Image

അറിയാതെ-(കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 13 September, 2018
അറിയാതെ-(കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)
അന്നമതില്ലാതെ ഒരു ദിനം പോലും
ഖിന്നനായ് ഞാന്‍ കഴിഞ്ഞില്ലിതു സത്യം
അന്തിയുറങ്ങാന്‍ ഭവനമില്ലെന്നൊരാ
ചിന്തയില്‍ ഞാനലഞ്ഞില്ലൊരുനാളും!

മോടിയില്‍ തുന്നിയ വസ്ത്രങ്ങളില്ലാതെ
മേവിയൊരെന്‍ നാള്‍കളതു വിലോപം
സ്‌നേഹിക്കുവാന്‍ ബന്ധുമിത്രങ്ങളില്ലാതെ
ഏകനായ് തീര്‍ന്നൊരു നാളതും ശൂന്യം!

ഈവിധം ഇല്ലായ്മയെന്തെന്നറിയാതെ
ജീവിതയാത്ര ചെയ്യുന്നുവെന്നാലും
ഏറിയോരെന്‍ വിഷാദത്തിന്റെ കാരണം
ഏറെനാള്‍ പോകിലും ഞാനറിഞ്ഞീല!

എവിടെയെന്‍ പിഴവുകളെന്നറിഞ്ഞീല
എവിടെ ഞാന്‍ വീണുപോയെന്നറിഞ്ഞീല;
മോഹങ്ങളേറെ നിറഞ്ഞൊരീ ജീവിതം
മോഹനമാക്കുവാനെന്തു ചെയ്യേണം!

ഗൂഢമീ ചോദ്യത്തിനുത്തരം കാണാതെ
മൂകനായ് ഞാന്‍ പുഴയോരത്തു നില്‍ക്കവെ
മറുവാക്കതൊന്നുമേ ചൊല്ലാതെ എന്‍ നിഴല്‍
മൗനമായെന്നെ തുറിച്ചുനോക്കുന്നു;
സംതൃപ്തിയെന്തെന്നറിയാതെയാ മുഖം
സംഭീതിയില്‍ നോക്കീടുന്നു പിന്നെയും!!

അറിയാതെ-(കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
Sudhir Panikkaveetil 2018-09-13 07:03:09
വെളിച്ചം    ഉള്ളയിടത്താണ് നിഴൽ ഉണ്ടാകുന്നത്.ഭൗതിക 
സുഖങ്ങൾ മാത്രം സം തൃപ്തി നല്കുന്നില്ലെന്ന 
തിരിച്ചറിവിന്റെ വെളിച്ചം ഉണ്ടാകുമ്പോൾ 
കവി തന്റെ നിഴൽ കാണുന്നു. താൻ തേടുന്ന 
ഉത്തരങ്ങൾ കവി നിഴലിൽ കാണുന്നു. നിഴൽ മറുവാക്കൊന്നും 
ചൊല്ലുന്നില്ലെന്ന പ്രയോഗം നന്നായി.നിഴലുകൾ 
നമ്മെ പിൻ തുടരുകയാണ് അവ പ്രതികരിക്കുന്നില്ല പക്ഷെ പ്രതിബിംബിക്കുന്നു. 
ഒരു വലിയ ആശയം ചെറിയ കവിതയിലൂടെ 
അവതരിപ്പിച്ചിരിക്കുന്നു. അത് ഡോക്ടറുടെ ഒരു ശൈലി. 

P R Girish Nair 2018-09-13 13:17:55
ഡോക്ടർ പൂമൊട്ടിൽ സർ : 
കവിത ചെറുതാണെങ്കിലും വളരെ അർത്ഥപൂർണമായ കവിത.  
അഭിനന്ദനം.
വിദ്യാധരൻ 2018-09-13 14:01:42
അന്നമില്ലാതെ കഴിഞ്ഞോർക്കറിയാം
മുന്നിലിരിക്കും അന്നത്തിൻ വിലയെന്നും
ഉള്ളത്കൊണ്ടു  മക്കളെ ഊട്ടുവാൻ 
തള്ളമാർ ത്യജിച്ചവരുടെ ഭക്ഷണം 

രണ്ടറ്റങ്ങളെ കൂട്ടി മുട്ടിയ് ക്കുവാൻ 
കഷ്ടത ചില്ലറയല്ലവർ സഹിച്ചത് 
എന്നാലും ഉള്ളിലുണ്ടായിരുന്നവർക്ക് 
എന്നാളും മറ്റുള്ളോരെ കുറിച്ച് കരുതൽ 

സാഹചര്യം മാറി  കോലവും മാറി 
മോഹങ്ങൾ അത്യാർത്തിയായി മാറി 
വന്നു സുഭിക്ഷത കുന്നുപോലെ കൂടി 
മന്നിൽ മനുഷ്യർ മനുഷ്യരല്ലാതായി 

പട്ടിണിക്കാരന്റെ കൊട്ടയിൽനിന്നും
കട്ടെടുത്തണേലും പണക്കാരനാകണം 
വെട്ടിക്കുറക്കുന്നു അവകാശമവരുടെ 
വെട്ടിപ്പിടിക്കുന്നാവഴി  പിന്നെയും 

എല്ലാ സുഖങ്ങളും നേടിയെന്നാകിലും 
വല്ലാത്തൊരസ്സ്വസ്ഥത ഉള്ളിൽ പുകയുന്നു 
കള്ളുകുടിക്കുന്നു പെണ്ണുപിടിക്കുന്നു 
ഉള്ളൂ തകർക്കും  ഖിന്നത  ബാക്കിപിന്നെയും

ഇല്ല പണത്തിനും പ്രതാപത്തിനും നമ്മുടെ 
അല്ലൽ അകറ്റുവാൻ അശേഷവും 
ഒന്നേയുള്ളതിനു ഒരു മാർഗ്ഗമേയുള്ളു 
'നിന്നെപോൽ നിൻ അയൽക്കാരനെ സ്നേഹിക്ക'

കുസുമം 2018-09-13 20:49:25
പദ്യപൂമൊട്ടൊരുനാൾ
      ഭാവിയിൽ വിടരട്ടേ
കവിതാകുസുമങ്ങൾ
      കാത്തുഞാനിരിക്കുന്നു
Jyothylakshmy Nambiar 2018-09-14 02:36:50
വളരെ കുറച്ച് വരികളിൽ ഒരു ഭീമമായ ആശയം. ഭൗതിക സുഖങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന ജനതയെ ചിന്തിപ്പിയ്ക്കുന്ന വരികൾ.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക