Image

എമിഗ്രേഷന്‍ റഗുലേറ്ററി അതോറിറ്റി ഉടന്‍ നടപ്പില്‍ വരും: വയലാര്‍ രവി

Published on 04 April, 2012
എമിഗ്രേഷന്‍ റഗുലേറ്ററി അതോറിറ്റി ഉടന്‍ നടപ്പില്‍ വരും: വയലാര്‍ രവി
ദുബായ്‌: വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്ന ഇന്ത്യന്‍ തൊഴിലാളികളെ കബളിപ്പിക്കുന്നത്‌ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള എമിഗ്രേഷന്‍ റഗുലേറ്ററി അതോറിറ്റി ഉടന്‍ നടപ്പില്‍ വരുമെന്ന്‌ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. വൈകാതെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന ബില്ലിന്‌ ഉടന്‍ അംഗീകാരമാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. ദുഗ്ലൈബയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (ഐ.സി.ഡബ്‌ള്യു.സി)യില്‍ അംഗങ്ങളായ സംഘടനകളുടെ സംഗമത്തിനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്‍റ്‌ നടപടികള്‍ ലളിതമാക്കുന്നതോടൊപ്പം ചൂഷണം തടയുകയാണ്‌ അതോറിറ്റിയുടെ ലക്ഷ്യം. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടന്‍ ബില്ലിന്‍െറ കരട്‌ മന്ത്രലായത്തിന്‍െറ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതില്‍ പ്രവാസികള്‍ക്കും സംഘടനകള്‍ക്കും ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ അവസരം നല്‍കും.
പ്രവാസികള്‍ക്ക്‌ നേരെ നടക്കുന്ന അതിക്രമങ്ങള്‍ നേരിടാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്‌ പുറമെ അതോറിറ്റിക്‌ കീഴില്‍ പ്രത്യേക നിയമസംവിധാനം കൊണ്ടുവരണമെന്ന്‌ ബില്ലില്‍ നിര്‍ദേശമുണ്ട്‌.

നിയമവിരുദ്ധമായി വിദേശത്തേക്ക്‌ ഇന്ത്യക്കാരെ കൊണ്ടുവരുന്നത്‌ തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അനധികൃത ഏജന്‍റുമാര്‍ നിയമങ്ങളില്‍ പഴുതുകള്‍ കണ്ടെത്തി നിയമവിരുദ്ധമായി സ്‌ത്രീകളടക്കമുള്ളവരെ വിദേശത്തേക്ക്‌ കടത്തുകയാണ്‌. സ്‌ത്രീ തൊഴിലാളികളുടെ കാര്യത്തിലാണ്‌ ഇപ്പോള്‍ കൂടുതല്‍ ചൂഷണങ്ങള്‍ അരങ്ങേറുന്നത്‌. അവര്‍ ഏജന്‍റുമാരുടെ നിരന്തര ചൂഷണത്തിന്‌ ഇരയാവുകയാണ്‌. ഇത്തരം പ്രവണതകള്‍ കര്‍ശനമായി നേരിടുന്നതിനാണ്‌ പ്രത്യേക എമിഗ്രേഷന്‍ അതോറിറ്റി എന്ന ആശയം മുന്നോട്ടുവച്ചത്‌. വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിന്‌ അടുത്തിടെ ചട്ടങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ ചിലര്‍ സ്‌ത്രീകളെ സന്ദര്‍ശനവിസയില്‍ കൊണ്ടുവന്ന്‌ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഇരയാക്കുകയാണ്‌. ഇതിനെതിരെയും കര്‍ശനമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഐ.സി.ഡബ്‌ള്യു.സിയുടെ ചടങ്ങില്‍ കണ്‍വീനര്‍ കെ. കുമാര്‍ അധ്യക്ഷത വഹിച്ചു.
എമിഗ്രേഷന്‍ റഗുലേറ്ററി അതോറിറ്റി ഉടന്‍ നടപ്പില്‍ വരും: വയലാര്‍ രവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക