Image

രാഷ്ട്രപതി സ്ഥാനത്തേക്ക് സാം പിട്രോഡയെ പരിഗണിക്കുന്നു

Published on 04 April, 2012
രാഷ്ട്രപതി സ്ഥാനത്തേക്ക് സാം പിട്രോഡയെ പരിഗണിക്കുന്നു
അഹമ്മദബാദ്: ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന്റെ സൂത്രധാരന്‍ സാം പിട്രോഡയുടെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ജൂലായിലാണ് രാജ്യത്തിന്റെ പതിനാറാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ടത്. പ്രതിഭ പാട്ടീലിന്റെ പിന്‍ഗാമിയെ കണ്ടത്താന്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാണ്. ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളില്‍ സത്യനാരായണ്‍ ഗംഗാറാം പഞ്ചല്‍ എന്ന സാം പിട്രോഡയും ഉള്‍പ്പെടുന്നു.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ മീര കുമാര്‍, ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി എന്നിവര്‍ക്കൊപ്പമാണ് പിട്രോഡയുടെ പേരും ഗൗരവമായി പരിഗണിക്കുന്നത്. ഇത് സംഭവിച്ചാല്‍ ഇന്ത്യയുടെ പ്രഥമപൗരനാകുന്ന ആദ്യ ഗുജറാത്തിയാകും പിട്രോഡ. രാജീവ് ഗാന്ധിയുടെ അഭ്യര്‍ഥനമാനിച്ചാണ് ടെലികോം-കംപ്യൂട്ടര്‍ വിപ്ലത്തിന് തുടക്കം കുറിച്ച് പിട്രോഡ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്. ദേശീയ ഇന്നവേഷന്‍ കമ്മീഷന്‍ ചെയര്‍മാനായ പിട്രോഡ പ്രധാനമന്ത്രിയുടെ ഉപദേശകനായും പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ ഉള്‍പ്പടെ പല സംസ്ഥാനങ്ങളുടെയും സാങ്കേതിക ഉപദേശകനുമാണ് അദ്ദേഹം. 

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ചെറുകക്ഷികളുടെ പിന്തുണ നിര്‍ണായകമാണ്. ബംഗാളിലെ പരിഷ്‌കരണങ്ങളുടെ ചുമതലക്കാരന്‍ എന്ന നിലയില്‍ മമത ബാനര്‍ജിയുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചേക്കും. ശരദ് പവാര്‍, ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവരുമായും അദ്ദേഹത്തിന് നല്ല ബന്ധമാണ്. ഗുജറാത്തികളായ മാതാപിതാക്കള്‍ക്ക് ജനിച്ച സാം പിട്രോഡ ജനിച്ചതും വളര്‍ന്നതും ഒറിസയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക