Image

ആണവ അന്തര്‍വാഹിനി ഐഎന്‍എസ് ചക്ര ഔദ്യോഗികമായി കമ്മീഷന്‍ ചെയ്തു

Published on 04 April, 2012
ആണവ അന്തര്‍വാഹിനി ഐഎന്‍എസ് ചക്ര ഔദ്യോഗികമായി കമ്മീഷന്‍ ചെയ്തു
വിശാഖപട്ടണം: റഷ്യയില്‍ നിന്നും പത്ത് വര്‍ഷത്തെ കരാറിന് സ്വന്തമാക്കിയ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് ചക്ര ഔദ്യോഗികമായി കമ്മീഷന്‍ ചെയ്തു. വിശാഖപട്ടണത്ത് പ്രതിരോധമന്ത്രി എ.കെ. ആന്റണിയാണ് അന്തര്‍വാഹിനി കമ്മീഷന്‍ ചെയ്തത്. നേര്‍പ്പ എന്ന ആണവ അന്തര്‍വാഹിനി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായതോടെ ഐഎന്‍എസ് ചക്ര എന്ന് പേരുമാറ്റുകയായിരുന്നു.

2004 ല്‍ 90 കോടി ഡോളറിനാണ് കപ്പല്‍ കൈമാറാനുള്ള കരാര്‍ ഒപ്പുവെച്ചത്. എന്നാല്‍ 2008 ല്‍ പരിശീലനത്തിനിടെ ഉണ്ടായ അപകടത്തില്‍ വിഷവാതകം ശ്വസിച്ച് 20 നാവികര്‍ മരിച്ചതോടെ കപ്പലിന്റെ കൈമാറ്റം വൈകുകയായിരുന്നു. ഇന്ത്യന്‍ നാവികസേനാംഗങ്ങള്‍ക്ക് പരിശീലനത്തിനാകും ഐഎന്‍എസ് ചക്ര പ്രധാനമായും ഉപയോഗിക്കുക. 30 ഓഫീസര്‍മാരടക്കം 70 ലധികം ജീവനക്കാരാണ് കപ്പലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായി വരുന്നത്.

വെള്ളത്തിനടിയില്‍ 600 മീറ്റര്‍ വരെ ആഴത്തില്‍ പോകാന്‍ കപ്പലിനാകും. 73 ജീവനക്കാരുമായി 100 ദിവസം വരെ കടലിനടിയില്‍ കഴിയാനുള്ള സംവിധാനം കപ്പിലിലുണ്ട്.

ഇതോടെ ആണവ അന്തര്‍വാഹിനി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ട് ദശാബ്ദത്തിന് ശേഷം ഇന്ത്യ വീണ്ടും സ്ഥാനം പിടിച്ചിരിക്കുകയാണ്. നേരത്തെ 1988 മുതല്‍ റഷ്യന്‍ നിര്‍മിതമായ മറ്റൊരു ആണവ അന്തര്‍വാഹിനി ഇന്ത്യ കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത് പരിശീലനം നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക