്യ പേജില്‍. അനുഭവങ്ങളില്‍ നിന്ന് കരുത്തു നേടിയെന്ന തലക്കെട്ടില്‍ പിണറായി വിജയന്‍ രണ്ടാം പേജിലുണ്ട്. എസ്ആര്‍പി, മണിക് സര്‍ക്കാര്‍ തുടങ്ങിയ പിബി അംഗങ്ങളും ഇടതുസഹയാത്രികരായ ചരിത്രകാരന്‍മാരും പ്രത്യേക പതിപ്പില്‍ എഴുതിയിട്ടുണ്ട്. പൊന്നാനിയിലെ സ്ഥാനാര്‍ഥിത്വ വിവാദത്തിലൂടെ ശ്രദ്ധ നേടിയ ഹുസൈന്‍ രണ്ടത്താണിക്കും പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യേക പതിപ്പില്‍ ഇടം കിട്ടി. അറബ് ലോകത്തെ സാമ്രാജ്യത്വ വേട്ടയും പ്രതിരോധവുമെന്ന രണ്ടത്താണിയുടെ ലേഖനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ആകെ പതിനാല് പേജുള്ള പ്രത്യേക പതിപ്പിലെങ്ങും വി.എസ് അച്യുതാനന്ദനില്ല. 22 വര്‍ഷത്തിനു ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടക്കുമ്പോള്‍ ഏറ്റവും മുതിര്‍ന്ന നേതാവായ വി.എസിനെ ഒഴിവാക്കിയത് യാദൃശ്ചികമല്ലെന്ന് വ്യക്തം. ലേഖനം നല്‍കിയില്ലെങ്കിലും വി.എസിനെ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിഞ്ഞില്ലെന്നത് കൗതുകമായി. പിണറായി വിജയന്റെ ലേഖനത്തോടൊപ്പം നല്‍കിയ, കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നിന്നിറങ്ങിപ്പോയി സിപിഎം രൂപീകരിച്ച നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയില്‍ വി.എസ് അച്യുതാനന്ദനുമുണ്ട്.

അതേസമയം, വി.എസിന്റെ ലേഖനം ഉള്‍പ്പെടുത്താത്തില്‍ പ്രതിഷേധിച്ച് യെച്ചൂരി ലേഖനം നല്‍കാത്തതാണെന്നും റിപ്പോര്‍ട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക