Image

`ക്ഷാരബുധനാഴ്‌ച മുതല്‍ ഈസ്‌റ്റര്‍ വരെ (സുധീര്‍ പണിക്കവീട്ടില്‍)

Published on 02 April, 2012
`ക്ഷാരബുധനാഴ്‌ച മുതല്‍ ഈസ്‌റ്റര്‍ വരെ (സുധീര്‍ പണിക്കവീട്ടില്‍)
(40 ദിവസത്തെ നോമ്പ്‌ കാലം)

''മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക്‌ തന്നെ നീ മടങ്ങുന്നു' എന്ന ദൈവ വചനങ്ങള്‍ പതുക്കെ ഉരുവിട്ടുകൊണ്ട്‌ പുരോഹിതന്‍ വിശ്വാസികളുടെ നെറ്റിയില്‍ കുരിശ്‌ചിഹ്നം വരക്കുന്ന ദിവസമാണ്‌ ക്ഷാരബുധനാഴ്‌ച അതു കൊണ്ട്‌ ഇതിനു കുരിശ്ശ്‌വര പെരുന്നാള്‍ എന്നും ചിലയിടങ്ങളില്‍ പറഞ്ഞുവരുന്നുണ്ട്‌. കാല്‍വരിയിലേക്ക്‌ ശ്രീയേശുദേവന്‍ നടന്നതിന്റെ ഓര്‍മ്മക്കായി കാത്തോലിക്ക വിശ്വാസികള്‍ ഈ ദിവസം ഏഴുപള്ളികള്‍ സന്ദര്‍ശിക്കുന്നു. ക്ഷാര ബുധനാഴ്‌ച മുതല്‍ ഈസ്‌റ്റര്‍വരെ നാല്‍പ്പത്‌ ദിവസം വിശ്വാസികള്‍ക്ക്‌ നോമ്പ്‌ കാലമാണ്‌. വാസ്‌തവത്തില്‍ ഈ ദിവസങ്ങള്‍ കണക്കുകൂട്ടുമ്പോള്‍ നാല്‍പ്പതില്‍ കൂടുതല്‍ കാണുന്നത്‌ ഇടക്ക്‌ വരുന്ന ഞായാറാഴ്‌ചകളെ ഒഴിവാക്കുന്നത്‌ കൊണ്ടാണ്‌ കഴിഞ്ഞവര്‍ഷം കുരുത്തോല പെരുന്നാളിനു ആഹ്ലാദത്തോടെ ഉയര്‍ത്തിപിടിച്ച ഓലകള്‍ കത്തിച്ച ചാരവും ഒലീവ്‌ എണ്ണയും കൂടിചേര്‍ത്ത മിശ്രിതമാണു കുരിശ്ശടയാളം വരക്കാന്‍ ഈ വര്‍ഷം ഉപയോഗിക്കുന്നത്‌. നമ്മള്‍ പാപികളാണെന്ന തിരിച്ചറിവിന്റെ പ്രതീകമായി ഈ ഭസ്‌മകുറി നെറ്റിയില്‍ അണിയുന്നു. എ.ഡി. 1000 നു ശേഷമാണു ഈ ആചാരം എല്ലാവര്‍ക്കും ബാധകമായത്‌. അതിനുമുമ്പ്‌ പൊതുവെ പാപികള്‍ എന്നു കരുതപ്പെട്ടവര്‍ മാത്രമെ ഇത്‌ ആചരിച്ചിരുന്നുള്ളു.

ബൈബിളില്‍ ഈ ആചാരത്തെ കുറിച്ച്‌്‌ പറയുന്നില്ല. എങ്കിലും ബാഹ്യമായി കാണിക്കാനുള്ള ഒരു ചടങ്ങായി ഇതിനെ വിശ്വാസികള്‍ കാണുന്നില്ല. പശ്‌ചാത്താപത്തിന്റെ പ്രതീകമായി ദുഃഖ വസ്ര്‌തങ്ങള്‍ ധരിക്കുന്നതും ഭസ്‌മം പൂശുന്നതും ബൈബിളില്‍ കാണുന്നുണ്ട്‌. നിനവെ രാജാവ്‌ അദ്ദേഹത്തിന്റെ രാജവസ്ര്‌തം മാറ്റി റട്ടുധരിച്ച്‌ വെണ്ണീറില്‍ ഇരുന്നു. മത്തായിയുടെ സുവിശേഷത്തിലും റട്ടിലും വെണ്ണീറിലും ഇരുന്ന്‌ മാനസാന്തരപ്പെടുന്നതിനെക്കുറിച്ച്‌ പറയുന്നുണ്ട്‌. (11:21) യെശ്ശയ്യാവിന്റെ സുവിശേഷത്തില്‍ ഇങ്ങനെ കാണുന്നു. സിയോനിലെ ദുഃഖിതന്മാര്‍ക്ക്‌ വെണ്ണീറിനു പകരം അലങ്കാരമാലയും, ദുഃഖത്തിനു പകരം ആനന്ദ തൈലവും വിഷണ്ണമനസ്സിനു പകരം സ്‌തുതി എന്ന മേലാടയും കൊടുപ്പാനും അവന്‍ എന്നെ അയച്ചിരിക്കുന്നു. പ്രാര്‍ഥന, ധ്യാനം, ഉപവാസം, പാവങ്ങള്‍ക്ക്‌ ദാനം എന്നീ അനുഷ്‌ഠാനങ്ങളിലൂടെ വരാന്‍ പോകുന്ന നല്ല ദിവസങ്ങള്‍ക്കായുള്ള തയ്യാറെടുപ്പാണീ `കടമുള്ള' ദിവസങ്ങള്‍. ദൈവത്തില്‍ നിന്നും എന്തെങ്കിലും പ്രത്യേകിച്ച്‌ അനുഗ്രഹം കിട്ടുമെന്ന ധാരണയില്‍ ഇതു ചെയ്യേണ്ടതില്ല. എന്നാല്‍ ആത്മീയഉണര്‍വ്വും, പ്രത്യാശയോടുള്ള ജീവിതവീക്ഷണവും പരീക്ഷണങ്ങളില്‍ പതറാതെനില്‍ക്കാനുള്ള ദൃഢതയും , ധൈര്യവും ഇതു പ്രദാനം ചെയ്യുന്നു.

എന്തുകൊണ്ടാണ്‌ നാല്‍പ്പത്‌ ദിവസങ്ങള്‍? നാല്‍പ്പത്‌ ദിവസങ്ങളെക്കുറിച്ചുള്ള പ്രസ്‌താവം ബൈബിളില്‍ പലയിടത്തും കാണാമെന്നുള്ളതാണ്‌. യേശുവിന്റെ ഉപവാസകാലം നാല്‍പ്പത്‌ ദിവസമാണ്‌. സിനായി പര്‍വ്വതത്തില്‍ ദൈവത്തോടൊപ്പം മോശ ചിലവഴിച്ചത്‌ 40 ദിവസങ്ങളാണ്‌. അതേപോലെ ഏലിയ പ്രവാചകന്‍ ഹോരെബ്‌ പര്‍വ്വതത്തിലൂടെ 40 ദിവസം നടന്നു. അവിടെവച്ച്‌ അദ്ദേഹം ദൈവത്തിന്റെ അത്ഭുത പ്രവ്രുത്തികള്‍ കണ്ടു. ഭൂമി കുലുങ്ങുന്നത്‌, ശക്‌തിയായി കാറ്റുവീശുന്നത്‌, തീജ്വാലകളുണ്ടാകുന്നത്‌. ഏലിയാവു ജൂതന്മാരുടെ ഇടയില്‍ വീരതയുടെ പ്രതീകമാണ്‌. അഹബ്‌ രാജവിന്റെ ഫൊണീഷ്യകാരിയായ ഭാര്യ `ബാല്‍' എന്ന വ്യാജ ദൈവത്തെ ഇസ്രായേല്‍ രാജ്യത്തേക്ക്‌ കൊണ്ട്‌ വന്നപ്പോള്‍ ഏലിയവു രാജവിനോടു പറഞ്ഞു എന്റെ അറിവു കൂടാതെ അവിടെ മഞ്ഞും മഴയും ഉണ്ടാകില്ലെന്നു. പെസഹ വ്യാഴാഴ്‌ച ജൂതന്മാര്‍ ഒരു പ്രത്യേക കോപ്പയില്‍ വീഞ്ഞ്‌നിറച്ച്‌ സെഡെര്‍ മേശക്കരികില്‍ വയ്‌ക്കുന്നു. അടിമത്തത്തില്‍ നിന്നും ഇസ്രായേല്‍ മക്കള്‍ മോചിപ്പിക്കപ്പെട്ട കഥ പറയുന്ന ചടങ്ങു നടക്കുമ്പോള്‍ എല്ലാവരും ഏണീറ്റുനിന്ന്‌ ഏലിയാവിനെ സ്വാഗതം ചെയ്യുന്നു. ഏലിയവ്‌ അത്തരം ചടങ്ങുകളില്‍ അദൃശ്യനായിവന്ന്‌ വീഞ്ഞ്‌കുടിക്കുമെന്ന്‌ ജൂതമതസ്‌ഥര്‍ വിശ്വസിക്കുന്നു.

നോഹയുടെ കാലത്ത്‌ പ്രളയകഥയില്‍ ദൈവം 40 രാവും 40 പകലും മഴപെയ്യിച്ചു എന്നു കാണുന്നു. 40 കൊല്ലം ജൂതജനത വാഗ്‌ദത്ത ഭൂമിയന്വേഷിച്ച്‌ മണലാര്യണ്യങ്ങളില്‍ വഴിയറിയാതെ അലഞ്ഞുനടന്നു. നാല്‍പ്പത്‌ ദിവസത്തിനുള്ളില്‍ നിനെവനഗരം നാമാവശേഷമാകുമെന്ന്‌ പ്രവചനവുമായ്‌ യോന എന്ന പ്രവചകന്‍ അവിടെപോയി. 40 മണിക്കൂര്‍ ദൈവപുത്രന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനു മുമ്പ്‌ കല്ലറയില്‍ കഴിച്ചുകൂട്ടി. ( വെള്ളിയാഴ്‌ച വൈകുന്നേരം തൊട്ടു ഞയാറാഴ്‌ച രാവിലെ വരെ മൂന്നു ദിവസം എന്നു പറയാമെങ്കിലും അത്‌ 40 മണിക്കൂറായിരുന്നത്രെ.)

ഈ നോമ്പ്‌ കാലത്തെ ഒരു അദ്ധ്യാത്മിക പുതുക്കിപണിയല്‍ ആയി കരുതണം. സ്വാര്‍ത്‌ഥതയും ഭൗതികസുഖങ്ങളോടുള്ള ആശയും മൂലം ദൈവീക വിളക്കിന്റെ പ്രകാശം ജീവിതത്തില്‍ കെട്ട്‌പോകുമ്പോള്‍ അതിനെ കൂടുതല്‍ തെളിയിക്കാന്‍, കെട്ടുപോകാതിരിക്കാനുള്ള ശ്രമമാക്കി മാറ്റാന്‍ മനുഷ്യമനസ്സുകള്‍ തയ്യാറെടുക്കണം. ഒരു മുസ്‌ലിം ചൊല്ലുണ്ട്‌. പ്രാര്‍ഥന നമ്മളെ ദൈവത്തിന്റെയടുത്തേക്ക്‌ പകുതിവഴി വരെ എത്തിക്കുന്നു. ഉപവാസം അവന്റെ കൊട്ടാരവാതില്‍ക്കല്‍ വരെ കൊണ്ടെത്തിക്കുന്നു. പാവങ്ങള്‍ക്കുള്ള ദാനം നിര്‍വ്വഹിക്കുമ്പോള്‍ അവന്റെ കൊട്ടാരത്തില്‍ പ്രവേശനം ലഭിക്കുന്നു.

സിദ്ധാര്‍ഥഗൗതമ മുപ്പത്തിയാറാമത്തെ വയസ്സില്‍ 49 ദിവസം ബോധഗയമരത്തിന്റെ ചുവട്ടില്‍ ഉപവാസം അനുഷ്‌ഠിച്ചു. അവിടെവച്ച്‌്‌ അദ്ദേഹം ബുദ്ധനായി. അറിവിന്റെ ലോകത്തിലേക്ക്‌ അദ്ദേഹം ഉണര്‍ന്നു. വികാരത്തിന്റെ തീകെടുത്തി അറിവിന്റെ പ്രകാശം പരത്തുന്നു ഉപവാസങ്ങള്‍. വിശ്രമവും ഉപവാസവും ഏത്‌ മരുന്നിനേക്കാളും മെച്ചപ്പെട്ടതാണെന്നു ബഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

ഉപനിഷുത്തുക്കളില്‍ല്‌പപറയുന്നു - ഭസ്‌മം ധരിക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രത്തെപ്പറ്റി. നമ്മുടെ ജീവിതം പരിപോഷിപ്പിക്കുകയും അതില്‍ സുഗന്ധം പകരുകയും ചെയ്യുന്ന മുക്കണ്ണനെ (ശിവനെ) നമ്മള്‍ ആരാധിക്കുന്നു. ദുഃഖത്തിന്റെ ബന്ധനങ്ങളില്‍ നിന്നും അദ്ദേഹം നമ്മെ വിമുക്‌തനാക്കട്ടെ. പഴുത്ത വെള്ളരിക്ക അതിന്റെ ഞെട്ടില്‍ നിന്നും അടര്‍ന്നു വീഴുന്ന പോലെ നമ്മുടെ മരണവും ഈശ്വരന്‍ അനായാസമാക്കട്ടെ. ദിവ്യ ഭസ്‌മം എന്നു ഹിന്ദുയിസത്തില്‍ അറിയപ്പെടുന്നു, വിഭൂതിയെന്നും. പൂജ കര്‍മ്മങ്ങളില്‍ ഉപയോഗിക്കുന്ന ഹോമാഗ്നി അടങ്ങുമ്പോള്‍ കിട്ടുന്നതാണ്‌. ഭസ്‌മം. ഹോമാഗ്നിയില്‍ ആഗ്രഹങ്ങളെ ഭസ്‌മമാക്കിയത്തിന്‌ പ്രതീകമായാണ്‌ ശിവന്‍ കാമദേവനെ ദഹിപ്പിച്ചത്‌. കത്തികരിഞ്ഞ്‌ ഭസ്‌മമാകുന്നതെല്ലാം പവിത്രമാകണമെന്നില്ല. തിന്മയും പൈശാചികമായചിന്തകളും മനസ്സില്‍ നിന്നും നീക്കം ചെയ്യുമ്പോള്‍ ഒരാള്‍ക്ക്‌ ശാന്തി കൈവരുന്നു. (അസൂയ, ദുരാഗ്രഹം, കാമം, ക്രോധം, മോഹം) ഇവയെ അതിജീവിച്ചില്ലെങ്കില്‍ ഒരാള്‍ക്ക്‌ ജീവിതത്തില്‍ തീര്‍ച്ചയായും ദുഃഖങ്ങള്‍ ഉണ്ടാകും. ഭസ്‌മത്തിന്റെ പ്രത്യേകത അതിനെ വീണ്ടും ഭസ്‌മമാക്കാന്‍ കഴിയില്ലെന്നതാണ്‌. ഭസ്‌മത്തെ എത്രനേരം തീയ്യിലിട്ടാലും അത്‌ ഭസ്‌മമായി തന്നെ അവശേഷിക്കുന്നു. ഭസ്‌മം എന്ന വാക്ക്‌ നശിപ്പിക്കുക, സ്‌മരണം എന്നര്‍ത്‌ഥം വരുന്ന രണ്ട്‌ സംസ്‌കൃത വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ കൂടി ചേര്‍ന്നുണ്ടായതാണ്‌. ല്‌പഅതിനാല്‍ ഭസ്‌മം എന്നതിന്റെ അര്‍ഥം നമ്മുടെ പാപങ്ങള്‍ നശിപ്പിക്കുകയും ഈശ്വരനെ ഓര്‍മ്മിക്കുകയും ചെയ്യുക എന്നാണു. ഭസ്‌മ ധാരണം തിന്മയെ നശിപ്പിക്കുന്നതിന്റെ പ്രാധാന്യത്തേയും ഈശ്വരനെ ഓര്‍ക്കുന്നതിന്റേയും പ്രതീകമാണു. ഈശവാസ്യ ഉപനിഷത്തില്‍ പറയുന്നു.

വായുരനിലമമ്രുതം
അഥേഃ ഭസ്‌മാന്തം ശരീരം
ഓം ക്രതോസ്‌മര ക്രുതം സ്‌മര
ക്രതോസ്‌മര ക്രുതംസ്‌മര

(പ്രാണവായു നിത്യമായ പ്രപഞ്ച വായുവില്‍ ലയിച്ച്‌ കഴിഞ്ഞു. ഈ ശരീരം ഭസ്‌മമായി അവസാനിച്ചു. ഇനി മരിച്ചുപോയ ഈ വ്യക്‌തി ചെയ്‌ത കര്‍മ്മങ്ങളെ ഓര്‍ക്കുക)

ഉപവാസത്തെ കുറിച്ച്‌ എല്ലാ മതങ്ങളും പറയുന്നു. ഇസ്‌ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ ഒന്നായ റംസാന്‍ ഒരു മാസകാലം നീണ്ടുനില്‍ക്കുന്ന ഉപവാസ വ്രതാനുഷ്‌ഠാനമാണ്‌. ഹിന്ദുക്കളില്‍ ശിവഭക്‌തര്‍ തിങ്കളാഴ്‌ച ദിവസവും വിഷ്‌ണുഭക്‌തര്‍ വ്യാഴാഴ്‌ച ദിവസവും വ്രതമനുഷ്‌ഠിക്കുന്നു. കൂടാതെ പ്രദോഷം, ഏകാദശി, തുടങ്ങിയ ദിവസങ്ങളിലും ഉപവാസം അനുഷ്‌ഠിക്കുന്നവരുണ്ട്‌.

ഭസ്‌മലേപനം ഒരു പ്രതീകമാണ്‌. ഒരു ഓര്‍മ്മക്കുറിപ്പാണ്‌. മനുഷ്യന്റെ അഹന്തയും, അജ്‌ഞതയും മാറ്റാന്‍ ഇത്തരം അനുഷ്‌ഠാനങ്ങള്‍ സഹായിക്കുന്നു. തന്നെയുമല്ല ഇത്തരം സമാന ചിന്താഗതിയും ആചാരങ്ങളും മറ്റുമതത്തിലും ഉണ്ടെന്ന അറിവ്‌ മതസ്‌പര്‍ദ്ധ കുറക്കുന്നു.

നോമ്പ്‌ കാലത്തിന്റെ പുണ്യം ഏറ്റു വാങ്ങുന്ന എല്ലാ വിശ്വാസികളും മതത്തിന്റെ ബന്ധനത്തില്‍ കുടുങ്ങാതെ `വസുധൈവ കുടുംബകം' എന്ന വിശാലചിന്തയോടെ ജീവിതത്തെ സമീപിക്കുമ്പോള്‍ നമുക്ക്‌ ചുറ്റും ശാന്തിയും സമാധാനവും കൈവരുന്നു. പ്രത്യാശയുടെ പൂക്കള്‍ വിടര്‍ത്തികൊണ്ട്‌ പ്രകൃതിയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു ശിശിരത്തിനുശേഷം വസന്തമുണ്ടെന്ന്‌. എല്ലാ വായനക്കാര്‍ക്കും നന്മയും അനുഗ്രഹങ്ങളും നേര്‍ന്നു കൊണ്ട്‌.....

ഈസ്‌റ്റര്‍ ആശംസകള്‍
`ക്ഷാരബുധനാഴ്‌ച മുതല്‍ ഈസ്‌റ്റര്‍ വരെ (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക