Image

ദര്‍ശനം- (ഭാഗം: 1- ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 11 October, 2018
ദര്‍ശനം- (ഭാഗം: 1- ജോണ്‍ വേറ്റം)
ഒരു പുതിയഭൂമിയിലേക്കുളള പരിവര്‍ത്തനഘട്ടംപെട്ടെന്ന് തീരുമെന്നു കരുതാമോ? അറിവിന്റെ അഭാവം പരിഹരിക്കുന്നതിന് സാങ്കേതിക വിദ്യ എന്നും സഹായിക്കുമെന്ന് എന്തുകൊണ്ട് വിശ്വസിക്കാം? കലാസാംസ്‌കാരിക സൃഷ്ടികളുടെ സുരക്ഷിതസ്ഥാനം എവിടെ കണ്ടെത്താം?

ഇന്ന് എഴുത്തും വായനയും ജനജീവിതത്തെ സമ്പന്നമാക്കുന്ന അവിഭാജ്യഘടമായി. ചിന്തിക്കുന്നത് എഴുതുക എന്ന പഴയരീതിക്കും മാറ്റം വന്നു. അനുനയം, വര്‍ണ്ണന, വ്യാഖ്യാനം, സൃഷ്ടിപരം എന്ന നാല് അടിസ്ഥാനവിഭാഗങ്ങള്‍ക്കും അമ്പതോളം ശാഖകള്‍ ഉണ്ടായി. അനുഭവം, ആത്മീയം, ഇതിഹാസം, ഉദ്യോഗം, ഔഷധം, കല കായികം, കൃഷി, ചിത്രരചന, ധാര്‍മ്മികം, പാഠപദ്ധതി, മതം, സാഹിത്യം, ശാസ്ത്രം എന്നിവ പ്രസ്തുത വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. എഴുത്ത് ലോകത്തിന്റെ സുപ്രധാന ആശയവിനിമയ ശക്തിയും ആധുനികവിദ്യാഭ്യാസത്തിന്റെ ഭാഗവുമായി. എഴുത്തുകാര്‍ പൂര്‍വ്വാധികമായി. എഴുത്തിന് പുതിയ ഭാവങ്ങളും രീതികളും ഉണ്ടായി. ലേഖനശൈലിയും നവീകരിക്കപ്പെട്ടു. എഴുത്തുകാരില്‍ സ്വകാര്യതാല്‍പര്യങ്ങള്‍ വളര്‍ന്നു. പല എഴുത്തുകാരും സാഹിത്യരചന മുഖ്യതൊഴിലിന് അനുബന്ധമാക്കി. അക്കാരണത്താല്‍, എഴുത്തുകാരും സാഹിത്യകാരന്മാരും തമ്മില്‍ ഭാഗികമായി അകലുന്നു. എല്ലാ എഴുത്തുകാരും സാഹിത്യകാരന്മാരാണോ എന്നും ആര്‍ക്കാണ് സാഹിത്യ നൈപുണ്യം വേണ്ടതെന്നും നിരീക്ഷകര്‍ ചോദിക്കുന്നു. എഴുത്തുകാരനും, സാഹിത്യകാരനും, ഗ്രന്ഥകാരനും ഒരാള്‍തന്നെയാണെന്ന ധാരണക്ക് ഇപ്പോള്‍ വ്യക്തമായ മാറ്റം വന്നിട്ടുണ്ട്. എന്തെഴുതുന്നു എന്നതിനെ അടിസ്ഥാനമാക്കി, എഴുത്തുകാരെ വേര്‍തിരിച്ചു കാണുന്ന രീതി നിലവില്‍ വന്നു.

എഴുത്ത് തൊഴിലായി സ്വീകരിച്ചിട്ടുള്ളവരുടെ പ്രവര്‍ത്തനരംഗങ്ങള്‍ പരിശോധിച്ചാല്‍, എല്ലാ എഴുത്തുകാരും ഗ്രന്ഥകര്‍ത്താക്കള്‍ അല്ലെന്നു വ്യക്തമാകും. ഭാഷയിലൂടെ ആശയം വ്യക്തമാക്കുന്ന വ്യക്തിയാണ് എഴുത്തുകാരന്‍. ആധാരമെഴുത്തുകാരനും, കണക്കപ്പിള്ളയും, ഗുമസ്തനും, പകര്‍ത്തിയെഴുതുന്നയാളും പണ്ടേ എഴുത്തുകാരുടെ പട്ടികയിലുണ്ട്. പക്ഷേ, അവര്‍ സാഹിത്യകാരന്മാരും ഗ്രന്ഥകര്‍ത്താക്കളുമെന്ന് കരുതപ്പെടുന്നില്ല. ഇപ്പോള്‍, വേതനവ്യവസ്ഥകളോടു കൂടിയ ശ്രേഷ്ഠമായ ജോലി എന്ന സ്ഥിതിയില്‍ എഴുത്ത് തൊഴില്‍ രംഗത്ത് വ്യാപകമാകുന്നതിനാല്‍, വിഷയവും അതിന്റെ സ്വഭാവവുമനുസരിച്ച് എഴുത്തുകാരെ തരംതിരിക്കുന്നു. എന്‍ജിനീയറിംഗ്, ദേശാന്തരപര്യടനം, ധനവിനിമയം, നിയമം, പത്രപ്രവര്‍ത്തനം, സാങ്കേതിക വിഷയം, സിനിമ, സൈനികം, തുടങ്ങിയ വ്യത്യസ്ത മണ്ഡലങ്ങളില്‍ എഴുത്ത് തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നു. ഒറ്റപ്പെട്ടും കൂട്ടുചേര്‍ന്നും എഴുതുന്നവരുണ്ട്. ഭാഷാപരമായ സമഗ്രപരിജ്ഞാനവും പ്രവര്‍ത്തനപരിചയവും ഇത്തരത്തിലുള്ള എഴുത്തുകാര്‍ക്ക് ഉണ്ടായിരിക്കണം.

കഥ, കവിത, നാടകം, നോവല്‍, ലേഖനം തുടങ്ങിയ സാഹിത്യ വിഷയങ്ങളില്‍ ഏര്‍പ്പെട്ട്, ഒരു പുസ്തകമെങ്കിലും എഴുതി പ്രസിദ്ധീകരിച്ച വ്യക്തിയാണ് ഗ്രന്ഥകാരന്‍. അത്യന്തം മികച്ച ആദര്‍ശചിന്തയോടും, ഗണനീയമായ ഭാവനാ സമ്പന്നതയോടും, ഗൗരവത്തോടും കൂടി രചന നടത്തുന്ന ഗ്രന്ഥകര്‍ത്താവിന്റെ അദ്ധ്വാനത്തിന് ശമ്പളമോ സമയപരിധിയോ ഇല്ല. എങ്കിലും, 'കമ്പോസര്‍' എന്ന നിലയില്‍ ഗ്രന്ഥകര്‍ത്താവ് അയാളുടെ രചനയുടെ ഉത്തരവാദിയും ഉടമസ്ഥനും അവകാശിയുമാണ്. ജീവചരിത്രം കേട്ടെഴുതന്ന എഴുത്തുകാരനെയും ഇപ്പോള്‍ ഗ്രന്ഥകാരന്മാരുടെ കൂട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്. പറഞ്ഞുകൊടുക്കുന്ന ജീവചരിത്രം കേട്ടെഴുതി പുസ്തകമാക്കുമ്പോള്‍ അതില്‍ ആസ്വാദ്യതയും ചിന്തയും വികാരവും പകരുന്നതിന് ആവിഷ്‌ക്കരണശേഷി വേണമെന്ന അഭിപ്രായമാണ് അതിന്റെ കാരണമായി കരുതുന്നത്. ഒരു ജോലി എന്ന നിലയില്‍ തൊഴില്‍സ്ഥലങ്ങളില്‍ എഴുതികൊടുക്കുന്നതിന്റെ അവകാശവും കര്‍ത്തൃത്വവും ഉടമസ്ഥതയും എഴുത്തുകാരന് ലഭിക്കുന്നില്ല. വേതനം വാങ്ങിക്കൊണ്ട് എഴുതിക്കൊടുക്കുന്നു എന്ന കാരണത്താല്‍. നിത്യവും, എഴുത്ത് ഒരു തൊഴിലായി സ്വീകരിച്ചിട്ടുള്ളവരുടെ ഗണത്തില്‍ ഗ്രന്ഥകാരന്മാരെയും രചയിതാക്കളുടെ കൂട്ടത്തില്‍ പ്രസാധകരേയും ഇപ്പോള്‍ കാണാം.

അനുദിനം വര്‍ദ്ധിക്കുന്ന അറിവിന്റെ ഉറവാണല്ലോ ആശയവിനിമയം. വാര്‍ത്താവിനിമയരംഗത്തുണ്ടായ ഈ അതിശയകരമായ നേട്ടം പല പൗരാണികബന്ധനങ്ങളെയും ഒഴിവാക്കി. അതുകൊണ്ട്, ആശയവിനിമയ വൈദഗ്ദ്ധ്യം ആധുനികതയ്ക്ക് വലിയ അനുഗ്രഹമായി. ദേശീയവും  അന്തര്‍ദേശീയവുമായ ബന്ധങ്ങള്‍ക്കും, വ്യവസായ വികസനത്തിനും, സഞ്ചാരസൗകര്യത്തിനും, സുരക്ഷക്കും, മറ്റ് ആവശ്യമായ വാര്‍ത്താവിതരണവിദ്യയ്ക്കും യോഗ്യമായ സംവിധാനരീതി ഉണ്ടായി. അനേകായിരം വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഓരോ ഭാഷയേയും ഇതരഭാഷകളിലേക്കു മാറ്റുന്ന സാങ്കേതിക വിദ്യ വര്‍്ത്തമാനകാലത്ത് വികസിക്കുന്നു. ഭൂലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉണ്ടായതും ഉണ്ടാകുന്നതും ഉണ്ടാകാവുന്നതുമായ സംഭവങ്ങളെ സകലഭാഷകളിലും എത്തിക്കുന്ന പുതിയ പദ്ധതികളും പുരോഗമിക്കുന്നു. വിശാലവും സുഗമവുമാക്കുന്ന വിവര്‍ത്തനപ്രക്രിയ ആശയവിനിമയവിദ്യയുടെ ഭാഗമായി.
വിവര്‍ത്തനത്തിന്റെ അടിസ്ഥാനം പരിജ്ഞാനമാണ്. ഭാഷകളില്‍ പ്രാവീണ്യം സിദ്ധിച്ചവരും വിവര്‍ത്തനവിദ്യ അഭ്യസിച്ചവരും ഇപ്പോള്‍ ഈ പ്രവര്‍ത്തനരംഗത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. അദ്ധ്വാനത്തിനനുസരിച്ച് പ്രതിഫലം കിട്ടുന്നതിനാല്‍, വിവര്‍ത്തന വേലചെയ്യുന്നവരുടെ സംഘടനകളും സ്വകാര്യകമ്പനികളും പ്രവര്‍ത്തനത്തില്‍ വന്നു. ഗ്രന്ഥകാരന്റെയും തര്‍ജ്ജമക്കാരന്റെയും ഉഭയസമ്മതപ്രകാരം തര്‍ജ്ജമ ചെയ്ത പുസ്തകത്തിന്റെ അവകാശവും ഉടമസ്ഥതയും നിശ്ചയിക്കപ്പെടുന്നു. ഇപ്പോള്‍ ഏത് ഭാഷയില്‍ എഴുതിയാലും, അതിനെ അതിവേഗത്തില്‍ ഭാഷാന്തരം ചെയ്യുന്ന തന്ത്രശക്തി മനുഷ്യന് ലഭിച്ചു. ആശയവിനിമയരംഗത്ത് വിവര്‍ത്തനവിദ്യയിലൂടെ പുതിയ സിദ്ധാന്തങ്ങള്‍ പ്രകടമായി. പരിഭാഷപ്പെടുത്തുവാനുള്ള സാങ്കേതികവിദ്യ കമ്പ്യൂട്ടര്‍ സെല്‍ഫോണ്‍ എന്നിവയിലേക്കും പകര്‍ന്നിട്ടുണ്ട്. അതിനാല്‍, ഭൗമിക ലോകത്തുള്ള സകലഭാഷകളും സംഗമിച്ചുണ്ടാകുന്ന ഒരു ഏകലോകഭാഷയുടെ സൃഷ്ടി വിദൂരമല്ലെന്ന് വിശ്വസിക്കാം.

(തുടരും...)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക