Image

നഗരം ചുവന്നു, പതാക ഉയര്‍ന്നു: പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി

Published on 03 April, 2012
നഗരം ചുവന്നു, പതാക ഉയര്‍ന്നു: പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി
കോഴിക്കോട്: സി.പി.എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് കോഴിക്കോട്ട് തുടക്കമായി. പൊതുസമ്മേളനം നടക്കുന്ന കടപ്പുറത്തെ എം.കെ പാന്ഥെ നഗറില്‍ (ബീച്ച് പരിസരം) പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പതാക ഉയര്‍ത്തിയതോടെയാണ് സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. 

പി.ബി. അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റിയംഗം എ.വിജയരാഘവന്‍, സംസ്ഥാനസമിതിയംഗം എളമരം കരീം, എം.വി.ഗോവിന്ദന്‍, പി.കരുണാകരന്‍, ഇ.പി.ജയരാജന്‍, വൈക്കം വിശ്വന്‍, ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കള്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിനെത്തി. 

പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോര്‍ ഹാളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ദീപശിഖ തെളിയിക്കും. സുര്‍ജിത് സിങ്ങിന്റെയും ജ്യോതിബസുവിന്റെയും പേരിലാണ് പ്രതിനിധി സമ്മേളനനഗരി സജ്ജമാക്കിയിട്ടുള്ളത്. വിവിധയിടങ്ങളില്‍ നിന്നുമെത്തിയ പതാകകൊടിമരദീപശിഖാ ജാഥകള്‍ നഗരത്തില്‍ സംഗമിച്ച ശേഷമാണ് പതാക ഉയര്‍ത്തിയത്. 

പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ആലപ്പുഴ വലിയ ചുടുകാട്ടില്‍ നിന്നും കേന്ദ്രകമ്മറ്റി അംഗം എ.വിജയരാഘവന്റെ നേതൃത്വത്തിലാണ് കൊണ്ടുവരുന്നത്. കയ്യൂരില്‍ നിന്നു തുടങ്ങിയ കൊടിമര ജാഥ നയിക്കുന്നത് കേന്ദ്രകമ്മറ്റി അംഗമായ പി.കരുണാകരനാണ്. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനന്റെ നേതൃത്വത്തിലുള്ള ദീപശിഖാ റിലേ തിങ്കളാഴ്ചയാണ് ഒഞ്ചിയത്തുനിന്നും പ്രയാണമാരംഭിച്ചത്. 

രാജ്യത്തെ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളും സംസ്ഥാനത്ത് പലയിടത്ത് നിന്നുമുള്ള പ്രവര്‍ത്തകരും രാജ്യമൊട്ടാകെയുള്ള മാധ്യമപ്രതിനിധികളും കോഴിക്കോട്ടെത്തിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിലാകമാനം കമാനങ്ങളും ശില്‍പ്പങ്ങളും തോരണങ്ങളും കൊണ്ട് ചുവന്നുകഴിഞ്ഞു. ഇനിയുള്ള ആറ് ദിവസം പാര്‍ട്ടി കോണ്‍ഗ്രസിന്റേതാണ്. 

734 പ്രതിനിധികളും 70 നിരീക്ഷകരും 11 മുതിര്‍ന്ന നേതാക്കളുമാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത്. വിദേശ പ്രതിനിധികളാരും പങ്കെടുക്കാത്ത കോണ്‍ഗ്രസ് എന്നതും മുതിര്‍ന്ന നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ അസാന്നിധ്യവും ഇരുപതാം കോണ്‍ഗ്രസ്സിനുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള പി.ബി.യോഗവും കേന്ദ്രകമ്മിറ്റിയോഗവും ഇന്ന് നടന്നു.

നഗരം ചുവന്നു, പതാക ഉയര്‍ന്നു: പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക