Image

സൈനിക നീക്കം: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആന്റണി

Published on 04 April, 2012
സൈനിക നീക്കം: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആന്റണി
വിശാഖപട്ടണം: തലസ്ഥാന നഗരിയില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ സൈനിക നീക്കം നടന്നെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. വിശാഖപട്ടണത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി.

സൈന്യത്തിന്റെ ദേശസ്‌നേഹത്തെ സംശയിക്കേണ്ടതില്ലെന്നും ആന്റണി പറഞ്ഞു. സൈന്യം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്‌ടെന്നും സ്വാഭാവികമായ പതിവു പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യത്തെ താഴ്ത്തിക്കെട്ടുന്ന ഒരു നടപടിയും സൈന്യം സ്വീകരിക്കില്ല. സൈന്യത്തിന്റെ ദേശസ്‌നേഹത്തില്‍ ആത്മവിശ്വാസമുണ്‌ടെന്നും സൈന്യത്തിന്റെ നടപടിയില്‍ അസ്വാഭാവികതയില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

കരസേനാ മേധാവിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സേനാ മേധാവിയുടെ ഒഫീസ് ഉന്നത പദവിയുള്ളതാണെന്നും അതിന്റെ അന്തസ്സ് താഴ്ത്തുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും പാര്‍ലമെന്റില്‍  വാര്‍ത്താ ലേഖകരോടായി  അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിനെ അറിയിക്കാതെ സൈന്യം അട്ടിമറി നീക്കം നടത്തിയതായി ദേശീയ പത്രത്തില്‍ വന്ന വാര്‍ത്തയെ പ്രധാനമന്ത്രി നിശിതമായി വിമര്‍ശിച്ചു. വാര്‍ത്ത പരിഭ്രാന്തിയുണ്ടാക്കുന്നതും അടിസ്ഥാന രഹിതവുമാണെന്നും അത് മുഖവിലക്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൈന്യം അട്ടിമറി ശ്രമം നടത്തില്ലെന്ന്  തങ്ങള്‍ക്ക്ക് ഉറപ്പുണ്ടെന്ന് പ്രതിരോധ മന്ത്രി എ.കെകആന്റണി പറഞ്ഞു. 'സൈന്യവുമായി ബന്ധപ്പെട്ട് ഇത്രയധികം വിവാദങ്ങള്‍ ഉണ്ടാക്കേണ്ടതില. അവരില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. സൈന്യം നടത്തിയത് സാധാരണ നീക്കം മാത്രമായിരുന്നു. അതില്‍ അസാധാരണമായി ഒന്നുണ്ടായിരുന്നില്ല'. ജനാധിപത്യം അട്ടിമറിക്കുന്ന യാതൊന്നും സൈന്യം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്ര സുരക്ഷയെയും ഇന്ത്യന്‍ സൈന്യത്തെയും ബാധിക്കുന്ന രീതിയില്‍ ഇനിയും വിവാദങ്ങളുണ്ടാക്കരുതെന്ന് ഞാന്‍ നിങ്ങളോട് വിനീതമായി അപേക്ഷിക്കുകയാണെന്നും ആന്റണി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
അതേസമയം, വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രതിരോധ മന്ത്രി രാജിവെക്കണമെന്ന് പ്രധാന പ്രതിപക്ഷമായ ബി.ജെ.പി ആവശ്യപ്പെട്ടു.

ജനുവരി 16,17 തിയതികളില്‍  സര്‍ക്കാര്‍ അറിയാതെ കരസേന ദല്‍ഹിയിലേക്ക് അപ്രതീക്ഷിത സൈനിക നീക്കം നടത്തിയെന്നായിരുന്നു ബുധനാഴ്ച  ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന വാര്‍ത്ത.  റഷ്യന്‍ നിര്‍മിത സായുധ യുദ്ധവാഹനങ്ങളും ആഗ്രയില്‍ നിന്നുള്ള 50 പാരാ ബ്രിഗ്രേഡുകളും സൈനിക നീക്കത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടിലുണ്ട്. പ്രായവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിങ് സുപ്രീംകോടതിയെ സമീപിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു നീക്കമെന്നും റിപ്പോര്‍ട്ടിലുണ്ട്.

സര്‍ക്കാരിനെ അറിയിക്കാതെ കരസേനയുടെ രണ്ട് സൈനിക യൂണിറ്റുകള്‍  ദല്‍ഹിയിലേയ്ക്ക് നീങ്ങിയെന്ന വാര്‍ത്ത തെറ്റാണെന്ന് പ്രതിരോധ മന്ത്രാലയം. ഇത് സംബന്ധിച്ച് ദേശീയ പത്രമായ ദ ഇന്ത്യന്‍ എക്സ്പ്രസ് നല്‍കിയ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും വസ്തുതകള്‍ വളച്ചൊടിക്കുയായിരുന്നുവെന്നും പ്രതിരോധ സെക്രട്ടറി ശശി കാന്ത്ശര്‍മ പറഞ്ഞു.

സൈന്യം നിത്യേന നടത്തുന്ന പരിശീലനത്തിന്റെ ഭാഗം മാത്രമാണതെന്ന് കരസേനയും വിശദീകരിച്ചു.

ജനുവരി 16, 17 തിയതികളില്‍ സര്‍ക്കാറിനെ അറിയിക്കാരെ കരസേന ദല്‍ഹിയിലേക്ക് സൈനിക നീക്കം നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രായവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിങ് സുപ്രീംകോടതിയെ സമീപിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു നീക്കമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അഴിമതി വാഗ്ദാനം വെളിപ്പെടുത്തിയും സൈന്യത്തിന്റെ അപര്യാപ്തത കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചും വി.കെ സിങ് പ്രതിരോധ മന്ത്രാലയവുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തലിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.


സൈനിക നീക്കം: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആന്റണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക