Image

നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനു കോണ്‍ഗ്രസ് പിന്തുണ

Published on 03 April, 2012
നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനു കോണ്‍ഗ്രസ് പിന്തുണ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. കെപിസിസി യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായി. സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ ശെല്‍വരാജിന് ഉറപ്പു നല്‍കിയിട്ടുണ്ടെങ്കില്‍ പാലിക്കപ്പെടണമെന്ന് കെപിസിസി യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായമുണ്ടായി. 

നെയ്യാറ്റിന്‍കരയില്‍ കൈപ്പത്തി ചിഹ്‌നത്തില്‍ മത്സരിക്കണമെന്നാണ് കെപിസിസി യോഗത്തില്‍ ഉയര്‍ന്ന പൊതു വികാരം. ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കരുതെന്നു കെ. മുരളീധരനും വി.എം. സുധീരനും എതിര്‍പ്പറിയിച്ചു. എന്നാല്‍ പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ശെല്‍വരാജിന്റെ രാജി പിറവം ഉപതിരഞ്ഞെടുപ്പില്‍ സഹായിച്ചെന്നും വിലയിരുത്തല്‍ ഉണ്ടായി.

സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നിന്നുള്ള ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതൃയോഗം നടക്കുന്ന ഓഫിസിനു മുന്‍പില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ മൂന്നു മണിക്കു നടക്കുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയുടെ യോഗത്തില്‍ നിന്നുയരുന്ന അഭിപ്രായം കൂടി പരിഗണിച്ച് ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക