Image

ബാക്കി വെച്ച ചുംബനം (കഥ: ഫൈസല്‍ മാറഞ്ചേരി)

Published on 02 October, 2018
ബാക്കി വെച്ച ചുംബനം (കഥ: ഫൈസല്‍ മാറഞ്ചേരി)
ഒന്നു കാണണം എന്നു മാത്രമായിരുന്നു ആ മെസ്സേജില്‍ ഉണ്ടായിരുന്നത്

എത്രയോ വര്‍ഷമായി നേരില്‍ കണ്ടിട്ട് എവിടന്നാവോ എന്റെ ഫേസ്ബുക്ക് മെസെഞ്ചര്‍ കണ്ടുപിടിച്ചത്...

പരിചയക്കാര്‍ ആരെങ്കിലും കൊടുത്തതാവാം. അല്ലെങ്കില്‍ തന്റെ നമ്പര്‍ എവിടുന്നെങ്കിലും കിട്ടി മൊബൈലില്‍ സേവ് ചെയ്തപ്പോള്‍ ഫേസ്ബുക്ക് തന്നെ കണ്ടെത്തി കൊടുത്തതാവും..

വരേണ്ട ലൊക്കേഷന്‍ ാമു പോലും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വീട് കണ്ടു പിടിക്കാനും ബുദ്ധി മുട്ടിയില്ല.

കാളിംഗ് ബെല്‍ അടിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മെലിഞ്ഞു കറുത്ത പെണ്‍കുട്ടി വന്നു സിറ്റിംഗ് റൂമിലേക്ക് കയറിയിരിക്കാന്‍ പറഞ്ഞു...

കയറി ഇരുന്നു ചുറ്റും ഒന്നു കണ്ണോടിച്ചു. തടിച്ച ഫ്രെയിമുള്ള ഒരു കണ്ണട ധരിച്ച ഒരാളുടെ ചിത്രം ചുവരില്‍ കാണാം. കറുത്ത ഒരു നീളന്‍ സോഫയില്‍ ആയിരുന്നു അയാളിരുന്നത്.

വീണ്ടും കുട്ടി വന്നു അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു. മടിച്ചാണെങ്കിലും കാണാന്‍ ഉള്ള ത്വര തന്റെ മനസ്സിലും ഉണ്ടായിരുന്നു..

വര്‍ഷങ്ങള്‍ എത്ര വേഗമാണ് കടന്നു പോകുന്നത്. കൂടെ കോളേജില്‍ ഉണ്ടായിരുന്ന പലരുടെയും മുഖം പോലും മറന്നു പോയിരിക്കുന്നു.

കടന്നു ചെന്ന മുറിയില്‍ നല്ല വെളിച്ചമുണ്ടായിരുന്നു...
ഇളം കളര്‍ സാരിയുടുത്തായിരുന്നു അവളിരുന്നിരുന്നത്.

"മുട്ടിനു തീരെ വയ്യ അതോണ്ടാ മുറിയിലേക്ക് വിളിച്ചത് "

പ്രായം സ്ത്രീകളെയാണ് പെട്ടെന്ന് വര്‍ദ്ധക്യത്തിലേക്ക് കൊണ്ടുപോകുന്നത് എന്നായിരുന്നു അപ്പോള്‍ അയാള്‍ ആലോചിച്ചത്.

മുഖം കുറച്ചു തടിച്ചിട്ടുണ്ടെങ്കിലും രൂപത്തിന് പ്രത്യേക മാറ്റം ഒന്നും തന്നെയില്ല പുറത്തേക്ക് കാണുന്ന ചില മുടികള്‍ നര വന്നിരിക്കുന്നു.

"എന്താ ആലോചിക്കുന്നത് കോളേജിനെ കുറിച്ചാണോ"

"നമ്മുടെ കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന് പോയപ്പോള്‍ ആണ് താങ്കളെ കാണണം എന്നു എന്റെ മനസ്സ് മന്ത്രിക്കാന്‍ തുടങ്ങിയത്."

"താങ്കളും അവിടെ വരും എന്നു ഞാന്‍ ആഗ്രഹിച്ചു. റഹീമിനെ കണ്ടപ്പോള്‍ അവനാണ് പറഞ്ഞത് കാനഡയില്‍ ആണ് അടുത്ത ദിവസം വരുമെന്ന്."

അവന്റെ കയ്യില്‍ നിന്നാണ് ഫോണ്‍ നമ്പര്‍ വാങ്ങിയത്. പിന്നെ നേരിട്ട് വിളിക്കാന്‍ ഒരു മടി. ഫോണില്‍ സേവ് ചെയ്ത് വെച്ചു.. ഒരിക്കല്‍ ഫേസ്ബുക്ക് നോക്കുമ്പോള്‍ ആണ് താങ്കളുടെ പ്രൊഫൈല്‍ സജഷന്‍ ലിസ്റ്റില്‍ കണ്ടത്

കുട്ടി വീണ്ടും ഒരു ഗ്ലാസ് അവക്കാഡോ ജ്യൂസുമായി വന്നു. തന്റെ നേരെ നീട്ടി.

"ഇപ്പോഴും ഈ ജ്യൂസിനോട് തന്നെയല്ലേ പ്രിയം "

ശരിയാണ് എത്രയോ അവക്കാഡോ ജ്യൂസുകള്‍ ഞങ്ങള്‍ രണ്ട് പേരും കുടിച്ചിരിക്കുന്നു.

പെട്ടന്നല്ലേ ഞങ്ങളുടെ ബന്ധം അവളുടെ വീട്ടിലറിഞ്ഞതും. ഉടനെ തന്നെ ഒരു എഞ്ചിനീയറെ കൊണ്ട് തന്നെ കല്ല്യാണം ഉറപ്പിച്ചതും കല്യാണ ശേഷം കുവൈത്തിലേക്ക് പറന്നതും....

താനും പഠന ശേഷം ബാംഗ്‌ളൂരിലേക്കും പിന്നെ ഓരോ വിദേശ രാജ്യങ്ങളിലേക്കും ജോലി ആവിശ്യാര്‍ത്ഥം യാത്ര തന്നെയായിരുന്നു.

"ഇപ്പോള്‍ ഞാന്‍ കാണണം എന്നു പറയാന്‍ കാര്യം"

"അന്ന് ഞാന്‍ കോളേജില്‍ പോയപ്പോള്‍ ആ അരളി മരച്ചുവട്ടില്‍ കുറെ നേരം നിന്നു. ആ കോണി ചുവട്ടിലും കോളേജില്‍ നിന്നും കടപ്പുറത്തേക്ക് പോകുന്ന പഞ്ചാര മണലിലും ഞാന്‍ നിന്നു."

"അവിടെ നിന്നെല്ലാം നീ എന്നോട് ആവിശ്യപെട്ടിരുന്ന ആ ചുംബനം നിനക്ക് തന്നില്ലല്ലോ എന്ന് എന്റെ മനസ്സ് പരിഭവിച്ചു കൊണ്ടേയിരുന്നു."

ശരിയാണ് പലവട്ടം ഒരു ചുംബനത്തിനായ് കൊതിച്ചെങ്കിലും സമ്മതത്തോടെയല്ലാതെ ഒന്നും കവര്‍ന്നെടുക്കില്ലെന്ന ആ ദൃഢ നിശ്ചയമുണ്ടായിരുന്നു

"ഞങ്ങള്‍ അന്നത്തെ പെണ്ണുങ്ങള്‍ ഒന്നും സമ്മതിച്ചു തരുന്നവര്‍ ആയിരുന്നില്ല"

"അര്‍ഹത പെട്ടതാണെങ്കില്‍ കവര്‍ന്നെടുക്കട്ടെ എന്നായിരുന്നു ഞങ്ങളുടെ മനസ്സില്‍"

"ഒരിക്കലെങ്കിലും നിങ്ങള്‍ അത് ചെയ്‌തെങ്കില്‍ എന്ന് മനസ്സ് എത്രവട്ടം കൊതിച്ചിട്ടുണ്ടെന്നോ?"

അയാള്‍ അവളുടെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിയിരുന്നു അവളെ ആദ്യമായി കാണുന്നത് പോലെ...

പഴയ മരച്ചുവടും സ്റ്റഡി ടൂറും എല്ലാം മനസിലേക്ക് ഓടി വന്നു എവിടെയും മാന്യത കൈവിടാത്ത തങ്ങളുടെ പ്രണയവും.

"ഇപ്പോള്‍ ഞാന്‍ വരാന്‍ പറഞ്ഞത് ഈ ചുണ്ടുകളില്‍ ബാക്കി വെച്ച ആ ചുംബനം ഏറ്റു വാങ്ങാനാണ്. വരു ഈ ചുണ്ടുകള്‍ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല"

എയര്‍ കണ്ടിഷന്‍ഡ് റൂമായിട്ടും അയാള്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു അവളും.. നാലു കണ്ണുകളില്‍ ഒരു വലിയ ചലച്ചിത്രം പോലെ പഴയ കാലം ഫ്‌ലാഷ് ബാക്ക് തീര്‍ത്തു.

അയാള്‍ മെല്ലെ എഴുന്നേറ്റു അപ്പോഴാണ് അയാളുടെ സെല്‍ ഫോണ്‍ ശബ്ദിച്ചത് " ചന്ദ്രേട്ടന്‍ ഇതെവിടേയാ ഇവിടെ എല്ലാവരും കാത്തിരിക്ക്യാ?."

"ഇതാ വന്നു " എന്നു പറഞ്ഞയാള്‍ ഫോണ്‍ കട്ടു ചെയ്തു.

"ഭാര്യയാണല്ലേ?" അവള്‍ ചോദിച്ചു

അന്ന് എത്രയോ ചുംബങ്ങള്‍ സ്വന്തമായുണ്ടായിരുന്ന താനിപ്പോള്‍ ഈ ചുണ്ടുകളും ചുംബനവുമെല്ലാം അന്യാധീനപ്പെട്ട വെറും ഒരു ഭര്‍ത്താവ് പട്ടം പേറുന്ന ഒരു മനുഷ്യ കോലം ഈ ശ്വാസം പോലും തന്റേതല്ല എന്ന തിരിച്ചറിവില്‍ അയാള്‍ വാതില്‍ക്കലേക്ക് തിരിച്ചു നടന്നു...

കണ്ണിന്റെ കോണില്‍ പടര്‍ന്ന നനവ് അവള്‍ കാണാതെ തൂവാലയില്‍ തുടച്ചെടുത്തു അയാള്‍ യാത്ര പോലും പറയാതെ ധൃതി പെട്ട് പുറത്തേക്ക് നടന്നു പോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക