Image

പതറാത്ത പടനായകന്‍-(സംഭവകഥ-ഭാഗം: 1- ഡോ.കേണല്‍ കാവുമ്പായി ജനാര്‍ദ്ദനന്‍)

ഡോ.കേണല്‍ കാവുമ്പായി ജനാര്‍ദ്ദനന്‍ Published on 14 September, 2018
പതറാത്ത പടനായകന്‍-(സംഭവകഥ-ഭാഗം: 1- ഡോ.കേണല്‍ കാവുമ്പായി ജനാര്‍ദ്ദനന്‍)
'സാര്‍, ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് സാറിനൊരു ഫോണ്‍കോളുണ്ട്'- പേഴ്‌സണല്‍ അസിസ്റ്റന്റായ സതീഷ് ഇന്റര്‍കോം ഫോണില്‍ വിളിച്ചു പറഞ്ഞു. കേണല്‍ രവി ഫോണെടുത്തു.

'ഗുഡ്‌മോര്‍ണിംഗ് ! കേണല്‍ രവി ഹിയര്‍....'

ഗുഡ്‌മോര്‍ണിംഗ് കേണല്‍ രവീ! ഞാന്‍ കേണല്‍ ചന്ദ്രശേഖരനാണ്. ഒരു ഗുഡ്‌ന്യൂസ് അറിയിക്കാനാണ് ഞാന്‍ വിളിച്ചത്.'
'എന്താണ് ഗുഡ്‌ന്യൂസ്? പറയൂ.'

'രക്ഷാമന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി വളരെ നല്ല ജോലി ചെയ്തതിനാല്‍ താങ്കളുടെ യോഗ്യതയെ പരിഗണിച്ചുകൊണ്ട് എഡ്യൂക്കേഷന്‍ ഓഫീസറായി സ്ഥലം മാറ്റം ചെയ്യാന്‍ തീരുമാനിച്ചു.'

'ഏങ്ങോട്ടാണ് സ്ഥലംമാറ്റം?' ആകാംഷയോടെ കേണല്‍ രവി അന്വേഷിച്ചു.
രാജസ്ഥാനിലെ ബീക്കാനീറിലെ ആര്‍മി ഫോര്‍മേഷനിലേക്കാണ് സ്ഥലം മാറ്റം. ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റിംഗ് ഓര്‍ഡര്‍ വരും. രണ്ടുമാസം കഴിയുമ്പോള്‍ ബീക്കാനീറില്‍ ഡ്യൂട്ടി ജോയിന്‍ ചെയ്യണം. ഗുഡ് ന്യൂസ് അല്ലേ?'- കേണല്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

ഗുഡ് ന്യൂസ് ആണെന്നും അല്ലെന്നും പറയാന്‍ പറ്റില്ല ശേഖര്‍. ഹിമാചല്‍ പ്രദേശിലെ മിലിട്ടറി ഹോസ്പിറ്റലില്‍നിന്ന് ലേഡീ മെഡിക്കല്‍ ഓഫീസറായ എന്റെ ഭാര്യ മേജര്‍ തുളസി ജോധ്പൂരിലേക്ക്ു പോസ്റ്റിംഗ് ആയി വന്നിട്ട് ഏതാനും മാസങ്ങള്‍ പോലും ആയിട്ടില്ല. അപ്പോഴേക്കും എന്റെ പോസ്റ്റിംഗ് വേറൊരു സ്ഥലത്തേക്ക് കിട്ടുന്നത് ഗുഡ് ന്യൂസ് ആണോ ശേഖര്‍?'- കേണല്‍ രവി ചോദിച്ചു.

ഗുജറാത്തില്‍ ഭൂമികുലുക്കമുണ്ടായപ്പോഴും ഭരത്പൂരിലെ ആയുധശേഖര ഡിപ്പോയില്‍ തീപിടിച്ചപ്പോഴും സിവിലിലെയും മിലിട്ടറിയിലെയും വി.ഐ.പി.കളെ മാനേജ് ചെയ്യുന്നതിനും അതിസുന്ദരമായി മീഡിയാ കവറേജ് നടത്തുന്നതിനും നിനക്കു സാധിച്ചു എന്നതിനാല്‍ ആര്‍മി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എല്ലാവര്‍ക്കും നിന്നോട് വളരെ ഇഷ്ടമാണ് രവീ. രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സായുധസേനാ യൂണിറ്റുകള്‍ക്കും ഫോര്‍മേഷനുകള്‍ക്കും വേണ്ടി പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ എന്ന പദവിയില്‍ വളരെ നന്നായി ജോലി ചെയ്ത കേണല്‍ രവിയെ എല്ലാവരും പ്രകീര്‍ത്തിക്കുക മാത്രമല്ല സഹായിക്കുകയും ചെയയ്ും'- കേണല്‍ ചന്ദ്രശേഖര്‍ തുടര്‍ന്നു:-
'ഈ പോസ്റ്റിംഗ് വേണമോ വേണ്ടയോ എന്ന് ഉടനെ തീരുമാനിക്കുക. ജോലിത്തിരക്കാണ്. ഞാന്‍ വിളിക്കാം.'

'വളരെ നന്ദി. കൂടുതല്‍ പിന്നീട് സംസാരിക്കാം.'- കേണല്‍ രവി ഫോണ്‍ താഴെവച്ചു.
ഏതാനും നിമിഷങ്ങള്‍ ചിന്താധീനനായെങ്കിലും കേണല്‍ രവി ഉടനെ ഭാര്യയുടെ ഓഫീസിലേക്കു ഫോണ്‍ ചെയ്തു.

'തുളസീ, നീ തിരക്കിലാണോ?'
'തിരക്കൊന്നുമില്ല. ഇന്ന് നൂറോളം രോഗികള്‍ മാത്രമേയുള്ളൂ! ഇവരെ പരിശോധിച്ചുതീര്‍ന്നാല്‍ ഞാന്‍ വിളിക്കാം.'- തുളസി ഫോണ്‍ താഴെ വെച്ചു.
ഇങ്ങിനെയൊരു ലേഡീഡോക്ടറെ കിട്ടിയത് രോഗികളുടെ ഭാഗ്യം തന്നെ!'- കേണല്‍ രവി ചിന്തിച്ചു.

'സാര്‍, മേ ഐം കം ഇന്‍?'- സതീഷിന്റെ ശബ്ദം.
'പ്ലീസ് കം ഇന്‍.'
'എന്താണു സാര്‍ വിശേഷം? ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഫോണ്‍ വന്നതുകൊണ്ട് അന്വേഷിച്ചതാണ്.-' സതീഷ് വിനയപൂര്‍വ്വം കേണല്‍ രവിയുടെ മുഖത്തേക്കു നോക്കി.

വിശേഷമൊന്നുമില്ല സതീഷ്. ഇന്ന് അധികം സന്ദര്‍ശകരെ എന്റെ അടുത്തേക്കു വിടേണ്ട. പല ജോലികളും ചെയ്തു തീര്‍ക്കാനുണ്ട്.'
'ഓകെ സാര്‍'- സതീഷ് പുറത്തേക്കു കടന്നു.

പോസ്റ്റിംഗ് ക്യാന്‍സല്‍ ചെയ്യാന്‍ ശ്രമിക്കണോ അതോ സ്വീകരിക്കണോ എന്ന ചിന്തയാണ് കേണല്‍ രവിയെ അലട്ടിയത്.

എയര്‍ഫോഴ്‌സ് കേന്ദ്രീയവിദ്യാലയത്തില്‍ പഠിക്കുന്ന മകനെയും മകളെയും ആര്‍മി മെഡിക്കല്‍ കോറിന്റെ മിലട്ടറി ഹോസ്പിറ്റലില്‍ ലേഡീഡോക്ടറായി ജോലി ചെയ്യുന്ന ഭാര്യയെയും ഇവിടെ ജോഡ്പൂരില്‍ തന്നെ നിര്‍ത്തിക്കൊണ്ട് താന്‍ മാത്രം ബീക്കാനീറിലേക്ക് പോസ്റ്റിംഗ് പോവുന്നതാണ് നല്ലത് എന്നു കേണല്‍ രവി തീരുമാനിച്ചു. കോളിംഗ് ബെല്ലമര്‍ത്തിയപ്പോള്‍ ഉടനെ പ്യൂണ്‍ ഓടിയെത്തി.
'തുക്കാറാം, ആപ് സാരെ ഓഫീസ് സ്റ്റാഫ് കോ ബുലാവോ'(എല്ലാ ഓഫീസ് സ്റ്റാഫിനെയും വിളിക്കുക).

 ഉടനെത്തന്നെ ഓഫീസിലെ എല്ലാ ജോലിക്കാരും കേണല്‍ രവിയുടെ ഓഫീസിലെത്തി. അദ്ദേഹത്തിന്റെ മുഖഭാവം കണ്ടപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് അവര്‍ക്കു തോന്നി. എല്ലാവരും ശ്വാസമടക്കി നിന്നു.

ഒരു ആമുഖവുമില്ലാതെ കേണല്‍ രവി പറഞ്ഞു. 'മേരാ പോസ്റ്റിംഗ് ബീക്കാനീര്‍ ഫോര്‍മേഷന്‍ മേം ആനേ വാലാ ഹെ!'(എന്റെ പോസ്റ്റിംഗ് ബീക്കാനീര്‍ ഫോര്‍മേഷനിലേക്കു വരാന്‍ പോകുന്നു).

ഓഫീസ് സൂപ്രണ്ടും ക്ലാര്‍ക്കുകളും പ്യൂണും ഡ്രൈവര്‍മാരു മടങ്ങുന്ന ഓഫീസ് സ്റ്റാഫ് ഏതാനും നിമിഷങ്ങളോളം സ്തബ്ധരായിനിന്നു. എല്ലാവരും അന്യോന്യം നോക്കി. ധൈര്യം സംഭരിച്ചുകൊണ്ട് സൂപ്രണ്ട് സത്യനാഥ് പറഞ്ഞു. 'സാര്‍, ഏതായാലും പോസ്റ്റിംഗ് ഓര്‍ഡര്‍ വന്നിട്ടില്ലല്ലോ. വരുമ്പോള്‍ പോസ്റ്റിംഗ് കാന്‍സല്‍ ചെയ്യാനായി രക്ഷാമന്ത്രാലയത്തില്‍ അപേക്ഷ അയയ്ക്കാം.'

'വേണ്ട. ആവശ്യത്തിലധികം പണിയെടുപ്പിച്ച് നിങ്ങളെയൊക്കെ ഞാന്‍ ബുദ്ധിമുട്ടിച്ചു. ഞാന്‍ ഇവിടെനിന്നു പോസ്റ്റിംഗ് പോയാല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സുഖമായിരിക്കും.'- ഒരു നേര്‍ത്ത് പുഞ്ചിരിയോടെ കേണല്‍ രവി പറഞ്ഞു.

ഒരിക്കലുമല്ല സാര്‍. നിങ്ങള്‍ വന്നശേഷം ഞങ്ങളുടെ ജോലിത്തിരക്കു കൂടി വന്നത് വാസ്തവമാണ്. എങ്കിലും രാജസ്ഥാനിലും ഗുജറാത്തിലുമുള്ള ആര്‍മി, നേവി, എയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ക്കും ഫോര്‍മേഷനുകള്‍ക്കും എല്ലാ പത്രമോഫീസുകള്‍ക്കും നമ്മുടെ ഓഫീസിനെപ്പറ്റിയും സാറിന്റെ നേതൃത്വത്തിലുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വലിയ മതിപ്പാണ്. സാര്‍ 'ഓഫീസര്‍ കമാണ്ടിംഗ്' ആയി ചാര്‍ജ്ജ് എടുക്കുന്നതിനുമുമ്പ് നമ്മുടെ പബ്ലിക് റിലേഷന്‍ യൂണിറ്റിനെപ്പറ്റി എല്ലാവര്‍ക്കും പുച്ഛമായിരുന്നു സാര്‍'- മീഡിയാ അസിസ്റ്റന്റ് ഗിരിരാജ് പറഞ്ഞു.

'ഗിരിരാജ് പറഞ്ഞത് വളരെ ശരിയാണു സാര്‍. യൂണിറ്റുകളുടെയും ഫോര്‍മേഷന്റെയും ചരിത്രവും വീരസാഹസികകൃത്യങ്ങളും അവരുടെ റെയിസിംഗ് ഡേ' ആഘോഷസമയത്ത് നമ്മുടെ യൂണിറ്റു വഴി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ അവര്‍ക്കെല്ലാം വളരെ സന്തോഷവും അഭിമാനവുമായിരുന്നു. വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ വിപത്തുകള്‍ സംഭവിച്ചപ്പോള്‍ വിദഗ്ധമായി മീഡിയാ മാനേജ്‌മെന്റ് ചെയ്ത് സായുധസേനയുടെ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ ടെലിവിഷന്‍ ചാനലുകളിലും പത്രങ്ങളിലും വന്നപ്പോള്‍ നമ്മുടെ യൂണിറ്റിനെ അഭിനന്ദിക്കാത്തവര്‍ ആരെങ്കിലുമുണ്ടോ?'സൂപ്രണ്ട് സത്യനാഥ് ചോദിച്ചു. 'യഥാര്‍ത്ഥത്തില്‍ കഠിനാദ്ധ്വാനത്തിന്റെ മഹത്വമെന്തെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത് സാറു വന്നശേഷമാണ്.'
എന്റെ പോസ്റ്റിംഗ് വന്നവിവരം കേട്ടാല്‍ നിങ്ങള്‍ക്ക് വളരെ സന്തോഷമുണ്ടാവുമെന്നായിരുന്നു ഞാന്‍ കരുതിയത്.' കേണല്‍ രവി പറഞ്ഞു.
(തുടരും..)

പതറാത്ത പടനായകന്‍-(സംഭവകഥ-ഭാഗം: 1- ഡോ.കേണല്‍ കാവുമ്പായി ജനാര്‍ദ്ദനന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക