Image

എന്റിക്ക ലെക്‌സി കപ്പല്‍ വിട്ടയയ്ക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Published on 03 April, 2012
എന്റിക്ക ലെക്‌സി കപ്പല്‍ വിട്ടയയ്ക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കടലിലെ വെടിവയ്പിനെത്തുടര്‍ന്ന് തടഞ്ഞുവച്ചിട്ടുള്ള എന്റിക്ക ലെക്‌സിയെന്ന ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ സോപാധികം വിട്ടയയ്ക്കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. കപ്പല്‍ ഉടമകള്‍ക്ക് മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാം. മജിസ്‌ട്രേട്ട് കോടതിയുടെ അധികാരങ്ങളില്‍ കൈകടത്തുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. 

കപ്പല്‍ വിട്ടയയ്ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് വി. ചിദംബരേഷും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കപ്പല്‍ വിട്ടയയ്ക്കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണിത്. 

വിശദാംശങ്ങള്‍ പരിഗണിച്ച് ഒരാഴ്ചയ്ക്കകം കപ്പല്‍ വിട്ടയയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന് മജിസ്‌ട്രേട്ട് കോടതിയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കപ്പലില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകളുടെ പരിശോധനാ ഫലം ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന് കിട്ടിയിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി കോടതിയെ അറിയിച്ചിരുന്നു. കപ്പലില്‍ വീണ്ടും പരിശോധന നടത്തണോ എന്ന് പരിശോധനാ ഫലം കിട്ടിയ ശേഷമേ അറിയാനാകൂ. അതുവരെ കപ്പല്‍ വിട്ടയയ്ക്കരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

ഹൈക്കോടതിയില്‍ റിട്ടധികാരപ്രകാരം നേരിട്ട് വിട്ടുനല്‍കാനാണെങ്കില്‍ ക്രിമിനല്‍നടപടിക്രമനുസരിച്ച വിവിധ തലങ്ങളിലുള്ള കോടതികള്‍ ക്രമീകരിച്ചിട്ടുള്ളതെന്തിനാണെന്നും എല്ലാവര്‍ക്കും നേരിട്ട് സുപ്രീം കോടതിയില്‍ പോയാല്‍ മതിയല്ലോ എന്നും കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക