Image

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (അധ്യായം മൂന്ന്: ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 28 September, 2018
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (അധ്യായം മൂന്ന്: ആന്‍ഡ്രൂ പാപ്പച്ചന്‍)
ജന്നി കൂടിപോയതോടെ വീണ്ടും വല്ലാത്ത ഏകാന്തത തോന്നി. മമ്മിയെ വീട്ടില്‍ പോയികാണാമെന്ന് തീരുമാനിച്ചു. ശനിയാഴ്ച രാവിലെതന്നെ തിടുക്കത്തില്‍ ഒരുങ്ങി മുറി പൂട്ടിയിറങ്ങി, നാട്ടിലേക്കുള്ള ബസില്‍ കയറി ഇരിപ്പുറപ്പിച്ചു. ബസ് കടന്നുപോകുന്ന വഴികളില്‍ കാണാറുള്ള പ്രകൃതിമനോഹരമായ ദൃശ്യവിരുന്നുകള്‍ കണ്ണിനെ പിടിച്ചിരുത്താറുള്ളതാണ്. എന്നാല്‍ ഇത്തവണ മനസിന് ഒന്നിലും താല്‍പര്യം തോന്നിയില്ല. സ്ഥലമെത്തിയതേ ബസിറങ്ങി വേഗത്തില്‍ നടന്നു. പരിചയക്കാരാരെയും കാണാതിരിക്കാന്‍ മനസില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. പുറത്ത് കാല്‍പെരുമാറ്റം കേട്ടതേ മമ്മി പുറത്തേക്കിറങ്ങിവന്നു. നാളുകളായി തന്നെ കാണാതെ മമ്മി പരിഭവത്തിലായിരുന്നു. എന്നിട്ടും തന്നെകണ്ടപ്പോഴുള്ള മമ്മിയുടെ കണ്ണുകളിലെ തിളക്കം മനസിനെ തണുപ്പിച്ചു.
""നീയെത്രനാളായിവിടേക്ക് വന്നിട്ടാല്‍ഫ്രഡ്? നിനക്കിതെന്തുപറ്റി? ഞാനോരോദിവസവും നിന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.'' പരിഭവിക്കുമ്പോഴും മമ്മിയുടെ മുഖത്ത് തന്നെ കണ്ടതിലുള്ള സന്തോഷം ..
""ഫാക്ടറിയില്‍ നല്ല പണിയുണ്ടായിരുന്നു. വൈകുന്നേരമായാപ്പിന്നെ ക്ഷീണം കാരണം പുറത്തിറങ്ങാനേ തോന്നില്ല. ഇനി ഞാനിടക്ക് വന്നോളാം മമ്മി.'' അകത്തേക്ക് കയറിയിട്ടാല്‍ഫ്രഡ് പറഞ്ഞു.
ബെറ്റി വേഗം കാപ്പിയുണ്ടാക്കി. ഹോട്ട്‌കേസ് തുറന്ന് ചപ്പാത്തിയും മുട്ടക്കറിയുമെടുത്ത് വിളമ്പി. മകന്‍ രുചിയോടെ ഭക്ഷണം കഴിക്കുന്നതുനോക്കി ബെറ്റി നിന്നു.
""കഴിഞ്ഞ തവണ കണ്ടതിലും നീയൊന്ന് നന്നായിട്ടുണ്ട്.'' ബെറ്റി സന്തോഷത്തോടെ പറഞ്ഞു. ആല്‍ഫ്രഡ് ചെറുതായൊന്ന് ചിരിക്കുക മാത്രം ചെയ്തു.
""പള്ളീ വച്ച് കണ്ടപ്പോ ജാനറ്റ് നിന്റെ കാര്യം അന്വേഷിച്ചിരുന്നു.'' മമ്മി പറഞ്ഞതുകേട്ട് ആല്‍ഫ്രഡിന്റെ കണ്ണുകളില്‍ പ്രതീക്ഷ നിറഞ്ഞു.
""ഞങ്ങള്‍ കണ്ടിട്ടൊരുപാട് നാളായി .ടൗണിലെങ്ങാനുമൊരു ജോലി സംഘടിപ്പിക്കാമെന്ന് കഴിഞ്ഞതവണ തന്നെ ഞാന്‍ പറഞ്ഞതാ, അവള്‍ക്കതു പറ്റില്ലാത്രേ. അവള്‍ക്ക് താല്‍പര്യം ഇവിടെ തന്നെ കഴിയുന്നതാ.''
""അവള് നാട്ടിത്തന്നെ വളര്‍ന്നതല്ലേ, ടൗണിലെ ബഹളത്തിലേക്ക് പോകാനിഷ്ടം കാണില്ലാ, കഴിഞ്ഞതവണ ഞാന്‍ കാണുമ്പോള്‍ ആരോ ഒരാളവള്‍ക്കൊപ്പമുണ്ടായിരുന്നൂ. അവളയാളുമായി നല്ല അടുപ്പത്തത്തിലാന്നാ പെരുമാറ്റം കണ്ടിട്ട് തോന്നിയേ.''
ജാനറ്റിനെകുറിച്ച് മമ്മി പറഞ്ഞതിലെ സൂചനകള്‍ ആല്‍ഫ്രഡ് കാര്യമായെടുത്തില്ല.
""ഞാന്‍ നാളെ പോയവളെ കണ്ടോളാം'' ആല്‍ഫ്രഡ് പറഞ്ഞു.
ബെറ്റി തിടുക്കത്തില്‍ മകനായി ഊണൊരുക്കി. ആല്‍ഫ്രഡ് കുറച്ചുസമയം വീടിനുപുറത്തിറങ്ങി നടന്നു. മുറ്റത്ത് താന്‍ പണ്ട് കുഴിച്ചുവച്ച ആപ്പിള്‍ചെടി വളര്‍ന്നിരിക്കുന്നു. അതിനി വൈകാതെ മരമായി, കായ്ച്ചുതുടങ്ങും. മുറ്റത്തെ ഇത്തിരിസ്ഥലത്തെ പൂച്ചെട്ടികളില്‍ ഓര്‍ക്കിഡുകള്‍ തലയുയര്‍ത്തിനില്‍ക്കുന്നു. അടുത്തുള്ള വീടുകളൊക്കെ ആളനക്കമില്ലാതെ പൂട്ടികിടക്കുന്നു. നേരം പുലര്‍ന്നധികമാകുംമുമ്പേ മുതിര്‍ന്നവര്‍ ജോലിസ്ഥലത്തേക്കും കുട്ടികള്‍ സ്കൂളിലേക്കും മറ്റുമായി പോയിരിക്കും. അല്‍പസമയത്തിനുള്ളില്‍ ചോറും കറികളും റെഡിയാക്കി മമ്മി ഭക്ഷണം കഴിക്കാന്‍ വിളിച്ചു.
"" ഇവിടിരിക്ക് മമ്മീ''.... ആല്‍ഫ്രഡ് മമ്മിയെ കസേരയിലേക്ക് തനിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പിടിച്ചിരുത്തി. ഒരുപ്ലേറ്റെടുത്ത് മേശപ്പുറത്തുവച്ച് മമ്മിക്ക് കൂടി ചോറും കറികളും വിളമ്പി.
""മമ്മിയുടെ കൈകൊണ്ടുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി വേറെവിടെയും കിട്ടില്ലാ.'' പ്ലേറ്റിലേക്ക് അച്ചിങ്ങാ മെഴുക്കുപെരട്ടി നീക്കിയിട്ട് ആല്‍ഫ്രഡ് പറഞ്ഞു. രുചിയോടെ ചോറ് വാരിയുണ്ണുന്ന മകനെ ബെറ്റി നോക്കിയിരുന്നു. മമ്മിയ്‌ക്കൊപ്പം രാത്രി വൈകുംവരെ ഓരോകാര്യങ്ങള്‍ സംസാരിച്ചിരുന്നു. റൂബിയും മോളിയും ജസിയും തന്നെ കാണാന്‍ വരാത്തതില്‍ ബെറ്റി പരിഭവിച്ചു.
""നീ കൂടിയെന്നെ കാണാന്‍ വരാതായാല്‍'' മമ്മിയുടെ ശബ്ദം ഇടറി.
""വിഷമിക്കാതിരിക്ക് മമ്മീ....ഞാനുണ്ട് മമ്മിക്ക്...''. താന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പിറ്റേന്ന് രാവിലെ കുളിച്ച് കാപ്പികുടിച്ച് തയാറായി.
""ഞാന്‍ ജാനറ്റിനെ കണ്ടിട്ട് വരാം മമ്മി''
സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയെങ്കിലും ജാനറ്റിന്റെ വീടിനുമുന്നിലെത്തിയപ്പോള്‍ അവിടേക്ക് വരേണ്ടതില്ലായിരുന്നുവെന്ന് തോന്നി. വീടിനുമുന്നില്‍ ഒരു ചെറുപ്പക്കാരനൊപ്പം സംസാരിച്ചു നില്‍ക്കുകയാണ് ജാനറ്റ്. അവരുടെ ശ്രദ്ധയില്‍പെടാതെ അവിടെ നിന്നുമടങ്ങാന്‍ ശ്രമിച്ചെങ്കിലും ജാനറ്റ് കണ്ടു.
""ആല്‍ഫ്രഡ് എന്തുണ്ട് വിശേഷം.? ഞാനമ്മയോടാല്‍ഫ്രഡിനെകുറിച്ച് തിരക്കിയിരുന്നു.'' ജാനറ്റ് ഉറക്കെ വിളിച്ച്്പറഞ്ഞു.
""മമ്മി പറഞ്ഞിരുന്നു. ജോലിത്തിരക്ക് കാരണം എനിക്ക് കുറച്ചുനാളായിട്ടിങ്ങോട്ടിറങ്ങാനേ പറ്റിയില്ല..'' പറഞ്ഞിട്ട് ജാനറ്റിന്നടുത്തുനിന്നയാളെ നോക്കി.
""ആല്‍ഫ്രഡ്, ഇത് മാത്യു. എനിക്കൊപ്പം ഓഫീസിലുള്ളയാളാ.'' ജാനറ്റ് പറഞ്ഞു.
""കണ്ടതില്‍ സന്തോഷമുണ്ട്,''
""എന്റെ വീടും ഇവിടടുത്തുതന്നെയാ, ജോലി പട്ടണത്തിലാണന്നേയുള്ളൂ'' മാത്യുവിന് തന്നെ പരിചയപ്പെടുത്തി.
""ആല്‍ഫ്രഡിന്റെ സഹോദരിമാരും ഞാനും ഒരു സ്കൂളിലാ പഠിച്ചത്, ഞങ്ങള്‍ നല്ല കൂട്ടായിരുന്നു.'' ജാനറ്റിന്റെ പരിചയപ്പെടുത്തലിലെ അകല്‍ച്ച മനസിലാകുന്നുണ്ടായിരുന്നെങ്കിലും പുറമേക്ക് പ്രകടിപ്പിച്ചില്ല.
""മാത്യു അടുത്തിടെയാ ഞങ്ങടെ കമ്പനീലെത്തിയത്. സൂപ്പര്‍വൈസറാ. ഇവിടടുത്തുതന്നെയാ വീട്.'' അവള്‍ മാത്യുവിനെ തനിക്ക് പരിചയപ്പെടുത്തി. മാത്യുവിനെകുറിച്ച് പറയുമ്പോള്‍ ജാനറ്റിന്റെ വാക്കുകളില്‍ നിറയെ ഉല്‍സാഹം. ഇവളെത്രനന്നായി അഭിനയിക്കുന്നൂ. ജാനറ്റിന് താനെന്ന് മുതലാ അന്യനായിത്തുടങ്ങിയേ... തന്നെ അറിയില്ലാന്ന് പോലും പറയാന്‍ ഇവള്‍ മടിച്ചേക്കില്ല. കൂടുതല്‍ നേരം അവര്‍ക്ക് ശല്യമായി അവിടെ തുടരാന്‍ ആഗ്രഹിച്ചില്ല.
""ഇവിടെയടുത്തൊരു കൂട്ടുകാരനെ കാണാനിറങ്ങിയതാ ഞാന്‍, നമുക്ക് പിന്നെ കാണാം'', എന്ന് പറഞ്ഞ് തിടുക്കത്തില്‍ തിരിച്ചുപോയി. എത്ര പെട്ടെന്നാ തന്റെ സ്വപ്നങ്ങളോരോന്നും മുറിയുന്നത്? എത്ര പ്രതീക്ഷകളോടെയാ ജാനറ്റിനെ കാണാന്‍ പോയത്? അവള്‍ തന്നെ എത്രവേഗമാ മറന്നുകളഞ്ഞത്? അവനോട് സംസാരിച്ച് നില്‍ക്കുമ്പോളവള്‍ക്കെന്തൊരു സന്തോഷം. ആദ്യം ജന്നി, ഇപ്പോ ജാനറ്റും.. ജന്നി തനിക്കൊപ്പം നില്‍ക്കുമെന്നെത്ര മോഹിച്ചതാ. അവള്‍ക്ക് താമസിക്കാനിടവും ജോലിയുമൊക്കെ സംഘടിപ്പിച്ചുകൊടുത്തതെത്ര കഷ്ടപ്പെട്ടാ. ആവശ്യം കഴിഞ്ഞപ്പോ .... ഈ പെണ്ണുങ്ങളെല്ലാമിങ്ങനെയാണോ? മനസിലാക്കാന്‍ പറ്റുന്നില്ലല്ലോ ആരെയും. ഓരോന്നോര്‍ത്തുകൊണ്ട് അയാള്‍ നടന്നു. വീട്ടിലേക്ക് കയറുന്ന ആല്‍ഫ്രഡിന്റെ മുഖത്തെ വിഷാദം ബെറ്റി ശ്രദ്ധിച്ചു
""ജാനറ്റെന്തു പറഞ്ഞാല്‍ഫ്രഡ്?'' മമ്മിയുടെ ചോദ്യം കേട്ടപ്പോഴേ ദേഷ്യം വന്നെങ്കിലും പുറമേക്ക് പ്രകടിപ്പിച്ചില്ല. ""ഒരുപെണ്ണിനേം വിശ്വസിക്കാന്‍കൊള്ളില്ല മമ്മീ, ഞാനവിടെ ചെല്ലുമ്പോള്‍ അവരുടെ ഓഫിസിലെ ഒരുകൂട്ടുകാരനുണ്ടായിരുന്നു അവള്‍ക്കൊപ്പം. എന്നോടത്ര അടുപ്പമൊന്നുമില്ലെന്ന് കാണിക്കാന്‍ അവള്‍ മനപൂര്‍വം ശ്രമിക്കുന്നതുപോലെ തോന്നി. എന്റെ ചേച്ചിമാരുമായിട്ടായിരുന്നത്രെ അവള്‍ക്ക് കമ്പനി. അവളുടെ സംസാരം കേട്ടിട്ടെനിക്ക് ദേഷ്യം വന്നെങ്കിലും മിണ്ടാതെ പോന്നു.''
""ജാനറ്റിന്റെ സ്വഭാവത്തെക്കുറിച്ചെനിക്കുമുണ്ടായിരുന്നു സംശയം. പക്ഷേ ഞാനതത്ര കാര്യമാക്കിയിരുന്നില്ല. പക്ഷേ ഇതിപ്പം.......''ബെറ്റി മുഴുമിപ്പിക്കാതെ നിര്‍ത്തി.
""നമുക്ക് മറ്റൊരു പെണ്‍കുട്ടിയെ തേടിപ്പിടിക്കാം...'' മമ്മി ആശ്വസിപ്പിച്ചു.
""മമ്മി പറഞ്ഞിട്ടല്ലേ ഞാന്‍ ജാനറ്റിനെ കാണാന്‍ പോയതുതന്നെ. എന്നിട്ടിപ്പോ മമ്മിതന്നെ പറയുന്നു അവള് ശരിയല്ലന്ന്..''
""ജാനറ്റിനെ കുറിച്ച് നമുക്ക് കൂടുതലൊന്നും അറിയില്ലല്ലോ? അവളെ വിട്ടേക്ക്, നമുക്ക് ടൗണീന്ന് തന്നെ നല്ല പെണ്‍കുട്ടികളെ കണ്ടുപിടിക്കാം.'' ആശ്വസിപ്പിക്കാനായി ബെറ്റി പറഞ്ഞു.
""പട്ടണത്തിലെ പെണ്ണുങ്ങളെ തീരെ വിശ്വസിക്കാന്‍ കൊള്ളില്ല മമ്മീ, എനിക്കിഷ്ടമല്ലവരുടെസ്വഭാവം.''
""ഞാനവളുടെയരികിലേക്ക് പറഞ്ഞുവിട്ടതുകൊണ്ട് നിനക്കീ മമ്മിയോടും പിണക്കമാവുമല്ലോ?'' ബെറ്റി മകനെ വാല്‍സല്യത്തോടെ നോക്കി.
""ഞാനിഷ്ടപ്പെടുന്ന ഒരേയൊരുസ്ത്രീ എന്റെ മമ്മിയാ...''് മമ്മിയുടെ കൈകളെടുത്ത് തന്റെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പറഞ്ഞു.
""പണ്ട് പപ്പ, മമ്മിയെ ഉപദ്രവിച്ചിരുന്നപ്പോ വീടിന് പിന്നില്‍ പോയിരുന്ന് കരഞ്ഞിരുന്നത് ഞാനിന്നും മറന്നിട്ടില്ല ...''പറയുമ്പോള്‍ സ്വരം ഇടറിയിരുന്നു.
""മമ്മിയൊത്തിരി സഹിച്ചു. ഇനി ഞാനായിട്ട് മമ്മിയെ വിഷമിപ്പിക്കില്ല. എനിക്കെന്റെ മമ്മിയെ വേണം.''പോകും മുമ്പ് മമ്മിയുടെ കൈകളില്‍ 100 ഡോളര്‍ വച്ചുകൊടുത്തു.
യാത്ര പറഞ്ഞ് പിരിയുമ്പോള്‍ മിഴികള്‍ നിറഞ്ഞിരുന്നു.
പിറ്റേന്ന്് വൈകുന്നേരം ജോലി കഴിഞ്ഞ്, ജന്നി ജോലിചെയ്യുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോറിലെത്തി. ജന്നി സന്തോഷത്തോടെ ആല്‍ഫ്രഡിനെകണ്ട് അടുത്തേക്ക് വന്നു.
""എവിടെയായിരുന്നൂ ആല്‍ഫ്രഡ് ഇതുവരെ? കുറച്ചുദിവസമായി കണ്ടതേയില്ല..''
""ഞാന്‍ വീട്ടില്‍ പോയിരുന്നു. എങ്ങനുണ്ട് തന്റെ ജോലിയൊക്കെ?.''
""എല്ലാം നന്നായി പോകുന്നു. പപ്പയോടും മമ്മയോടും ഞാന്‍ സംസാരിച്ചിരുന്നു. ഞാനിവിടുണ്ടെന്നവരോട് പറയുകയും ചെയ്തു. ഭര്‍ത്താവ് ഇപ്പോഴുമെന്നെ തേടിനടക്കുകയാണന്നവര് പറഞ്ഞു. ഞാനിവിടുള്ള കാര്യം ആരും അറിയരുതെന്ന് പറഞ്ഞിട്ടുണ്ട്. അവരടുത്തുതന്നെ ഇവിടേക്ക് വരുന്നുണ്ട്. .''
""അവര് വരട്ടെ, എനിക്കുമൊന്ന് കാണാമല്ലോ? അതിരിക്കട്ടെ, ഇന്നെന്താ തന്റെ പരിപാടി? നമുക്ക് പുറത്ത് പോയി ഭക്ഷണം കഴിച്ചാലോ?''.
""ആല്‍ഫ്രഡ്, ഇന്നെനിക്ക് തീരെ സമയമില്ലല്ലോ? മറ്റൊരു ദിവസമായാലോ? ഞാനിത്ര ദിവസവും ജോലിയിലാരുന്നു. ഒന്ന് വിശ്രമിക്കാന്‍ പോലും സമയംകിട്ടിയില്ലിതുവരെ. ഒരു ദിവസം പോലും അവധിയെടുത്തിരുന്നില്ല. തുണികളെല്ലാം കഴുകാന്‍ കിടക്കുന്നു. ഒത്തിരി ജോലികള്‍ ബാക്കിയുണ്ട്.''
""എന്നാല്‍ ഞാന്‍ നിര്‍ബന്ധിക്കുന്നില്ല ജന്നീ. പറഞ്ഞതുപോലെ മറ്റൊരു ദിവസമാകാം.'' നിരാശനായി ട്ടായിരുന്നു മടക്കം.
അവഗണിക്കപ്പെട്ടതിന്റെ വേദന വീണ്ടും നൊമ്പരപ്പെടുത്തി. താന്‍ സ്‌നേഹം കൊടുക്കാന്‍ തയാറായിട്ടും തന്നെയൊന്ന് സ്‌നേഹിക്കാനാരുമില്ലല്ലോ? കൂട്ടുകൂടുന്നവരൊന്നും ഇത്തിരിസ്‌നേഹം പോലും തനിക്ക് നല്‍കുന്നില്ല. പ്രതീക്ഷകളില്ലാതെ നിരാശയുടെ തുരുത്തില്‍ മാസങ്ങള്‍ കടന്നുപോയി. ഒരു വൈകുന്നേരം ടൗണില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി ജാനറ്റിനെ വീണ്ടും കണ്ടു.
""ജാനറ്റ്... നീയിവിടെ....? നിന്നെയിവിടെ ടൗണില്‍ കണ്ടെത്തുമെന്ന് ഞാന്‍ കരുതിയതേയില്ല.'' അതിശയത്തോടെയായിരുന്നു തന്റെ ചോദ്യം.
""അതൊരു നീണ്ട കഥയാ ആല്‍ഫ്രഡ്. ഇവിടെയടുത്താണോ ആല്‍ഫ്രഡ് താമസം?'' ജാനറ്റ് ചോദിച്ചു.
""താനിവിടെയെന്തിനു വന്നതാ? ഞാനിവിടെയടുത്തു തന്നെയാ താമസം. സമയമുണ്ടെങ്കിലെന്റെ വീട്ടിലൊന്ന് കേറിയിട്ട് പോ, തന്റെ കൂട്ടുകാരനെവിടെ? നിങ്ങള്‍ വിവാഹം കഴിച്ചിരുന്നില്ലേ?''
""അയാള്‍ക്കൊപ്പം ജീവിക്കാന്‍ പറ്റില്ല, അയാളൊരു വഴക്കാളിയാ... ഞാനിവിടെ ഒരു ജോലിതേടിവന്നതാ''ഒരുനിമിഷം മിണ്ടാതെ നിന്നിട്ട് ജാനറ്റ് പറഞ്ഞു.
""അയാളെവിടെ?'വീണ്ടും ചോദിച്ചു.
""അയാളിപ്പോ മറ്റൊരു പെണ്ണിനൊപ്പമാ...''
""എത്ര നാളായി നിങ്ങള്‍ പിരിഞ്ഞിട്ട്? നിനക്ക് നാട്ടില്‍ നല്ല ജോലിയുണ്ടായിരുന്നതല്ലേ''
""കുറച്ചുനാളായി ഞങ്ങള്‍ തമ്മില്‍ കാണാറില്ല. ഇവിടൊരു ജോലിക്ക് ഇന്റര്‍വ്യൂന് രാവിലെ വന്നതാഞാന്‍. ബസില്‍ വീട്ടിലേക്ക് തിരികെ പോകാനൊരുങ്ങുവാരുന്നു.''
""എന്നിട്ട് ജോലി വല്ലതും തരപ്പെട്ടോ?
""ഇല്ല, ശരിയായില്ല. ഒന്നുരണ്ട് സ്ഥലത്ത് പോയിരുന്നു. ഏതെങ്കിലുമൊരെണ്ണം ശരിയായേക്കുമെന്ന് പ്രതീക്ഷയുണ്ട്. രണ്ടുദിവസം കഴിഞ്ഞ് വരാനാ പറഞ്ഞിരിക്കുന്നേ.''
""പോയിട്ട് വീണ്ടും വരുന്നത് ബുദ്ധിമുട്ടല്ലേ. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ തനിക്കിവിടെ തങ്ങാമല്ലോ? ഇവിടെ താമസിക്കാന്‍ സൗകര്യമുണ്ട്. ''
""പറഞ്ഞതിന് നന്ദിയുണ്ടാല്‍ഫ്രഡ്. ജോലികിട്ടുമെങ്കില്‍ ഞാനിവിടെ താമസിക്കാം. തല്‍ക്കാലം ഞാന്‍വീട്ടില്‍പോയിട്ട് വരാം. ഡ്രസുകളൊന്നും കരുതിയിട്ടില്ല.''
""എങ്കിപ്പിന്നെ സമയമുണ്ടെങ്കില്‍ വീട്ടിലൊന്ന് കയറിയിട്ട് പോ.. തന്നെ ഞാനൊരിക്കലും ഇവിടെ പ്രതീക്ഷിച്ചതല്ല. തന്റെ ജീവിതത്തിലെന്താ സംഭവിച്ചത്.? തന്റെ ജോലി നഷ്ടമായന്ന് പറഞ്ഞിട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല.''
""ഞങ്ങളൊരുമിച്ചായിരുന്നപ്പോ അയാള്‍ പറഞ്ഞിട്ട് ഞാന്‍ ജോലി വേണ്ടെന്നുവച്ചതാ.. ഇപ്പോ, അയാള്‍ പോയി. എനിക്ക് ജീവിക്കാനൊരുമാര്‍ഗവുമില്ല.''
"" ജോലി കിട്ടിയാ താനിവിടെ നില്‍ക്ക്.'' അവളെ വീണ്ടും നിര്‍ബന്ധിച്ചു.
""ഇന്ന് ഞാന്‍ പോയിട്ട് രണ്ട് ദിവസത്തിനുള്ളില്‍ വരാം.''ജാനറ്റ് പറഞ്ഞു.
""ശരി ജാനറ്റ്, എന്റെ മമ്മിയോടും കൂടി വിവരം പറയാന്‍ മറക്കരുതേ. മമ്മിയ്ക്ക് സന്തോഷമാകും.''
""ഓ കെ ആല്‍ഫ്രഡ്.'' ജാനറ്റ് യാത്ര പറഞ്ഞ് പോകുന്നതും നോക്കി ഏറെനേരം നിന്നു. മനസ് വീണ്ടും വര്‍ണങ്ങളണിഞ്ഞു. തിരിച്ചുവരുന്ന ജാനറ്റിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു പിന്നീടുള്ള ദിനങ്ങളിലെ തിരക്ക്. മുറികള്‍ കഴുകി വൃത്തിയാക്കി. തുണികളും ബുക്കുകളും പത്രങ്ങളുമെല്ലാം അടുക്കിപ്പെറുക്കിവച്ചു. ഞായറാഴ്ചയായി. പ്രഭാതഭക്ഷണമൊരുക്കിവച്ച് തയാറായിരുന്നു. ജാനറ്റ് ദൂരെ നിന്നു വരുന്നത് കണ്ടപ്പോഴേ എഴുന്നേറ്റുചെന്നു. ജാനറ്റിനെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. പ്രഭാതഭക്ഷണത്തിനുശേഷം വളരെ നേരം സംസാരിച്ചിരുന്നു. ജൂഡിയെ കുറിച്ചുള്ളകാര്യമൊഴികെ മറ്റെല്ലാം ജാനറ്റിനോട് പറഞ്ഞു.
"ജാനറ്റ് താന്‍ മമ്മിയെ കണ്ടിരുന്നോ?''ചോദിക്കുമ്പോള്‍ കണ്ണുകള്‍ വിടര്‍ന്നിരുന്നു.
"ഇല്ലാല്‍ഫ്രഡ്, ഞാന്‍ കണ്ടില്ല. നമുക്കൊരുമിച്ച് പോകാം, അമ്മയെ കാണാന്‍.''
""ഓ.കെ, ആയിക്കോട്ടെ. ഞാനെന്തായാലും അടുത്താഴ്ച വീട്ടില്‍ പോകുന്നുണ്ട്. ജാനറ്റും കൂടി എനിക്കൊപ്പം വന്നാ മതി. ''
""ശരിയാല്‍ഫ്രഡ്'' ജാനറ്റ് പറഞ്ഞു. വൈകുന്നേരം ജാനറ്റിനെയും കൂട്ടി പുറത്തുപോയി. പാര്‍ക്കില്‍ ഏറെ നേരം ചെലവഴിച്ചു. തിരികെ വരുമ്പോള്‍ റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചു. അടുത്തദിവസം തന്നെ ജാനറ്റ് ഒരുസ്ഥാപനത്തില്‍ ജോലിക്ക് കയറി. പുതിയ ജോലിയും ജാനറ്റിനിഷ്ടമായി. ദിവസങ്ങളോരോന്ന് കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. ഞായറാഴ്ച രണ്ടുപേരും കൂടി ബെറ്റിയെ കാണാന്‍ പോയി. ആല്‍ഫ്രഡും ജാനറ്റും കൈകള്‍ കോര്‍ത്തുപിടിച്ച് കയറിവരുന്നതുകണ്ട് ബെറ്റി ഏറെ സന്തോഷത്തോടെ ഇറങ്ങിവന്നു. എങ്ങനായാലും ആല്‍ഫ്രഡിനൊരു ജീവിതമുണ്ടായാല്‍ മതിയാരുന്നു. അവര്‍ ആത്മഗതം ചെയ്തു. രണ്ടു പേരെയും ബെറ്റി അകത്തേക്ക് വാല്‍സല്യത്തോടെ വിളിച്ചിരുത്തി.
""ജാനറ്റിപ്പോ എനിക്കൊപ്പം ടൗണിലുണ്ട് മമ്മീ...മമ്മിയുടെ സന്തോഷം തിരിച്ചറിഞ്ഞ് താന്‍ പറഞ്ഞു.
""അതെയോ? '' ബെറ്റി സന്തോഷത്തോടെ ചോദിച്ചു.
""ഞങ്ങള്‍ വിവാഹിതരായി കാണാന്‍ മമ്മി ഏറെ ആഗ്രഹിക്കുന്നുവെന്നറിയാം. ഇനി വിവാഹം വൈകിക്കുന്നില്ല മമ്മീ''
""എന്നാലും നിങ്ങള്‍ക്കിടയിലെ ഇഷ്ടം തിരിച്ചറിയാന്‍ ഇത്രയും വര്‍ഷങ്ങള്‍ വേണ്ടിവന്നല്ലോ?''ബെറ്റി പറഞ്ഞു.
""മമ്മീ ... അതു പിന്നേ......'' ജാനറ്റ് പറഞ്ഞത് മുഴുമിപ്പിച്ചില്ല.
""എല്ലാം ശരിയാകും മക്കളേ'', ബെറ്റി അനുഗ്രഹിച്ചു. ഉച്ചഭക്ഷണം കഴിച്ച് മമ്മിയോട് യാത്ര പറഞ്ഞുപിരിഞ്ഞു. തിരിച്ചുള്ള യാത്രയില്‍ രണ്ടുപേരും ഭാവിയെകുറിച്ചേറെ സ്വപ്നങ്ങള്‍ പങ്കിട്ടു. ടൗണീന്ന് കുറേസാധനങ്ങളും വാങ്ങിയാണ് തിരിച്ചെട്ടിയത്.
ശനിയാഴ്ചകളില്‍ ജാനറ്റ് വീട്ടിലേക്ക് മടങ്ങും. ഞായറാഴ്ച വൈകുന്നേരം തിരികെ ടൗണില്‍ തനിക്കരികിലെത്തും. വൈകുന്നേരം സമയം കിട്ടിയാല്‍ രണ്ടുപേരും കൂടി സിനിമയ്ക്ക്‌പോകും.


" ജാനറ്റ്, നീയിവിടില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എത്ര ബോറായേനെ. നീയാണെന്റെ ജീവിതത്തിലെ ഏക പ്രതീക്ഷ.'' ചില നേരങ്ങളില്‍ ജാനറ്റിനെ അരികിലേക്ക് ചേര്‍ത്തുനിര്‍ത്തി ആല്‍ഫ്രഡ് പറയും."
"ഞാനെല്ലാം മനസിലാക്കുന്നാല്‍ഫ്രഡ്..'' തന്റെ കണ്ണുകളിലേക്കുറ്റുനോക്കിയാവും അവളുടെ മറുപടി.

ഒരു വൈകുന്നേരം. പുറത്ത് സന്ധ്യ ചുവന്നുനിന്നു. ഫാക്ടറിയില്‍ നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് അന്ന് നേരത്തെയിറങ്ങി. ടൗണില്‍ റോഡില്‍ തിരക്കുള്ള ഭാഗത്ത് ജാനറ്റ് ആരോടോ സംസാരിച്ചുനില്‍ക്കുന്നു. ആളാരെന്നറിയാന്‍ സൂക്ഷിച്ചുനോക്കി. സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല, മുമ്പ് അവള്‍ക്കൊപ്പം കഴിഞ്ഞിരുന്ന മാത്യു . അവര്‍ ഏറെനേരം ചിരിച്ച് സംസാരിച്ച് നില്‍ക്കുന്നത് മാറിനിന്ന് നോക്കിക്കൊണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞ് അവരുടെ കണ്ണില്‍പെടാതെ മറ്റൊരുവഴിയേ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയി. മനസില്‍ വീണ്ടും മോഹക്കൊട്ടാരങ്ങള്‍ തകര്‍ന്നുടഞ്ഞു. മാത്യുവിനോടുള്ള ജാനറ്റിന്റെ സംസാരവും ചിരിയും.....അത് തനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. നിരാശനായി മുറിയില്‍ ചെന്ന് കിടക്കയിലേക്ക് വീണു. കുറച്ചുകഴിഞ്ഞ് എണീറ്റ് അലമാരയില്‍നിന്നും സ്‌കോച്ച്‌ബോട്ടിലെടുത്ത് തുറന്നു. ജാനറ്റ് വന്നതില്‍പിന്നെ മദ്യം തൊട്ടിരുന്നില്ല.
""ആല്‍ഫ്രഡിനെ ജീവിതം എന്നും വഞ്ചിച്ചിട്ടേയുള്ളൂ. ഞാന്‍ നന്നാകാന്‍ ആരും സമ്മതിക്കില്ല. ഞാന്‍ സ്‌നേഹിക്കാന്‍ ശ്രമിച്ച ഒരുപെണ്ണും എന്നോട് നീതികാട്ടിയിട്ടില്ല.'' മനസില്‍ ഇങ്ങനെ ചിന്തിച്ച് മദ്യം ഗ്ലാസിലേക്ക് പകര്‍ന്നുകൊണ്ടിരുന്നു. ജാനറ്റ് എത്തുമ്പോള്‍ വീണ്ടും അരമണിക്കൂര്‍ കഴിഞ്ഞിരുന്നു. അപ്പോഴേക്കും മദ്യം സിരകളെ കീഴ്‌പ്പെടുത്തിത്തുടങ്ങിയിരുന്നു. റൂമിലെത്തിയപ്പോഴേ ജാനറ്റിന് മദ്യത്തിന്റെ ഗന്ധം വന്നു. സെറ്റിയില്‍ മദ്യലഹരിയില്‍ കിടക്കുന്ന തന്നെ കണ്ടപ്പോള്‍ ഏതെങ്കിലും കൂട്ടുകാര്‍ ട്രീറ്റ് ചെയ്തതാകുമെന്നാണവള്‍ കരുതിയത്.
""നീയെന്തായിന്നിത്ര താമസിച്ചത്? നേരത്തെ വരുന്നതായിരുന്നല്ലോ?'' എന്തെങ്കിലും ചോദിക്കേണ്ടേയെന്നുകരുതി ചോദിച്ചു. ചോദ്യത്തിലെ താല്‍പര്യമില്ലായ്മ ജാനറ്റ് ശ്രദ്ധിച്ചു. പക്ഷേ ഒന്നും പറഞ്ഞില്ല.
""ഓഫീസില്‍ നിന്നിറങ്ങിയപ്പോ താമസിച്ചു.'' മുഖത്തുനോക്കാതെയായിരുന്നു ജാനറ്റിന്റെ മറുപടി.
""ഓഫീസില്‍ താമസിച്ചതോ, അതോ വഴിയില്‍ വല്ലവരോടും സംസാരിച്ചുനിന്നതോ?''
ചോദ്യത്തിലെ ദുസൂചനയില്‍ അവളൊന്ന് പതറി. വീണ്ടും അവള്‍ക്ക് നുണപറയാന്‍ അവസരം കൊടുക്കും മുമ്പ് പറഞ്ഞു.
""നീ നുണ പറഞ്ഞ് വിഷമിക്കണ്ട ജാനറ്റ്. നീ മാത്യുവിനൊപ്പം ചിരിച്ചുകളിച്ച് നില്‍ക്കുന്നത് ഞാന്‍ കണ്ടിരുന്നു. നീയിപ്പോഴും അവനെ ഇഷ്ടപ്പെടുന്നുണ്ടല്ലേ. അവനെ കാണാറുണ്ടല്ലേ?'' പറയുമ്പോള്‍ ദേഷ്യത്താല്‍ വിറക്കുന്നുണ്ടായിരുന്നു. തന്റെയീ ഭാവമാറ്റം അവള്‍ പ്രതീക്ഷിച്ചിരുന്നില്ല.
""ഞങ്ങളെ കണ്ടിരുന്നെങ്കിപ്പിന്നാല്‍ഫ്രഡെന്താ അവിടേക്ക് വരാഞ്ഞേ? ഞാനിതാദ്യമാ മാത്യുവിനെ ഇവിടെവച്ച് കണ്ടത്. കണ്ടിട്ട് മിണ്ടാതെ പോന്നാ അയാള് പിന്നാലേ ഇവിടേക്കെന്നെ തേടി വരും. മാത്യുവും ജോലി തേടി ഇറങ്ങിയതാ.'' ജാനറ്റ് പറഞ്ഞു.
""നമ്മള്‍ വിവാഹിതരാകുന്ന കാര്യം അയാളോട് പറഞ്ഞോ?''
""പറഞ്ഞില്ല. ഞാനിവിടുണ്ടെന്നറിഞ്ഞാ അയാള് പിന്നെ പണം ചോദിച്ചിവിടെ കയറിയിറങ്ങും. ടൗണി
ലൊരു കൂട്ടുകാരിയെ കാണാന്‍ വന്നതാണന്നും ഉടനെ തിരിച്ചുപോകുമെന്നുമാ അയാളോട് പറഞ്ഞത്.''ജാനറ്റിന്റെ മറുപടി കേട്ടതേ ദേഷ്യം കൊണ്ട് കലികയറി.
""എന്നെക്കുറിച്ചെന്താ നീ അയാളോട് പറയാഞ്ഞത്? എന്തിനാ നീ നമ്മുടെ വിവാഹക്കാര്യം അയാളോട് മറച്ചുവച്ചത്.? നിനക്കിനിയും അയാളോടുള്ള ഇഷ്ടം തീര്‍ന്നിട്ടില്ലല്ലേ?.'' ദേഷ്യത്താല്‍ അലറുകയായിരുന്നു. എന്നിട്ടും കലി തീരാതെ ചാടിയെഴുന്നേറ്റ് അവളെ ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി ഇടിക്കാന്‍ തുടങ്ങി. അവള്‍ തന്നെ തള്ളിമാറ്റിക്കൊണ്ട് പറഞ്ഞു.
""ആല്‍ഫ്രഡ്, നീ വല്ലാതെ കുടിച്ചിരിക്കുന്നു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. വേണ്ടെന്നുവച്ച ദുശീലങ്ങളൊന്നും നീയിനി തിരിച്ചുപിടിക്കണ്ട. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. വിവാഹിതരാകാമെന്ന് നമ്മളൊരുമിച്ചല്ലേ തീരുമാനിച്ചത്. നീ പിന്നെ എന്തിനെന്നെ അവിശ്വസിക്കുന്നു? ഞാനൊരു തെറ്റും ചെയ്തിട്ടില്ല, എന്നെ വിശ്വസിക്ക്.'' അവള്‍ യാചനാസ്വരത്തില്‍പറഞ്ഞു.
""നിന്നെയിനി ഞാന്‍ വിശ്വസിക്കില്ല ജാനറ്റ്. നീ മുമ്പ് അവനൊപ്പം പോയിട്ടും തിരിച്ചുവന്നപ്പോ ഞാന്‍ നിന്നെ വിശ്വസിച്ചു.? പക്ഷേ നീയെന്റെ സ്വപ്നങ്ങളെ തകര്‍ത്തുകളഞ്ഞു.'' പെട്ടന്നുള്ള ദേഷ്യത്തിന് അവളെ തള്ളി താഴെയിട്ടു. ജാനറ്റ് തന്നെതള്ളിമാറ്റി പുറത്തേക്കോടാനൊരുങ്ങിയെങ്കിലും ജാനറ്റിന്റെ മുടിയില്‍ പിടിത്തം കിട്ടി.
""ഞാനിന്ന് നിന്നെകൊല്ലും. നീയൊരു ചീത്തപ്പെണ്ണാ. നിന്റെ സ്വഭാവം ശരിയല്ല...എന്നെ സ്‌നേഹിക്കുമ്പോ തന്നെ നീ അവനൊപ്പവും പോകും...എനിക്കിനി നിന്നെ കാണണ്ടാ. എനിക്കിനിയൊരു പെണ്ണിനേം വിശ്വാസമില്ല, എല്ലാരുമെന്നെ ചതിക്കുവാ....എല്ലാരും... എനിക്കിനി ആരെയും വേണ്ട. ഞാനിന്ന് നിന്നെകൊല്ലും. മുമ്പും ഒരുത്തിയെ ഞാന്‍ കൊന്നതാ..''
താന്‍ വിളിച്ചുകൂവിക്കൊണ്ടിരുന്നു. തന്റെ മുഖത്ത്‌നിറഞ്ഞ പൈശാചിക ഭാവം ജാനറ്റിനെ ഭയപ്പെടുത്തി. ഒരുവിധത്തില്‍ തന്നെ തള്ളിമാറ്റി അവള്‍ പുറത്തേക്കോടി. മുമ്പൊരു പെണ്ണിനെ കൊന്നിട്ടുണ്ടെന്ന് താന്‍ വിളിച്ച് പറഞ്ഞതുകേട്ട് ജാനറ്റ് ഞെട്ടി. അവള്‍ക്ക് വിശ്വസിക്കാനായില്ല. ഭയംകൊണ്ടവളുടെ കണ്ണുകള്‍ തുറിച്ചു.
""എന്റെ ഭര്‍ത്താവിതാ എന്നെ കൊല്ലാന്‍ വരുന്നൂ....രക്ഷിക്കണേ...'' പുറത്തേക്കോടുമ്പോ വഴിയില്‍കണ്ടൊരാളോടായവള്‍ പറഞ്ഞു. ജാനറ്റിന്റെ പേടിച്ചരണ്ട മുഖവും പിന്നാലെ കത്തിയുമായോടിവരുന്ന ആല്‍ഫ്രഡിനെയും കണ്ടയാളുടനെ പോലിസിനെ വിളിച്ചു.
""ഇങ്ങോട്ടു വാടീ വൃത്തികെട്ടവളേ...നീയിതെവിടെയാ..എവിടെപ്പോയാലും നിന്നെ ഞാന്‍ കണ്ടുപിടിക്കും..'' കത്തിയുമായിവന്ന് താനുറക്കെ വിളിച്ചുകൂവി. മദ്യം തന്റെ സമനില തെറ്റിച്ചിരുന്നു. ജാനറ്റ് വീടിനു പിന്നില്‍ മരക്കൂട്ടങ്ങള്‍ക്കിടയിലെ തണലില്‍ ഒളിച്ചിരുന്നു. കൈയില്‍ കത്തി കണ്ടതേ പുറത്തുനിന്നിരുന്നയാളും ദൂരേക്കുമാറി നിന്നു. ആല്‍ഫ്രഡ് ഉച്ചത്തില്‍ ബഹളമുണ്ടാക്കിക്കൊണ്ടിരിക്കെ പോലിസ് പാഞ്ഞെത്തി. പോലിസിനെ കണ്ടതേ അകത്തേക്കോടാനയാള്‍ ശ്രമിച്ചെങ്കിലും പിന്നാലെ ചെന്ന് പോലിസ് അയാളെ കീഴ്‌പ്പെടുത്തി, അറസ്റ്റ് ചെയ്തുകൊണ്ടുപോയി. വിരലടയാളം പരിശോധിച്ച പോലിസ് ഞെട്ടിപ്പോയി. ജൂഡി എന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അവളുടെ വീട്ടിലെ അടുക്കളയില്‍നിന്ന് ലഭിച്ച കത്തിയിലെ വിരലടയാളവുമായി ആല്‍ഫ്രഡിന്റെ വിരലടയാളം യോജിക്കുന്നു. നാളുകളായി തുമ്പില്ലാതെ കിടന്ന ജൂഡി കൊലപാതകത്തിനു പിന്നിലെ പ്രതിയാണ് താനെന്നവര്‍ക്കു വിശ്വസിക്കാനായില്ല. പോലിസ് അയാളെ ചോദ്യം ചെയ്തു, തങ്ങള്‍ നല്ല കൂട്ടുകാരായിരുന്നെന്നും പക്ഷേ അവളുടെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും ആല്‍ഫ്രഡ് പറഞ്ഞെങ്കിലും ജൂഡി കൊലപാതകക്കേസില്‍പോലിസ് അറസ്റ്റ് നടത്തി.
(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക