Image

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് പ്രളയക്കെടുതി വിലയിരുത്താനായി ജില്ലയിലെത്തിയ കേന്ദ്രസംഘം

Published on 22 September, 2018
പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് പ്രളയക്കെടുതി വിലയിരുത്താനായി ജില്ലയിലെത്തിയ  കേന്ദ്രസംഘം

 പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് പ്രളയക്കെടുതി വിലയിരുത്താനായി ജില്ലയിലെത്തിയ ഇന്റര്‍ മിനിസ്റ്റീരിയല്‍ കേന്ദ്രസംഘം. നൂറു വര്‍ഷത്തിനിടെ കേരളം നേരിട്ട ഏറ്റവും രൂക്ഷമായ പ്രളയമാണിത്. നല്‍കാവുന്നതില്‍ ഏറ്റവും മികച്ച സഹായം കേന്ദ്രം കേരളത്തിനു നല്‍കും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമാണെന്നും മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാരും തൃശൂര്‍ ജില്ലാ ഭരണകൂടവും നടത്തിയതെന്നും കേന്ദ്രസംഘാംഗങ്ങളായ നീതി ആയോഗ് അഡൈ്വസര്‍ ഡോ. യോഗേഷ് ഷൂരി, അഭിലാഷ് മിശ്ര, കുടിവെള്ള വിതരണ-സാനിറ്റേഷന്‍ മന്ത്രാലയം അഡീഷണല്‍ അഡൈ്വസര്‍ ഡോ. ദിനേഷ്ചന്ദ്, റോഡ് ഗതാഗതം-ഹൈവേ തിരുവനന്തപുരം റീജിയണല്‍ ഒാഫീസര്‍ വി.വി. ശാസ്ത്രി എന്നിവര്‍ അഭിപ്രായപ്പെട്ടു.

പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ 2014 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ പ്രളയക്കെടുതി വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘത്തോട് വിശദീകരിച്ചു. കൃഷി വകുപ്പിന് 160.036 കോടി രുപയുടേയും പൊതുമരാമത്ത് റോഡ് -ഗതാഗത വകുപ്പിനു കീഴില്‍ 352.72 കോടി രൂപയുടേയും ഉൗര്‍ജമേഖലയില്‍ 82 കോടിയുടേയും തൊഴില്‍നഷ്ട ഇനത്തില്‍ 400 കോടി രൂപയുടേയും നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ജില്ലാകളക്ടര്‍ കേന്ദ്രസംഘാംഗങ്ങളെ ചാലക്കുടിയില്‍ നടന്ന അവലോകന യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് ചാലക്കുടി നഗരസഭയിലെ വി.ആര്‍.പുരത്തെ ദുരിതാശ്വാസ ക്യാമ്ബിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. ക്യാമ്ബിലെ 14 കുടുംബങ്ങളിലെ 44 അംഗങ്ങളുമായി സംഘം ആശയവിനിമയം നടത്തി. ശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

ബി.ഡി.ദേവസി എം.എല്‍.എ. ആശുപത്രിയിലുണ്ടായ നാശനഷ്ടത്തെക്കുറിച്ച്‌ സംഘത്തോട് വിശദീകരിച്ചു. തുടര്‍ന്ന് കാടുകുറ്റി പഞ്ചായത്തിലെ ജാതികൃഷി നാശവും വൈന്തല വാട്ടര്‍ അതോറിറ്റി ജലശുദ്ധീകരണശാലയും പ്രളയത്തില്‍ തകര്‍ന്ന വൈന്തല തൈക്കൂട്ടം തുക്കുപ്പാലവും കേന്ദ്രസംഘം സന്ദര്‍ശിച്ചു. മാള പഞ്ചായത്തില്‍ തകര്‍ന്ന കോട്ടമുറി-കൊടുവത്ത്കുന്ന് പാലം, സമീപത്തെ പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളും സന്ദര്‍ശിച്ച്‌ നിലവിലുള്ള സാഹചര്യം വീട്ടുകാരോട് ചോദിച്ചറിയുകയും ചെയ്തു. കരുവന്നൂര്‍ പുഴ ഗതിമാറിയൊഴുകി തകര്‍ന്ന ആറാട്ടുപുഴ വില്ലേജിലെ ആറാട്ടുപുഴ റോഡ്, പല്ലിശ്ശേരി ചിറ അംബേദ്ക്കര്‍ ദുരിതാശ്വാസ ക്യാമ്ബ്, പണ്ടാരച്ചിറ കോളനി എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.

ഉച്ചക്കുശേഷം വെട്ടുകാട് പുത്തന്‍കാട് പ്രദേശത്ത് മലയിടിഞ്ഞ ഭാഗങ്ങളും തകര്‍ന്ന വീടുകളും മണ്ണുവിണ്ടു കീറിയ പ്രദേശങ്ങളിലും സംഘം സന്ദര്‍ശനം നടത്തി പ്രദേശ വാസികളില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കൈനൂര്‍ കോക്കാത്ത് പ്രദേശത്തെ കുന്നിടിച്ചിലില്‍ തകര്‍ന്ന പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചു. ഉരുള്‍പ്പൊട്ടലില്‍ 19 ആളുകള്‍ മരിക്കുകയും വന്‍ നാശനഷ്ടം ഉണ്ടാവുകയും ചെയ്ത കുറാഞ്ചേരിയിലും കേന്ദ്രസംഘം എത്തി വിലയിരുത്തല്‍ നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ്, വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ്, നഗരസഭ വൈസ്ചെയര്‍മാന്‍ അനൂപ് കിഷോര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ കേന്ദ്രസംഘത്തോട് അപകടവും നാശനഷ്ടവും വിശദീകരിച്ചു. ചീരക്കുഴി ഡാമിന്റെ തകര്‍ന്ന ഭാഗങ്ങളിലും സന്ദര്‍ശനം നടത്തിയാണ് സംഘം മടങ്ങിയത്. ജില്ലാകളക്ടര്‍ ടി.വി. അനുപമ, ഡെപ്യൂട്ടി കളക്ടര്‍ എം.ബി. ഗിരീഷ്, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഡെപ്യൂട്ടി കളക്ടര്‍ ബാബു സേവ്യര്‍ ഉള്‍പ്പടെ വിവിധ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക