Image

56 കളിയിലെ കളികള്‍ (ചെറിയാന്‍ തോമസ്)

Published on 10 October, 2018
56 കളിയിലെ കളികള്‍ (ചെറിയാന്‍ തോമസ്)
വളരെയേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 1992ല്‍ ടൊറോന്റൊ ബ്‌ളു ജേയ്‌സ് വേര്‍ഡ് സിരീസ് ചാന്‍പ്യന്‍സ് ആയി എന്ന വാര്‍ത്ത ന്യൂസ് പേപ്പറില്‍ വായിച്ച് മൂന്ന് ദിവസം നിര്‍ത്താതെ ഞാന്‍ ചിരിച്ചു. രണ്ട് ദിവസം എന്റെ ചിരി കണ്ട് സഹികെട്ട് സഹജോലിയന്‍ സായിപ്പ് ആദ്യം ഇംഗ്‌ളിഷിലും പിന്നെ മലയാളത്തിലും പച്ചത്തെറി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ചിരി നിര്‍ത്തി കാര്യം പറഞ്ഞു. അമേരിക്കയിലെ അഞ്ചോ ആറോ ബേസ് ബോള്‍ ടീമും പിന്നെ കാനഡയില്‍ നിന്ന് രണ്ട് ടീമും കൂടെ കളിച്ചാലെങ്ങനെ വേള്‍ഡ് സിരീസ് ആകും ആന്‍ഡ്രൂസ്സെ....?! പിന്നെ ഒരു ദിവസത്തേക്ക് കൂടി ഞാനും ആന്‍ഡ്രൂസായിപ്പനും ഒന്നിച്ച് ചിരിച്ചു. എന്നാല്‍ അത് പോലൊന്നുമല്ല 56 ഇന്റര്‍ നാഷണല്‍. ഭൂലോകമാകെ പടര്‍ന്നു കിടക്കുന്ന ലോകോത്തര കളിക്കാരുടെ ചീട്ട് കളി മാമാങ്കമാണത്. വെറുമൊരു ചീട്ട് കളിക്ക് മാമാങ്കം എന്ന വിശേഷണം കൂടിപ്പോയില്ലേയെന്നു ചോദിക്കാം. നോര്‍ത്തമേരിക്കയിലെ മലയാളി എന്ത് കളിച്ചാലും എന്തിട്ട് കളിച്ചാലും എങ്ങിനെ കളിച്ചാലും, ഗോലിക്കളി മുതല്‍ സമജങ്ങളുടെ ജനറല്‍ ബോഡി മീറ്റിങ്ങ് വരെ മാമാങ്കത്തിന്റെ സെക്ഷനില്‍ പെടും.

ഫ്യുഡലിസ്റ്റിക് കാലഘട്ടത്തില്‍ കുലീനരും കുബുദ്ധികളും കൊട്ടാരക്കെട്ടിലിരുന്ന് ചതുരംഗം കളിച്ചപ്പോള്‍ ദരിദ്രരും നിന്ദിതരും പാടവരമ്പത്തെ തെങ്ങിന്‍ ചോട്ടിലിരുന്ന് ചീട്ട് കളിച്ചു. സോഷ്യലിസം വന്നപ്പോള്‍ വരമ്പത്തിരുന്നവര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സ്‌കോച്ച് വിസ്കിയും നുണഞ്ഞ് ചീട്ട് കളിക്കുവാന്‍ തുടങ്ങി. അങ്ങനെ ചീട്ട് കളി ആദ്യം മാന്യനായി പിന്നെ ബുദ്ധി കയറിപ്പടര്‍ന്ന് വിവേകിയും ആയി. അധികാരി വര്‍ഗത്തിനെ ഉന്മത്തരാക്കിയിരുന്നത് യുദ്ധവും യുദ്ധക്കളികളുമായിരുന്നു. അത് കൊണ്ടായിരിക്കാം ഫ്യുഡലിസത്തിന്റെ പരിച്ഛേദമായ ചതുരംഗത്തില്‍ ചാവേറുകളെ പരിത്യാഗം ചെയ്ത് രാജ്ഞിയേയും രാജാവിനേയും സംരക്ഷിക്കുന്നത്. അധ:കൃതന്റെ ചീട്ട് കളിയില്‍ അധികാര വര്‍ഗത്തിനോടുള്ള പരോക്ഷമായ അവഹേളനം കാണാം. രാജാവും റാണിയും തീരെ വിലയില്ലാത്ത ചീട്ടും, ജാക്ക് എന്ന സാധാരണക്കരന്റെ ഗുലാന്‍ ഏറ്റവും മുന്തിയവനും വെറും ഒന്‍പതാം കൂലി രണ്ടാമത്തവനുമാകുന്ന സോഷ്യലിസ്റ്റ് വിപ്‌ളവമാണ് 56 കളി. ഈ സോഷ്യലിസ്റ്റ് മാമാങ്കത്തിന്റെ അവസാനത്തെ വാക്കാണ് നോര്‍ത്തമേരിക്കയില്‍ വെച്ച് എല്ലാ വര്‍ഷവും അരങ്ങേറുന്ന 56 ഇന്റര്‍ നാഷണല്‍ ചീട്ടികളി മത്സരം.

ഈ വര്‍ഷത്തെ 56 ഇന്റര്‍ നാഷണല്‍ ഫിലാഡല്‍ഫിയയില്‍ വെച്ചായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൊറോന്റൊയില്‍ വെച്ച് നടന്ന മത്സരത്തിന്റെ ഓര്‍ഗനൈസിംഗ് കമ്മറ്റിയില്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായിട്ടാണ് കളിക്കാന്‍ ഒരവസരം കിട്ടുന്നത്. അവസാന നിമിക്ഷത്തില്‍ തട്ടികൂട്ടിയെടുത്ത ടീമായരുന്നു ഞങ്ങളുടേത്. ഇതു വരെ ഒരുമിച്ച് ഒരു ടീമായി കളിച്ചിട്ടില്ലായെന്നതായിരുന്നു ഞങ്ങളുടെ ശക്തി. ഞങ്ങള്‍ വിളിക്കുന്നത് ഞങ്ങള്‍ക്ക് പോലും മനസിലാകില്ല അതായിരുന്നു ഞങ്ങളുടെ വിജയ രഹസ്യവും. ഞങ്ങളുടെ പൊട്ടവിളി കേട്ട് ബുദ്ധിപൂര്‍വ്വം തന്ത്രങ്ങള്‍ മെനഞ്ഞ് കളിച്ചവര്‍ ഏഴ് നിലയില്‍ പൊട്ടി. അങ്ങനെ ഞങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍സിനടുത്ത് വരെയെത്തി, 56 ലെ മുടിചൂടാമന്നനായ ഡിട്രോയിറ്റ് അപ്പച്ചന്റെ ടീമിനോട് തോറ്റ് പുറത്തായപ്പോള്‍ കളിയുടെ ലഹരി തലക്ക് പിടിച്ച് തുടങ്ങിയിരുന്നു.

ജീവിതഭാരങ്ങളും മന:ക്‌ളേശങ്ങളും പടിക്ക് പുറത്ത് വെച്ച് രണ്ട് ദിവസം എല്ലാം മറന്ന് ചീട്ട് കളിയുടെ ശാന്തിയില്‍ വിഹാരിക്കുന്ന വിടര്‍ന്ന കണ്ണുകളും ചിരിക്കുന്ന മുഖങ്ങളും മാത്രമായിരുന്നു എന്റെ ചുറ്റിനും. ആദ്യത്തെ അഞ്ച് കളികള്‍ക്ക് ശേഷം ചായയും പരിപ്പ് വടയും പഴം പൊരിയും ആസ്വദിച്ച് കഴിക്കുന്നതിനിടയില്‍ അടുത്തിരുന്ന ടേബിളിലെ സ്ത്രീകള്‍ തമാശ പറഞ്ഞ് തല തല്ലി ചിരിക്കുന്നത് കണ്ട് ഞാവരോട് ചോദിച്ചു, “ അഞ്ച് കളിയും ജയിച്ച് കാണും അല്ലേ?”. ചിരി നിര്‍ത്താതെ തന്നെയവര്‍ ഒരുമിച്ച് പറഞ്ഞു, “ ഇല്ല അഞ്ചും തോറ്റു”. അതായിരുന്നു അവിടെ കൂടിയിരുന്ന ഭൂരിപക്ഷത്തിന്റെയും മനോഭവം. എന്നാല്‍ കളിയിലെ കളികളുമായി എത്തിയവരും ഉണ്ടായിരുന്നു. കഥകളിയാശാന്മാരെ വെല്ലുന്ന കണ്ണ് കളികള്‍, കൈയും വിരലും ലാമ്പ്ഡയും ഒമേഗയുമാക്കി സിഗ്‌നല്‍ വിദ്യയില്‍ പുതിയമാനങ്ങള്‍ കണ്ടെത്തിയവര്‍, ചീട്ടുകള്‍ ഇടത് കൈയില്‍ പിടിച്ചാല്‍ ഒരര്‍ത്ഥം വിളികഴിഞ്ഞ് ചീട്ടുകള്‍ കമഴ്ത്തി മേശപ്പുറത്ത് വെച്ചാലത് വേറെ, അങ്ങനെ വിളിക്കാതെ വിളിക്കുന്ന വിളികള്‍ കൊണ്ട് 56 കളി സങ്കീര്‍ണ്ണമായി കൊണ്ടിരുന്നു. എന്നിരുന്നാലും 56 കളി ഒരു ജെന്റില്‍ മേന്‍സ് ഗേയ്ം ആയി തന്നെ അവശേഷിക്കുന്നു.

സംഘാടകര്‍ 70 ടീമുകള്‍ മത്സരിക്കാന്‍ എത്തും എന്ന് പ്രതീക്ഷിച്ചിരിക്കാന്‍ വഴിയില്ല. അധികം വലിപ്പമില്ലാത്ത കണ്‍വെന്‍ഷന്‍ ഹാളില്‍ തിങ്ങിക്കൂടിയിരുന്ന് കളിക്കുമ്പോളുള്ള അലസോരങ്ങളും അസ്വാസ്ഥങ്ങളും ഉണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും വളരെ വൈകിയാണ് ആദ്യദിവസത്തെ കളികള്‍ തുടങ്ങിയത്. ബേസ്‌ബോള്‍ കളിയുടെ ഉദ്ഘാടനം ബോളെറിഞ്ഞാണ്, ഫുട്‌ബോള്‍ കാല് കൊണ്ട് തട്ടിയും ഉദ്ഘാടിക്കും. അത് കൊണ്ട് ചീട്ട് കളി ഉദ്ഘാടനം ഒരു കുത്ത് ചീട്ട് മുകളിലേക്കെറിഞ്ഞ് നടത്തും എന്നാണ് കരുതിയത്. എന്നാല്‍ എന്റെ കരുതലുകള്‍ എല്ലാം കാറ്റില്‍ പറത്തി വിശിഷ്ട്യവ്യക്തികളെല്ലാം കൂടെ പത്തടി പൊക്കമുള്ള നിലവിളക്ക് കൊളുത്തിയാണ് ചൂതാട്ടം ഉദ്ഘാടിച്ചത്. ഇരുട്ടില്‍ കിടക്കുന്ന ചീട്ട് കളിയെ വെളിച്ചത്തിലേക്ക് കൊണ്ട് വരുന്ന പ്രതീകാത്മപ്രക്രീയ ആണ് നിലവിളക്ക് കൊളുത്തലിലൂടെ കവികള്‍ രൂപകല്പന ചെയ്‌തെടുത്തത്. മത്സരം തുടങ്ങാന്‍ വൈകിയത് കൊണ്ട് വെറും പതിനഞ്ച് മിനിറ്റ് കൊണ്ട് ഉദ്ഘാടനം തീര്‍ത്ത് കളി തുടങ്ങും എന്ന് സംഘാടകന്‍ അനൗസ് ചെയ്തു. വേദിയില്‍ വിശിഷ്ട വ്യക്തികളെ വിളിച്ചിരുത്താന്‍ തന്നെ പതിനഞ്ച് മിനിറ്റെടുത്തു. പിന്നെ പരിപാടിയുടെ എംസിയെ പരിചയപ്പെടുത്താന്‍ എത്തിയ, പേരില്‍ മാത്രം ഇളപ്പമുള്ള ഗള്‍ഫ് ഗേറ്റ്കാരന്‍ അരമണിക്കൂര്‍ പ്രസംഗിച്ചു. ഇതുവരെ നടന്നതും ഇനി നടക്കാന്‍ പോകുന്നതും പിന്നെ വേദിയിലിരിക്കുന്ന പ്രാസംഗികര്‍ പറയാന്‍ ഉദ്ദേശിച്ചിരുന്നത് മുഴുവന്‍ പറഞ്ഞ് തീര്‍ത്തു. പിന്നെയെന്തിനാണോ ബാക്കിയുള്ളവര്‍ പ്രസംഗിച്ചെതെന്ന് തീരെ പിടി കിട്ടിയില്ല. അങ്ങോര് പറഞ്ഞത് തന്നെ ഒന്നുടെ ഊന്നി പറഞ്ഞിരിക്കുന്നുവെന്ന് പുറകെ വന്ന പ്രാസംഗീകര്‍ പറഞ്ഞാല്‍ മതിയായിരുന്നു. അങ്ങനെ പതിനഞ്ച് മിനിറ്റില്‍ തീരേണ്ടിയിരുന്ന ഉദ്ഘാടനം ഒരു മണിക്കൂറോളം നീണ്ടു. വടക്കെ അമേരിക്കയിലെ സ്‌റ്റേജുകളില്‍ ഇപ്പോള്‍ ഒരു സ്ഥിരപ്രതിഷ്ഠയായ ചിരിക്കുട്ടനും വേദിയിലുണ്ടായിരുന്നു. ആദ്യ ദിവസത്തെ കളികള്‍ തുടങ്ങാന്‍ ഇത്തിരി വൈകിയതൊഴിച്ചാല്‍ ഈ വര്‍ഷത്തെ 56 ഇന്റര്‍ നാഷണല്‍ മത്സരം കുറ്റമറ്റതായിരുന്നു. അതിന്റെ പുറകില്‍ മാസങ്ങളോളം പ്രയത്‌നിച്ചയെല്ലാ സംഘടന ഭാരവാഹികളുടെയും കര്‍മ്മനിരത എടുത്ത് പറയാതിരിക്കാന്‍ വയ്യ. ഇനി അടുത്ത വര്‍ഷം വാഷിംഗ്ടനില്‍ കാണാം എന്ന പ്രതീക്ഷയോടെ എല്ലാവരും ഉപചാരം ചൊല്ലി പിരിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക