Image

സ്വകാര്യവത്‌കരണം: സറിയിലെ എന്‍എച്ച്‌എസ്‌ ആശുപത്രി നടത്തിപ്പ്‌ ഏപ്രില്‍ മുതല്‍ വിര്‍ജിന്‍ കമ്പനി ഏറ്റെടുക്കും

Published on 02 April, 2012
സ്വകാര്യവത്‌കരണം: സറിയിലെ എന്‍എച്ച്‌എസ്‌ ആശുപത്രി നടത്തിപ്പ്‌ ഏപ്രില്‍ മുതല്‍ വിര്‍ജിന്‍ കമ്പനി ഏറ്റെടുക്കും
ലണ്‌ടന്‍ : ഏറെക്കാലമായി ജീവനക്കാരും രോഗികളും ഒന്നടങ്കം എതിര്‍ത്തിരുന്ന സ്വകാര്യവത്‌കരണത്തിന്‌ തുടക്കം കുറിച്ച്‌ സറിയിലെ എന്‍എച്ച്‌എസ്‌ ആശുപത്രി നടത്തിപ്പ്‌ വിര്‍ജിന്‍ കമ്പനി ഏറ്റെടുക്കും.

സറിയിലെ എന്‍എച്ച്‌എസിന്റെ ദൈനംദിന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള 500 ദശലക്ഷം പൗണ്‌ടിന്റെ കരാര്‍ ഉറപ്പിച്ചതായി വിര്‍ജിന്‍ കെയര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ബ്രിട്ടനിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിലൊന്നായ വിര്‍ജിന്‍ ഗ്രൂപ്പിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള കമ്പനി അഞ്ചുവര്‍ഷത്തേക്കായിരിക്കും സറിയിലെ എല്ലാത്തരം കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സര്‍വീസുകളും ലഭ്യമാക്കുക. ഏറ്റവും മികച്ച സേവനദാതാക്കളില്‍നിന്ന്‌ ഏറ്റവും മികച്ച പരിരക്ഷയായിരിക്കും ഇതുവഴി ലഭിക്കുകയെന്ന്‌ ആരോഗ്യവകുപ്പ്‌ അവകാശപ്പെടുന്നുണെ്‌ടങ്കിലും രോഗികള്‍ ഇതിന്റെ ദുരിതം ചുമക്കേണ്‌ടിവരുമെന്ന കാര്യം തീര്‍ച്ചയാണെന്ന്‌ ജീവനക്കാരുടെ സംഘടനയായ യുണിസണ്‍ മുന്നറിയിപ്പ്‌ നല്‍കി.

പ്രാദേശിക െ്രെപമറി കെയര്‍ ട്രസ്റ്റായ എന്‍ എച്ച്‌ എസ്‌ സറിയുടെ വിഭാഗമായ സറി കെയര്‍ സര്‍വീസസിനെയായിരിക്കും വിര്‍ജിന്‍ കെയര്‍ നടത്തിക്കൊണ്‌ടുപോകുന്നത്‌. വൃദ്ധരോഗികളെ ഓപ്പറേഷനുശേഷം വീട്ടിലേക്ക്‌ അയയ്‌ക്കുന്നതിനുമുമ്പ്‌ സാധാരണനിലയിലേക്ക്‌ എത്തിക്കുന്ന എട്ട്‌ കമ്മ്യൂണിറ്റി ആശുപത്രികളുടെ നടത്തിപ്പ്‌ ചുമതലയും കമ്പനിക്കായിരിക്കും. വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക്‌ സഹായമേകുന്നതിനും നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്കുള്ള ഹെല്‍ത്ത്‌ വിസിറ്റും ഉള്‍പ്പെടെയുള്ള കമ്യൂണിറ്റി നഴ്‌സിംഗും ലഭ്യമാക്കും. മാറിടങ്ങളിലെ കാന്‍സര്‍ പരിശോധന, ലൈംഗികാരോഗ്യ ക്ലിനിക്കുകള്‍,, സ്‌പെഷലിസ്റ്റ്‌ ദന്തല്‍ പരിശോധന, ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷന്‍ തുടങ്ങിയവയും കരാര്‍ ചെയ്‌ത സേവനങ്ങളില്‍ ഉള്‍പ്പെടും.

സേവനങ്ങളുട മികവിന്‌ പ്രാധാന്യം നല്‍കുന്ന രീതിയാണ്‌ പിന്തുടരുന്നതെന്നും എന്‍എച്ച്‌എസ്‌ സറിയും വിര്‍ജിന്‍ കെയറും സംയുക്തമായി ഇറക്കിയ പ്രസ്‌താവനയില്‍ വെളിപ്പെടുത്തി. രോഗികള്‍ക്കും കെയറര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഇത്‌ മികച്ച വാര്‍ത്തയാണെന്ന്‌ എന്‍എച്ച്‌എസ്‌ സറി ചീഫ്‌ എക്‌സിക്യുട്ടീവ്‌ ആനി വാല്‍ക്കര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ സ്വകാര്യവത്‌കരണം എന്ന ലക്ഷ്യത്തിലേക്ക്‌ കാമറൂണ്‍ സര്‍ക്കാര്‍ നീങ്ങുന്നതിന്റെ കൂടുതല്‍ തെളിവാണ്‌ ഇതില്‍നിന്ന്‌ വ്യക്തമാകുന്നതെന്ന്‌ യുണിസണ്‍ ജനറല്‍ സെക്രട്ടറി ഡേവ്‌ പ്രെന്റിസ്‌ പറഞ്ഞു. ഇതിന്റെ ഒടുവിലത്തെ ഇരകള്‍ രോഗികളായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക