Image

മൊബൈലില്‍ എട്ട് ഇന്ത്യന്‍ഭാഷകളില്‍ ഫെയ്‌സ്ബുക്ക്

Published on 03 April, 2012
മൊബൈലില്‍ എട്ട് ഇന്ത്യന്‍ഭാഷകളില്‍ ഫെയ്‌സ്ബുക്ക്
മൊബൈല്‍ ഫോണുകളില്‍ ഇനി എട്ട് ഇന്ത്യന്‍ഭാഷകളില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാന്‍ കഴിയും. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് പ്രാബല്യത്തില്‍ വരും.

'ഇന്ത്യയില്‍ അഞ്ചുകോടിയിലെറെ ആളുകള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നു. ഏവര്‍ക്കും മികച്ച ഫെയ്‌സ്ബുക്ക് മൊബൈല്‍ അനുഭവം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം'ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് ഉന്നതരിലൊരാളായ കെവിന്‍ ഡിസൂസ പ്രസ്താവനയില്‍ പറഞ്ഞു. 

'ഫെയ്‌സ്ബുക്ക് ഫോര്‍ എവരി മൊബൈല്‍ ആപ്ലിക്കേഷന്‍' വഴിയാണ്, മൊബൈല്‍ ഫോണുകളില്‍ ഇന്ത്യന്‍ ഭാഷകളില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാവുക. ഹിന്ദി, ഗുജറാത്തി, തമിഴ്, മലയാളം, കന്നഡ, പഞ്ചാബി, ബംഗാളി, മറാഠി എന്നീ ഭാഷകളിലാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാവുക. 

ഇവ കൂടാതെ ഈ ആപ്പ് വഴി മലായ്, വിയറ്റ്‌നാമീസ് ഭാഷകളിലും മൊബൈലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാകും. മൊബൈലില്‍ ഇതുവരെ ഇംഗ്ലീഷില്‍ മാത്രമേ ഫെയ്‌സ്ബുക്ക് ലഭ്യമായിരുന്നുള്ളൂ. 

ഫെയ്‌സ്ബുക്കിന് ധ്രുതഗതിയില്‍ വളര്‍ച്ചയുണ്ടാകുന്ന രാജ്യമാണ് ഇന്ത്യ. ബ്രസീല്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വരുമാനത്തില്‍ വലിയ വര്‍ധനയുള്ളതായി ഫെയ്‌സ്ബുക്ക് അടുത്തിയിടെ വെളിപ്പെടുത്തുകയുണ്ടായി. യൂസര്‍മാരുടെ എണ്ണവും വിപണി പ്രവര്‍ത്തനങ്ങളും വര്‍ധിച്ചതാണ് ഇതിന് കാരണം. 

2011 ഡിസംബര്‍ 31 ന് ഇന്ത്യയില്‍ പ്രതിമാസം 4.6 കോടി ക്രിയാത്മക അംഗങ്ങള്‍ തങ്ങള്‍ക്കുള്ളതായി ഫെയ്‌സ്ബുക്ക് പറഞ്ഞിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 132 ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഫെയ്‌സ്ബുക്കിനുണ്ടായത്. 

ലോകത്താകമാനം 80 കോടിയിലേറെയാണ് ഫെയ്‌സ്ബുക്കിലെ അംഗസംഖ്യ, 35 കോടി പേര്‍ മൊബൈല്‍ഫോണ്‍ വഴി ഫെയ്‌സ്ബുക്കിലെത്തുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക