Image

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കം പൂര്‍ത്തിയായി

Published on 02 April, 2012
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കം പൂര്‍ത്തിയായി
കോഴിക്കോട്: കോഴിക്കോട്ട് ആദ്യമായി ചേരുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്‍മാന്‍ പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
734 പ്രതിനിധികളും 70 നിരീക്ഷകരും 11 മുതിര്‍ന്ന അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുക. വിദേശ പ്രതിനിധികളുണ്ടാകില്ല. ടാഗോള്‍ സെന്റിനറി ഹാളില്‍ സജ്ജമാക്കുന്ന സുര്‍ജിത്-ജ്യോതിബസു നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുക.
ഏപ്രില്‍ നാലിന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോര്‍ട്ടിനും പുറമെ പ്രത്യയശാസ്ത്ര പ്രമേയവും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്ന് പിണറായി അറിയിച്ചു.
സമാപന സമ്മേളനം ഒമ്പതിന് വൈകീട്ട് കടപ്പുറത്തെ എം.കെ.പാന്ഥെ നഗറിലാണ്. സമാപന സമ്മേളനത്തില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കും. പൊതുപ്രകടനമുണ്ടാകില്ല. എന്നാല്‍ കാല്‍ലക്ഷം വളന്റിയര്‍മാര്‍ പങ്കെടുക്കുന്ന മാര്‍ച്ചുണ്ടാകും. ക്രിസ്ത്യന്‍ കോളജ്, സാമൂതിരി ഹൈസ്കൂള്‍ ഗ്രൗണ്ട്, സ്റ്റേഡിയം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് കടപ്പുറത്ത് സംഗമിക്കും.
പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ആലപ്പുഴ വലിയ ചുടുകാടില്‍ നിന്നും കൊടിമരം കയ്യൂരില്‍ നിന്നും പ്രയാണം തുടങ്ങിക്കഴിഞ്ഞു. ദീപശിഖ റിലേ തിങ്കളാഴ്ച ഒഞ്ചിയം രക്തസാക്ഷി നഗറില്‍ നിന്നാരംഭിക്കും. മൂന്നു ജാഥകളും ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കടപ്പുറത്ത് സംഗമിക്കും. തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പതാക ഉയര്‍ത്തും. ടാഗോള്‍ ഹാളില്‍ വൈകീട്ട് ഏഴുമണിക്ക് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ദീപശിഖ ജ്വലിപ്പിക്കും.
പാര്‍ട്ടി കോണ്‍ഗ്രസ് ദിവസങ്ങളില്‍ ദിവസവും വൈകീട്ട് കലാപരിപാടികള്‍ അരങ്ങേറും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക