Image

ഇന്ത്യക്കാരുടെ റിക്രൂട്ട്‌മെന്‍റിന്‌ ഓണ്‍ലൈന്‍ അറ്റസ്‌റ്റേഷന്‍ ഉടന്‍

Published on 03 April, 2012
ഇന്ത്യക്കാരുടെ റിക്രൂട്ട്‌മെന്‍റിന്‌ ഓണ്‍ലൈന്‍ അറ്റസ്‌റ്റേഷന്‍ ഉടന്‍
അബൂദബി: ഇന്ത്യയില്‍നിന്ന്‌ യു.എ.ഇയിലേക്ക്‌ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യാനുള്ള രേഖകള്‍ ഓണ്‍ലൈനില്‍ സാക്ഷ്യപ്പെടുത്തുന്ന സംവിധാനത്തിന്‌ നടപടികള്‍ പൂര്‍ത്തിയായി. നാളെ ഇതിന്‍െറ വെബ്‌സൈറ്റ്‌ ലോഞ്ചിങ്‌ നടക്കും. ഇന്ത്യന്‍ എംബസിയും യു.എ.ഇ തൊഴില്‍ മന്ത്രാലയവും ചേര്‍ന്നാണ്‌ ലോഞ്ചിങ്‌ നടത്തുന്നത്‌.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്‌ 25 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തല്‍ ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവെക്കുകയായിരുന്നു. അതേസമയം, നേരത്തെ തയാറാക്കിയ പദ്ധതി മാതൃകയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയോ എന്ന്‌ വ്യക്തമായിട്ടില്ല.

ഇന്ത്യന്‍ എംബസിയും യു.എ.ഇ തൊഴില്‍ മന്ത്രാലയവും ഇന്ത്യയിലെ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ്‌ എമിഗ്രന്‍റ്‌സും ചേര്‍ന്ന ത്രിതല ഓണ്‍ലൈന്‍ ബന്ധത്തിലൂടെ സംവിധാനം നടപ്പാക്കാനാണ്‌ തീരുമാനം. തൊഴിലാളികള്‍ ഇന്ത്യയില്‍നിന്ന്‌ യാത്ര തിരിക്കുന്നതിന്‌ മുമ്പ്‌ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ്‌ എമിഗ്രന്‍റ്‌സ്‌ മുഖേന തങ്ങളുടെ ക്‌ളിയറന്‍സ്‌ നേടണം. ഒരാള്‍ യാത്ര തിരിക്കും മുമ്പ്‌ ഇതുസംബന്ധിച്ച വിവരങ്ങള്‍ എംബസിക്ക്‌ ലഭിക്കുമെന്നതാണ്‌ പ്രധാന നേട്ടം.

ഇപ്പോള്‍ തൊഴിലുടമകള്‍ അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബൈ കോണ്‍സുലേറ്റിലോ നേരിട്ടുചെന്ന്‌ കരാര്‍ അറ്റസ്റ്റ്‌ ചെയ്യുകയാണ്‌. എന്നാല്‍, ഈ കരാറിലെ വ്യവസ്ഥകള്‍ തൊഴിലുടമകള്‍ പലപ്പോഴും ലംഘിക്കാറുണ്ട്‌. പുതിയ സംവിധാനം വരുന്നതോടെ എല്ലാ തൊഴില്‍ കരാറും ഒരേ സമയം ഇന്ത്യന്‍ എംബസിക്കും യു.എ.ഇ തൊഴില്‍ മന്ത്രാലയത്തിനും ഇന്ത്യയിലെ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ്‌ എമിഗ്രന്‍റ്‌സിനും ലഭിക്കും.

ഓണ്‍ലൈന്‍ അറ്റസ്‌റ്റേഷന്‍ നടപടികള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രത്യേക വെബ്‌സൈറ്റ്‌ തയാറാക്കി. ഇന്ത്യയില്‍നിന്ന്‌ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ വിദേശ കമ്പനികളും ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക്‌ യൂസര്‍ നെയിം, പാസ്വേഡ്‌ എന്നിവ ലഭിക്കും. ഇതുപയോഗിച്ച്‌ പിന്നീട്‌ വെബ്‌സൈറ്റില്‍ പ്രവേശിച്ച്‌ റിക്രൂട്ട്‌മെന്‍റ്‌ നടപടികള്‍ നടത്താം.

ഓരോ കമ്പനിക്കും ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ യൂസര്‍ ഐ.ഡിയായി ഉപയോഗിക്കാം. രജിസ്‌ട്രേഷനു വേണ്ടി കമ്പനികള്‍ നല്‍കുന്ന വിവരങ്ങള്‍ അപൂര്‍ണമാണെങ്കില്‍ താല്‍ക്കാലിക യൂസര്‍ ഐ.ഡി നല്‍കുകയും വിശദ വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യും. മാത്രമല്ല, ഫയല്‍ ചെയ്‌ത രേഖകളെ കുറിച്ച്‌ അന്വേഷണമുണ്ടാകും.

റിക്രൂട്ടിങ്‌ മേഖലയിലെ തട്ടിപ്പുകളും വാഗ്‌ദാന ലംഘനങ്ങളും തടയാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏറെ പ്രയോജനപ്പെടും. ഓണ്‍ലൈനിലൂടെ ലഭിക്കുന്ന രേഖകള്‍ പരിശോധിച്ച ശേഷമേ പ്രൊട്ടക്ടര്‍ ഓഫ്‌ എമിഗ്രന്‍റ്‌സ്‌ ഓരോ വ്യക്തിക്കും എമിഗ്രേഷന്‍ ക്‌ളിയറന്‍സ്‌ നല്‍കുകയുള്ളൂ. ആകര്‍ഷക വാഗ്‌ദാനങ്ങള്‍ നല്‍കി തൊഴിലാളികളെ ഇന്ത്യയില്‍നിന്ന്‌ ഇവിടെയെത്തിച്ച ശേഷം കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയും അവരെ വഞ്ചിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ഇതിന്‌ കൂട്ടുനില്‍ക്കുന്ന റിക്രൂട്ട്‌മെന്‍റ്‌ ഏജന്‍സികള്‍ക്കും തിരിച്ചടിയാണിത്‌. ഇന്ത്യയില്‍നിന്ന്‌ തൊഴിലാളികളെ കൊണ്ടുവരേണ്ട കമ്പനികള്‍ ഇതിനാവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തി, ബന്ധപ്പെട്ട രേഖകള്‍ അപ്ലോഡ്‌ ചെയ്‌താല്‍, എംബസിയോ കോണ്‍സുലേറ്റോ ഇത്‌ പരിശോധിക്കും. കമ്പനിയെ കുറിച്ച്‌ പരാതികളില്ലെങ്കില്‍ റിക്രൂട്ട്‌മെന്‍റ്‌ അനുമതി നല്‍കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക